ഈത്തപ്പഴം, പാലുൽപന്നങ്ങൾ, മുട്ട എന്നിവയിൽ സ്വയംപര്യാപ്തരായി സൗദി അറേബ്യ
text_fieldsയാംബു: ഈത്തപ്പഴം, പാലുൽപന്നങ്ങൾ, കോഴിമുട്ട എന്നിവയിൽ സൗദി അറേബ്യ സ്വയംപര്യാപ്തത കൈവരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് സ്ഥിരീകരിച്ചു. ഈത്തപ്പഴം ഉൽപാദനത്തിൽ രാജ്യം 124 ശതമാനമാണ് സ്വയം പര്യാപ്തതയിലെത്തിയത്.2022ലെ രാജ്യത്തെ സസ്യോൽപന്നങ്ങളുടെ ഏറ്റവും ഉയർന്ന സ്വയംപര്യാപ്തതയുടെ കണക്കും അധികൃതർ പുറത്തുവിട്ടു. തക്കാളിയുടെ സ്വയംപര്യാപ്തതയുടെ നിരക്ക് 67 ശതമാനവും ഉള്ളിയുടേത് 44 ശതമാനവും ആണ്.പച്ചക്കറി കർഷകരെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികൾ വിജയപ്രദമായി. കർഷകർക്ക് 5.3 ശതകോടി റിയാലിന്റെ വായ്പ വിതരണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മൃഗങ്ങളുടെ ഉൽപന്നങ്ങളുടെ കാര്യത്തിൽ 118 ശതമാനം സ്വയംപര്യാപ്തതയോടെ പാലുൽപന്നങ്ങൾ ഒന്നാമതെത്തിയെന്നും 117 ശതമാനം നിരക്കിൽ മുട്ടകൾ രണ്ടാമതെത്തിയപ്പോൾ മത്സ്യത്തിന്റെ സ്വയംപര്യാപ്തത 48 ശതമാനം എത്തിയെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഈന്തപ്പനകളുടെ ജൈവകൃഷിയുടെ വിസ്തീർണം രാജ്യത്ത് കഴിഞ്ഞ വർഷം മൊത്തം വിസ്തൃതിയുടെ 20.8 ശതമാനം വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കാർഷിക കയറ്റുമതിയിൽ സൗദി 14 ശതമാനം വളർച്ച കൈവരിച്ചതും മികവാർന്ന നേട്ടമായി. രാജ്യത്ത് 2022ൽ ജൈവകാർഷിക വിളകളുടെ മൊത്തം ഉൽപാദനം 95,299 ടണ്ണിലെത്തി. ഈത്തപ്പഴം ഒഴികെ മൊത്തം ജൈവകാർഷിക ഉൽപാദനത്തിന്റെ 70.9 ശതമാനം മറ്റു പഴങ്ങളാണ്.
2022 വർഷത്തേക്ക് രാജ്യത്ത് മൊത്തം കാർഷിക ഇറക്കുമതി 29,37,600 ടൺ ആണെന്നും ധാന്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ വിഹിതമെന്നും മൊത്തം ഇറക്കുമതിയുടെ 45.2 ശതമാനം കാർഷിക കയറ്റുമതിയുടെ ആകെ തുകയെന്നും അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇത് ഏകദേശം 36,87,000 ടണ്ണിലെത്തി. 2021 വർഷത്തെ അപേക്ഷിച്ച് 14 ശതമാനം വളർച്ച കാർഷിക മേഖലയിൽ കൈവരിച്ചു. പാലുൽപന്നങ്ങൾ, മുട്ടകൾ, പ്രകൃതിദത്ത തേൻ എന്നിവയുടെ കയറ്റുമതി 2022ലെ മൊത്തം കാർഷിക കയറ്റുമതിയുടെ 20.1 ശതമാനമാണെന്ന് അതോറിറ്റി സൂചിപ്പിച്ചു. കർഷകർ, കാർഷിക പദ്ധതികൾ, മത്സ്യത്തൊഴിലാളികൾ, തേനീച്ച വളർത്തുന്നവർ എന്നിവരുടെ വിവിധ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്ത വായ്പയുടെ മൂല്യം 2022 വർഷത്തിൽ 5.3 ശതകോടി റിയാലാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.