സൗദിയിലെ സ്വകാര്യ സ്കൂളുകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ തീരുമാനം
text_fieldsജിദ്ദ: സൗദിയിലെ സ്വകാര്യ ഇൻറർനാഷനൽ സ്ക്കൂളുകളിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാൻ മാനവവിഭവശേഷി സാമൂഹിക മന്ത്രാലയം നടപടി തുടങ്ങി. ഇതു സംബന്ധിച്ച തീരുമാനം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹി പുറപ്പെടുവിച്ചു.
സ്വകാര്യ ബോയ്സ്, ഗേൾസ് സ്ക്കൂളുകളിലെ ജോലികൾ തീരുമാനത്തിലുൾപ്പെടും. വിഷയങ്ങൾക്ക് അനുസരിച്ച് ഘട്ടങ്ങളായി മൂന്നു വർഷത്തിനുള്ളിൽ നിശ്ചിത അനുപാതം ജോലികൾ സ്വദേശിവത്കരിക്കാനാണ് പദ്ധതി. മാത്തമാറ്റിക്സ്, ഫിസിക്സ്, ബയോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയുൾപ്പെടെ എല്ലാ വിഷയങ്ങളിലും സ്വകാര്യവത്കരണ നിരക്ക് ഉയർത്തുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ അറബിഭാഷ, ഇസ്ലാമിക് പഠനം, സാമൂഹ്യ ശാസ്ത്രം, ആർട്ട് ആൻറ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ആദ്യഘട്ടമെന്ന നിലയിൽ ഇൻറർനാഷനൽ സ്ക്കൂളുകളിൽ സ്വദേശിവത്കര അനുപാതം വർധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ സ്വകാര്യ ബോയ്സ്, ഗേൾസ് സ്കൂളുകളിൽ 28,000 ജോലികൾ ലഭ്യമാക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാൻ മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. തീരുമാനത്തിന്റെ വിശദാംശങ്ങളും ലക്ഷ്യമിടുന്ന ശതമാനവും നടപടിക്രമങ്ങൾക്കായുള്ള ഗൈഡിൽ കണ്ടെത്താനാകും. ഇതിനായി https://hrsd.gov.sa/sites/default/files/24092021.pdf എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതിയെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.