മരിച്ചിട്ടും എന്തിനീ ക്രൂരത? അസീറിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലയക്കാൻ കാലതാമസം
text_fieldsഖമീസ് മുശൈത്ത്: അസീർ പ്രവിശ്യയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം യഥാസമയം നാട്ടിൽ എത്തിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ആക്ഷേപം. ഭാരിച്ച പണച്ചെലവും ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റിയിൽ പ്രദേശത്ത് നിന്നുള്ളവരുടെ പ്രാതിനിധ്യ കുറവുമാണ് ഇതിന് കാരണമാകുന്നത്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് 15,000 റിയാലോളം ചെലവ് വരും. ഇത് തൊഴിലുടമ (സ്പോൺസർ) വഹിക്കാതെ വരുേമ്പാഴാണ് പ്രതിസന്ധിയുണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പ്രവാസി സംഘടനകൾ ഇടപെടുകയാണ് ചെയ്യുന്നത്. പക്ഷേ ഇത്രയും തുക കണ്ടെത്തി നാട്ടിൽ അയക്കുക ശ്രമകരമാണെന്ന് അസീർ പ്രവിശ്യയിലെ മലയാളി സംഘടനകൾ അഭിപ്രായപ്പെടുന്നു.
കോൺസുലേറ്റിന് കീഴിൽ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമ, നിയമസഹായ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റിയിൽ അസീർ പ്രവിശ്യയിൽ നിന്ന് വേണ്ടത്ര അംഗങ്ങളില്ലാത്തതാണ് മറ്റൊരു വെല്ലുവിളി. സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടി 'ഹുറൂബ്' കേസിൽപെട്ടവരുടെയും കമ്പനികളിൽ തൊഴിൽ പ്രശ്നങ്ങളിൽപ്പെട്ടവരുടെയും സഹായത്തിന് പോകുമ്പോഴാണ് കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളില്ലാത്തതിെൻറ കുറവ് വലിയ പ്രതിസന്ധിയായി മാറുന്നതെന്ന് പ്രവാസി സംഘടനാഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
അബ്ഹയിൽ നിന്ന് ഈ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന രണ്ടുപേരുടെ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കി നൽകിയിട്ടില്ല. സാമൂഹിക, ജീവകാരുണ്യരംഗത്ത് വളരെ സജീവമാണ് ഈ രണ്ടുപേരും. കാലാവധി കഴിഞ്ഞവരുടെ അംഗത്വം പുതുക്കാത്തത് മാത്രമല്ല, പുതുതായി ആളുകളെ അതിലേക്ക് തെരഞ്ഞെടുക്കുന്നതുമില്ല. വൻതോതിൽ ഇന്ത്യൻ പ്രവാസികൾ തൊഴിലെടുക്കുന്ന അസീർ പ്രവിശ്യയോട് ഇന്ത്യൻ മിഷൻ തുടരുന്ന അവഗണനയിൽ സാമൂഹികപ്രവർത്തകർ അസ്വസ്ഥരാണ്.
അടുത്തിടെ ഇവിടെ പണി നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിെൻറ കുഴിയിൽ വീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഏെറ്റടുക്കാൻ ആരുമില്ലെന്ന് പറഞ്ഞ് നോർക്കയ്ക്ക് പരാതി പോയതും പ്രമുഖ പ്രവാസിമലയാളി ഏറ്റെടുത്ത് നാട്ടിലയച്ചതും വലിയ വാർത്തയായിരുന്നു. ജോലിക്കിടയിലെ ഒഴിവ് സമയം കണ്ടെത്തി സാമൂഹികപ്രവർത്തനം നടത്തുന്ന നിരവധി സംഘടനകളുള്ള അബ്ഹയിൽ ഈ വാർത്ത വലിയ ചർച്ചയായിരുന്നു.
ഈ മരണ വിവരം കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇവിടത്തെ ചില സാമൂഹിക പ്രവർത്തകരെ അറിയിച്ചിരുന്നു. ഒളിച്ചോട്ടക്കാരൻ (ഹുറൂബ്) ആയി റിപ്പോർട്ട് ചെയ്യപ്പെട്ടതായതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് സ്പോൺസർ തയാറായിരുന്നില്ല. തുടർന്ന് ഒരു പ്രവാസി സംഘടന മുന്നോട്ട് വന്നെങ്കിലും ഭാരിച്ച പണച്ചെലവ് കടമ്പയായി. പണം കണ്ടെത്താൻ വഴികൾ ആരായുന്നത്തിനിടയിലാണ് വിഷയം നോർക്കയിലെത്തുന്നത്.
ഇത്തരം കേസുകളിൽ കോൺസുലേറ്റ് സാമ്പത്തിക സഹായം ചെയ്യുമെങ്കിലും കാലതാമസം നേരിടുന്നതായി പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ വരുന്ന ചെലവ് ഇതിന് മുന്നിട്ടിറങ്ങുന്നവർ കണ്ടെത്തി നൽകിയതിന് ശേഷം കോൺസുലേറ്റിനെ സമീപിക്കണമെന്ന നിലവിലെ സ്ഥിതി ഇത്തരം കേസുകൾ ഏറ്റടുക്കുന്നതിൽനിന്ന് സാമൂഹിക പ്രവർത്തകരെയും സംഘടനകളെയും പിന്നോട്ട് വലിക്കുകയാണ്.
കൂടുതൽ സംഘടനാ പ്രതിനിധികൾക്ക് കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ കമ്മിറ്റി മെമ്പർഷിപ്പ് നൽകുകയും അവരെ കൂട്ടിയോജിപ്പിച്ച് ഇത്തരം കേസുകൾ എൽപിക്കുകയും സ്പോൺസർ വഹിക്കാത്ത ചെലവ് കോൺസുലേറ്റ് വേഗത്തിൽ നൽകുകയും ചെയ്താൽ ഇതിന് പരിഹാരം കാണാം എന്നാണ് സാമൂഹികപ്രവർത്തകരും സംഘടനകളും മുന്നോട്ട് വെക്കുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.