കഴിഞ്ഞ വര്‍ഷം സൗദിയില്‍ മരിച്ചത് 2767 ഇന്ത്യാക്കാര്‍
text_fieldsറിയാദ്: കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 2767. റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും 2016ല്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. റിയാദ്, അല്‍ഖസീം, ഹാഇല്‍, അല്‍ജൗഫ്, അറാര്‍, കിഴക്കന്‍ (ദമ്മാം) എന്നീ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന എംബസിയുടെ ഭൂപരിധിയില്‍ ആകെ മരിച്ചവരുടെ എണ്ണം 1634.
മക്ക, മദീന, തബൂക്ക്, അല്‍ബാഹ, ജീസാന്‍, അസീര്‍, നജ്റാന്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കോണ്‍സുലേറ്റ് പരിധിയിലെ മരണ സംഖ്യ 1133 ഉം. സൗദിയില്‍ ആകെയുള്ള ഇന്ത്യാക്കാരുടെ എണ്ണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ കണക്ക് പ്രകാരം 3,053,567 ആണ്. ഒരോ വര്‍ഷവും രണ്ടായിരത്തിലേറെ ആളുകള്‍ മരിക്കുന്നു. ഇത്തവണ അത് 2767. സ്വാഭാവിക കാരണങ്ങളാലുള്ള മരണമാണ് കൂടുതലെങ്കിലും ആത്മഹത്യ നിരക്കിലും വര്‍ധനയുണ്ട്.
എംബസി പരിധിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം 78 ആണ്. ഇതില്‍ 22ഉം മലയാളികളാണ്. സ്വാഭാവിക മരണം 1029. ഇതില്‍ 225 പേര്‍ മലയാളികള്‍. സ്വാഭാവിക കാരണങ്ങളില്‍ ഏറെയും ഹൃദയാഘാതം എന്നാണ് സൂചന. വാഹനാപകടത്തില്‍ മരിച്ചത് 390 പേര്‍. മലയാളികള്‍ 67. ജോലിസ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ മരിച്ചത് 78 പേര്‍. മലയാളികള്‍ 13. കൊല്ലപ്പെട്ടത് 12 ആളുകള്‍. ഇതില്‍ നാലുപേര്‍ മലയാളികള്‍. സ്പോണ്‍സറുടെ അടുത്തുനിന്നും ഒളിച്ചോടിയും മറ്റും അനധികൃതമായി കഴിയുന്നതിനിടെ വിവിധ അപകടങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെട്ടത് 47 ആളുകള്‍ക്ക്. അസ്വാഭാവിക മരണമെന്ന ഗണത്തിലാണ് ഇത് രേഖയിലുള്ളത്. ഇതില്‍ ആറ് പേരാണ് മലയാളികള്‍.
പൊതുവേ പ്രവാസികളില്‍ ആത്മഹത്യ നിരക്ക് ഏതാനും വര്‍ഷങ്ങളായി വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. തൊഴില്‍ പരമായ അരക്ഷിതാവസ്ഥയും അത് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങളും പല കാരണങ്ങളില്‍ പെടും. എന്നാല്‍ തനിക്ക് അറിയാന്‍ കഴിഞ്ഞ മിക്ക സംഭവങ്ങളും വ്യക്തിപരമായ കാരണങ്ങളാല്‍ എടുത്തുചാടി ജീവനൊടുക്കിയ കേസുകളാണെന്നും ആരെങ്കിലും ഒന്ന് സാന്ത്വനപ്പെടുത്താനുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നതാണെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നോര്‍ക സൗദി കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാട് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വ്യക്തി ദുഃഖങ്ങളില്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയാണ് പുതിയ കാലത്തുള്ളത്. സ്മാര്‍ട്ട് ഫോണിന്‍െറയും ഇന്‍റര്‍നെറ്റിന്‍െറയും അതിപ്രസരം മൂലം എല്ലാവരും അവനവനിലേക്ക് ചുരുങ്ങിപ്പോവുകയും പ്രവാസ മുറികളില്‍ പണ്ടുണ്ടായിരുന്ന ഇഴുകിച്ചേരലിന്‍െറയും പങ്കുവെക്കലിന്‍െറയും ഊഷ്മളമായ സൗഹൃദാന്തരീക്ഷം നഷ്ടമാവുകയും ചെയ്യുന്നു. ഇത് മൂലം ഒരേ മുറിയില്‍ കഴിയുന്നവരായിട്ടും അപരന്‍െറ വ്യക്തിവിശേഷങ്ങള്‍ അറിയാതെ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസത്തിന്‍െറ ദൈനംദിന ജീവിത ശീലങ്ങളിലെ അനാരോഗ്യ ഘടകങ്ങളാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.