ഒമ്പതുമാസത്തെ ആശുപത്രി ചികിത്സക്കുശേഷം മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
text_fieldsമക്ക: മസ്തിഷ്കാഘാതത്തെത്തുടർന്ന് ഒമ്പതുമാസമായി മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മയ്യിത്ത് ഖബറടക്കി. സീതാപൂർ ജില്ലയിലെ ഗാന്ധി നഗർ സ്വദേശികളായ പരേതനായ മുഹമ്മദ് ഷാഫിയുടെയും നസീമുദ്ദീനിെൻറയും മകനായ അഫ്സർ അലിയുടെ (41) മയ്യിത്താണ് മക്കയിൽ ഖബറടക്കിയത്.
വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോകാൻ മലയാളിയായ സുഹൃത്ത് അബ്ദുൽ ലത്തീഫ് സന്നദ്ധ പ്രവർത്തകർ മുഖേന പലതവണ ശ്രമം നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു. അതിനിടെ, ആരോഗ്യാവസ്ഥ മോശമാവുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു. നിർധന കുടുംബത്തിലെ അംഗമായിരുന്ന ഇദ്ദേഹം അവിവാഹിതനായിരുന്നു. 10 വർഷത്തിലധികമായി ഇദ്ദേഹം ഖുൻഫുദയിൽ ടെയ്ലറായി ജോലിചെയ്തുവരുകയായിരുന്നു. ഒന്നരവർഷം മുമ്പാണ് അവധിക്കു നാട്ടിൽപോയി മടങ്ങിയെത്തിയത്.
മാതാവും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിെൻറ ആശ്രയമായിരുന്നു അഫ്സർ അലി. ബാധ്യതകൾ തീർക്കുന്നതോടൊപ്പം അടുത്ത തവണ അവധിക്കുപോയി വിവാഹം കഴിക്കണമെന്ന ആഗ്രഹവും സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. അതിനിടെയാണ് അസുഖബാധിതനായി ഒമ്പതുമാസത്തോളം കിടപ്പിലായതും മരണത്തിനു കീഴടങ്ങിയതും. കുടുംബവുമായും കോൺസുലേറ്റുമായും ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കു ശേഷം മയ്യിത്ത് മക്കയിലെ ഷറായ മഖ്ബറയിൽ ഖബറടക്കി. മരണാനന്തര നടപടിക്രമങ്ങൾക്കായി മക്ക ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡൻറ് മുഹമ്മദ് നിജ ചിറയിൻകീഴ്, വെൽഫയർ വളൻറിയർമാരായ അബ്ദുസ്സലാം മിർസ, ജാഫർ പെരിങ്ങാവ്, അഫ്സൽ, അൻസാർ, റാഫി വേങ്ങര, ഹസൈനാർ മാരായമംഗലം (ജിദ്ദ) എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.