പുണ്യഭൂമിയിൽ ഖബറടങ്ങാൻ മോഹിച്ച ആയിഷുമ്മക്ക് സഫലമീയാത്ര
text_fieldsദമ്മാം: പുണ്യഭൂമിയിൽ ഖബറടങ്ങാൻ മോഹിച്ച ആയിഷുമ്മക്ക് സഫലമായി ഈ അന്ത്യയാത്ര. വെള്ളിയാഴ്ച താഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ച കാസർകോട് സ്വദേശിനി ആയിഷ കുഞ്ഞാലിയുടെ (67) വലിയ ആഗ്രഹമായിരുന്നു ഉംറക്ക് വരണമെന്നും ഉംറക്കുശേഷം വിശുദ്ധ നാട്ടിൽവെച്ച് മരിക്കണമെന്നും ഇൗ മണ്ണിൽ അലിഞ്ഞുചേരണമെന്നും.
ഒരാഴ്ച മുമ്പ് നാട്ടിൽ നിന്ന് ഉംറ ഗ്രൂപ്പിൽ മക്കയിൽ എത്തിയ ആയിഷുമ്മ കർമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയതായിരുന്നു താഇഫിൽ. താഇഫ് അബ്ബാസ് മസ്ജിദിന്റെ അടുത്ത് ബസിറങ്ങി മസ്ജിദിലേക്ക് നടന്ന ആയിഷുമ്മക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയും അവശതയിലാവുകയുമായിരുന്നു.
തുടർന്ന് റെഡ് ക്രെസൻറ് ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നൽകി കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ അന്ത്യം സംഭവിച്ചു.
മരണവിവരം ആയിഷയുടെ മകൻ സിദ്ദീഖിനെ താഇഫ് ബ്രദേഴ്സ് പ്രസിഡൻറും കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ പന്തളം ഷാജി വിളിച്ച് അറിയിച്ചപ്പോൾ, തന്നെ സൗദിയിൽ വെച്ച് മരണമടഞ്ഞാൽ അവിടെത്തന്നെ അടക്കംചെയ്യണമെന്ന് പറഞ്ഞേൽപിച്ചിട്ടായിരുന്നു മാതാവ് യാത്ര പുറപ്പെട്ടതെന്ന് മകൻ അറിയിച്ചു.
തുടർന്ന് ബന്ധുമിത്രാദികൾ ഒന്നും കൂടെയില്ലാതിരുന്ന ആയിഷുമ്മയുടെ ഭൗതികശരീരം അവരുടെ ആഗ്രഹംപോലെ സൗദിയിൽതന്നെ അന്ത്യകർമങ്ങൾ പൂർത്തിയാക്കി മറവുചെയ്യാൻ കുടുംബം പന്തളം ഷാജിയെ ചുമതലപ്പെടുത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി അസർ നമസ്കാരത്തോടെ താഇഫ് അബ്ബാസ് മസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കി. മുഹമ്മദ് സാലിഹ് (കെ.എം.സി.സി), ഇഖ്ബാൽ പുലാമന്തോൾ (നവോദയ), തൽഹത്ത് (ഐ.സി.എഫ്), മുസ്തഫ കോട്ടക്കൽ (അർ.എസ്.സി), അൻവർ കൊല്ലം തുടങ്ങി നിരവധിയാളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.