'സംഘ്പരിവാർ ഫാഷിസത്തിനെതിരെ മുഖ്യധാരാ പാർട്ടികൾ പരാജയം'
text_fieldsദമ്മാം: സംഘ്പരിവാർ ഫാഷിസത്തിനെതിരെ ക്രിയാത്മകമായി ഇടപെടുന്നതിൽ മുഖ്യധാരാ പാർട്ടികൾ പൂർണ പരാജയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ പ്രസിഡൻറ് അഷറഫ് മൊറയൂർ പറഞ്ഞു. ഫോറം കിഴക്കൻ പ്രവിശ്യയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക്, ബ്രാഞ്ച് ഭാരവാഹികൾക്കുള്ള നേതൃസംഗമത്തിൽ 'ഫാഷിസ്റ്റ് ഇന്ത്യയിൽ എസ്.ഡി.പി.ഐയുടെ പ്രാധാന്യം' വിഷയത്തിൽ സംസാരിക്കുകയായിരുന്നു. ഫാഷിസത്തിനെതിരെ പ്രവർത്തിക്കാൻ തങ്ങൾ മാത്രമേയുള്ളൂ എന്ന് പറഞ്ഞുനടക്കുന്ന സി.പി.എം കപട മതേതരത്വത്തിെൻറ അംബാസഡർമാരായി പ്രവർത്തിക്കുകയാണ്. പശ്ചിമബംഗാളിൽ മമതാ ബാനർജിക്കെതിരെ കോൺഗ്രസുമായി കൂട്ടുകൂടി ബി.ജെ.പിയെ വളർത്തി തൃണമൂൽ കോൺഗ്രസിനെ തളർത്താൻ ശ്രമിക്കുകയാണ് സി.പി.എം. ഇടത് എം.എൽ.എ ആയിക്കൊണ്ടുതന്നെ ബി.ജെ.പി എം.പിയായി മത്സരിച്ച് ഡബിൾ ഗെയിം ആടിക്കൊണ്ടിരിക്കുകയാണ് സി.പി.എം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് ബദലായി വളരാൻ കോൺഗ്രസിന് കഴിയുന്നില്ല. ഓരോദിവസം കഴിയുംതോറും കോൺഗ്രസിെൻറ എം.പിമാരും എം.എൽ.എമാരും ബി.ജെ.പി പാളയത്തിൽ എത്തുന്ന കാഴ്ചയാണ്. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി ഫാഷിസത്തിനെതിരെ ഇരകളുടെ കൂട്ടായി പ്രവർത്തിച്ചാലേ വിജയിക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമപ്പെടുത്തി. 'ഫലപ്രദമായ നേതൃത്വം' വിഷയത്തിൽ ഹക്കീം അബ്ദുല്ല സംസാരിച്ചു. ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ നാസർ ഒടുങ്ങാട് ക്യാമ്പ് ഉദഘാടനം ചെയ്തു. ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡൻറ് പി.കെ. മൻസൂർ എടക്കാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നസറുദ്ദീൻ ചൗധരി, മുബാറക് ഫറോക്, അബ്ദുൽസലാം മാസ്റ്റർ, മൂസക്കുട്ടി കുന്നേക്കാടൻ, അബ്ദുറഹീം വടകര, വി.എം. നാസർ പട്ടാമ്പി എന്നിവർ സംസാരിച്ചു. സുബൈർ നാറാത്ത്, അലി മാങ്ങാട്ടൂർ, നിഷാദ് വയനാട്, ഷറഫുദ്ദീൻ എടശ്ശേരി എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.