ജയിലിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsദമ്മാം: ജയിലിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്വിനിലെ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനായി മരിച്ച തൃശ്ശിനാപ്പള്ളി സ്വദേശി രാജേന്ദ്രന്റെ (54) മൃതദേഹമാണ് ഹഫർ ഒ.ഐ.സി.സി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്. ജയിലിനുള്ളിൽ സംഭവിച്ച മരണമായതിനാൽ നിയമക്കുരുക്കിൽ കുടുങ്ങി മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
തുടർന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിലെ സാമൂഹികപ്രവർത്തകരാണ് ഒ.ഐ.സി.സി ഹഫർ അൽ ബാത്വിൻ കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയത്. രാജേന്ദ്രന്റെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയിൽ അപേക്ഷ കൊടുക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിനെ നിയമപരമായി ചുമതലപ്പെടുത്തുകയും ചെയ്തു. വിബിൻ മറ്റത്ത്, ജിതേഷ് തെരുവത്ത്, മുഹമ്മദ് റാഫി പരുതൂർ, രതീഷ് ചിറക്കൽ എന്നിവരാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ദമ്മാമിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.