ദമ്മാമിൽ ദമ്പതികളുടെ മരണം; അഞ്ചുവയസ്സുകാരി ആരാധ്യയെ അടുത്തയാഴ്ച നാട്ടിലെത്തിക്കും
text_fieldsദമ്മാം: അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് തനിച്ചായ കൊല്ലം തൃക്കരിവ കാഞ്ഞാവെളി മംഗലത്ത് വീട്ടിൽ ആരാധ്യ അനൂപിനെ അടുത്തയാഴ്ച നാട്ടിൽ ബന്ധുക്കളുടെ പക്കലെത്തിക്കുമെന്ന് നിലവിലെ കുട്ടിയെ സംരക്ഷിക്കുന്ന ലോകകേരള സഭാംഗം നാസ് വക്കം അറിയിച്ചു.
താൻ തനിച്ചായെന്ന് പൂർണമായും മനസ്സിലായിട്ടില്ലാത്ത ഈ അഞ്ചുവയസ്സുകാരി തന്നെ കാണാൻ വരുന്നവരോടെല്ലാം വിശേഷങ്ങൾ പങ്കുവെക്കുന്ന കാഴ്ച ഇവിടുത്തെ പ്രവാസികളുടെ വേദനയാവുകയാണ്.
നാട്ടിൽനിന്ന് ഫോണിൽ വിളിക്കുന്ന ബന്ധുക്കളോടെല്ലാം കുട്ടി സംസാരിക്കുന്നുണ്ട്. ആരാധ്യ നൽകിയ വിവരങ്ങളാണ് അനൂപ് മോഹന്റെയും ഭാര്യ രമ്യമോൾ വസന്തകുമാരിയുടെയും മരണത്തെക്കുറിച്ച് പൊലീസിന്റെ പക്കലുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വിവരങ്ങൾക്ക് കൃത്യത ഉണ്ടാവുകയുള്ളൂ.
വ്യാഴാഴ്ച രേഖകൾ ശരിയായെങ്കിലും ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽനിന്ന് സ്ഥലപരിമിതി കാരണം മൃതദേഹങ്ങൾ ഖത്വീഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതിനാൽ പോസ്റ്റുമോർട്ടം നടത്താനായിട്ടില്ല. വരും ദിവസങ്ങളിലേ ഇനി പോസ്റ്റുമോർട്ടം നടക്കുകയുള്ളൂ.
12 വർഷത്തിലധികമായി തുഖ്ബയിൽ വർക്ക്ഷോപ് നടത്തുന്ന അനൂപ് മാസങ്ങൾക്ക് മുമ്പാണ് കുടുംബത്തെ സന്ദർശന വിസയിൽ കൊണ്ടുവന്നത്. ഇവർക്കിടയിൽ ഉണ്ടായ കുടുംബവഴക്കായിരിക്കാം ഇരുവരുടെയും മരണത്തിൽ കലാശിച്ചതെന്നാണ് ബന്ധുക്കൾ കരുതുന്നത്.
പൊലീസ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സാമൂഹികപ്രവർത്തകൻ നാസ് വക്കവും സുഹൃത്തുക്കളും ഏറെ ശ്രമം നടത്തിയാണ് നാട്ടിലുള്ള ഇവരുടെ കുടുംബങ്ങളെ ബന്ധപ്പെടാനായത്. ഗൂഗ്ളിൽ തിരഞ്ഞപ്പോൾ ലഭിച്ച തൃക്കരിവ ക്ഷേത്രം ആരാധ്യ തിരിച്ചറിഞ്ഞതിനെത്തുടർന്ന് പരിസരവാസിയെ കണ്ടെത്തുകയും അദ്ദേഹത്തിന് അനൂപിന്റെ ചിത്രം അയച്ചുകൊടുത്ത് കുടുംബത്തെ തിരിച്ചറിയുകയുമായിരുന്നു.
അനൂപിന്റെയും രമ്യമോളുടെയും കുടുംബങ്ങൾക്ക് ഈ വാർത്ത അവിശ്വസനീയമായിരുന്നു. സന്തോഷമായിക്കഴിഞ്ഞിരുന്ന ഇവർക്കിടയിൽ എന്തിന്റെ പേരിലായിരിക്കും തർക്കമുണ്ടായതെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കൾ.
അടുത്ത ദിവസം ആരാധ്യയെ പൊലീസിൽ ഹാജരാക്കുകയും ശേഷം പൊലീസ് നിർദേശാനുസരണം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ബന്ധുക്കളുടെ പക്കൽ ഈ കുട്ടിയെ ഏൽപിക്കുകയുമാണ് തന്റെ ദൗത്യമെന്ന് നാസ് വിശദീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നും നാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.