മൃതദേഹം കുടുംബത്തിന് വേണ്ട; പത്ത് മാസത്തെ മോർച്ചറിവാസത്തിനൊടുവിൽ ഇന്ദിരക്ക് സൗദി മണ്ണിൽ അന്ത്യവിശ്രമം
text_fieldsദമ്മാം: കുടുംബത്തിന് വേണ്ടാത്തതിനാൽ തമിഴ്നാട്ടുകാരി ഇന്ദിര ദണ്ഡപാണിയുടെ മൃതദേഹം സൗദി അറേബ്യയിലെ മോർച്ചറിയിൽ അനാഥപ്രേതമായി കഴിഞ്ഞത് പത്ത് മാസം. നീണ്ട പതിനെട്ട് വർഷം പ്രവാസിയായി ജീവിച്ച് കുടുംബത്തിന് അത്താണിയായിരുന്ന ഒരു ഇന്ത്യക്കാരിക്കാണ് സമാനതകളില്ലാത്ത നിർഭാഗ്യം. ജീവിത നൈരാശ്യം മൂലം ദമ്മാമിലെ അൽ അഹ്സയിൽ ആത്മഹത്യ ചെയ്ത ഇന്ദിരയുടെ മൃതദേഹം നാട്ടിലേക്ക് വേണ്ടെന്നും അതിന് ചെലവാകുന്ന തുക തെൻറ പേരിലയക്കാനുമായിരുന്നു ക്രൂരനായ ഭർത്താവ് ആവശ്യപ്പെട്ടത്.
രേഖകൾ ശരിയാക്കി അയക്കാൻ ഭർത്താവിന് സ്പോൺസർ പണമയച്ചുകൊടുത്തു. എന്നിട്ടും കാര്യമുണ്ടായില്ല. ഒടുവിൽ നവയുഗം ജീവകാരുണ്യപ്രവർത്തകർ മുൻകൈയെടുത്ത് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ സംസ്കരിച്ചു. രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമുണ്ട് തമിഴ്നാട് മോട്ടൂർ സ്വദേശിനിയായ ഇന്ദിരക്ക്. മദ്യപാനിയും കുടുംബത്തെ നോക്കാത്തവനുമായ ഭർത്താവ് കാരണമുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പെഴുതി വെച്ചാണ് പത്ത് മാസം മുമ്പ് അൽ അഹ്സയിലെ ജോലി ചെയ്ത വീട്ടിൽ ഇവർ തൂങ്ങി മരിച്ചത്.
തുടർന്ന് സ്പോൺസർ ഇന്ദിരയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാൻ ആവശ്യമായ രേഖകളും സമ്മത പത്രവും അയച്ചു തരാൻ ആവശ്യപ്പെട്ടു. ആദ്യം ഒഴിവുകഴിവുകൾ പറഞ്ഞൊഴിഞ്ഞ അയാൾ രേഖകൾ അയക്കണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. ഒടുവിൽ സ്പോൺസർ പണം അയച്ചുകൊടുത്തു. എന്നിട്ടും രേഖകൾ എത്തിച്ചില്ല.
നാല് മാസം മുമ്പ് നവയുഗം ജീവകാരുണ്യ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ട് ഇന്ദിരയുടെ ഭർത്താവുമായി ബന്ധപ്പെട്ടു. ഭാര്യയുെട മൃതദേഹം ഇങ്ങോട്ട് അയക്കേണ്ടെന്നും അതിന് ചെലവാകുന്ന തുക തനിക്ക് അയക്കാനുമായിരുന്നു ഭർത്താവിെൻറ മറുപടി. തുടർന്ന് നവയുഗം പ്രവർത്തകർ തമിഴ്നാട്ടിലെ സുഹൃത്തുക്കൾ വഴി ഇന്ദിരയുടെ മക്കളെ തേടിപ്പിടിച്ച് അവരുടെ അനുമതിപത്രം സംഘടിപ്പിച്ചു. മൂന്ന് മക്കളും മുന്നിടങ്ങളിലാണ് കഴിയുന്നത്. അനുമതിപത്രം എംബസി വഴി എത്തിച്ച് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽ അഹ്സയിൽ സംസ്കരിച്ചു. നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം പ്രവർത്തകരായ ഹൂസൈൻ കുന്നിക്കോട്, അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി, സാമൂഹികപ്രവർത്തകൻ മണി മാർത്താണ്ഡൻ എന്നിവരുടെ നിരന്തര പരിശ്രമമാണ് ഇന്ദിരയുടെ അനിശ്ചിതമായ മോർച്ചറിവാസത്തിന് അറുതിയുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.