സൗദിയിൽ ഇനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നാളുകൾ; ജനങ്ങൾക്ക് മുന്നറിയിപ്പ്
text_fieldsബുറൈദ: വരുംദിനങ്ങളിൽ സൗദി അറേബ്യ കാലാവസ്‌ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില വർധിക്കുകയും പൊടിക്കാറ്റ് ഉയരുകയും ചെയ്യുമ്പോൾ മറ്റ് ചില സ്ഥലങ്ങളിൽ മൂടൽ മഞ്ഞും മഴയുമുണ്ടാകും. മദീന, ഖസീം റിയാദ്, ദമ്മാം എന്നീ പ്രദേശങ്ങളിൽ ചൂട് വർധിക്കുമ്പോൾ ത്വാഇഫ്, അസീർ മേഖലകളിൽ മഞ്ഞിനും മഴയ്ക്കുമാണ് സാധ്യത. മഴയുള്ള പ്രദേശത്തെ ജനങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ ചെരുവിലെ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഒഴുക്കിൽ താഴ്‌വരകളിലെ തോടുകൾ മുറിച്ചുകടക്കരുതെന്നും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപ്രകാരം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടും
കുത്തൊഴുക്കിൽ താഴ്‌വരകളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് വൃത്തങ്ങൾ പറഞ്ഞു. മുന്നറിയിപ്പ് അവഗണിക്കുകയും തോടുകളുടെ ഒഴുക്കിനിടെ താഴ്‌വരകളും പാറക്കെട്ടുകളും അശ്രദ്ധമായി മുറിച്ചുകടക്കുകയും ചെയ്യുന്നവർക്ക് 5,000 മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഉദ്യോഗസ്ഥർ അറിയിച്ചു.
മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങൾക്ക് പുറമെ നജ്‌റാൻ, ജീസാൻ, അസീർ, അൽബാഹ എന്നീ പ്രദേശങ്ങളിൽ കാറ്റിനും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രതിദിന അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആലിപ്പഴ വർഷവും ഉണ്ടായേക്കും. റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെയും തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലും പൊടിക്കാറ്റിനോടൊപ്പമുള്ള മഴയ്ക്കുമാണ് സാധ്യത. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥ അത്യന്തം ചൂടായിരിക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ കോടമഞ്ഞ് പുതച്ച തെക്കൻ സൗദിയിലെ അൽബാഹയിലെ കാഴ്ചകൾ ആസ്വദിക്കാൻ ആളുകളുടെ ഒഴുക്കാണ്. എന്നാൽ ഈ യാത്രകൾക്കിടയിലും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.