ടി.എ. ജാഫറിന്റെ നിര്യാണത്തിൽ ഡിഫ അനുശോചിച്ചു
text_fieldsദമ്മാം: കളിക്കാരനായും കോച്ചായും സന്തോഷ് ട്രോഫിയിൽ മുത്തമിട്ട പോയകാലത്തിന്റെ സൂപ്പർ ഫുട്ബാൾ താരം ടി.എ. ജാഫറിന്റെ നിര്യാണത്തിൽ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) അനുശോചിച്ചു. കേരളത്തിലെ ടൂർണമെൻറുകളിൽ മിന്നുന്ന പ്രകടനം നടത്തി കളിയാരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ടി.എ. ജാഫറെന്ന് ഡിഫയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 1973ൽ കേരള ടീം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ ടി.കെ.എസ്. മണി നയിച്ച ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ടി.എ. ജാഫർ.
1992, 93 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്നു. 1973 ഡിസംബർ 27നാണ് കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ റെയിൽവേസിനെ തോൽപിച്ച് കേരളം ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കിയത്. ആ നേട്ടത്തിന്റെ 50-ാം വാർഷികാഘോഷങ്ങൾ നടന്നുവരുന്നതിനിടെയാണ് ജാഫർ ലോകത്തോട് വിടപറഞ്ഞത്. 1988ലാണ് കേരള സ്പോർട്സ് കൗൺസിലിൽ പരിശീലകനായി ചേർന്നത്. ഐ.എം. വിജയനും ജോ പോൾ അഞ്ചേരിയും പാപ്പച്ചനും ഇഗ്നേഷ്യസുമൊക്കെ കളിച്ച ’90കളുടെ തുടക്കത്തിൽ പരിശീലകനായിറങ്ങി കേരളത്തെ സന്തോഷ് ട്രോഫിയിൽ ചാമ്പ്യന്മാരാക്കി ചരിത്രമെഴുതിയ ടി.എ. ജാഫർ ഫുട്ബാൾ ആരാധകരുടെ മനസ്സിൽ എന്നും അനശ്വരമായി നിലനിൽക്കുമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.