റിയാദിൽനിന്ന് പുറപ്പെട്ട കിടപ്പുരോഗി ഡൽഹിയിൽ കുടുങ്ങി
text_fieldsറിയാദ്: കെട്ടിടത്തിൽനിന്ന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ശയ്യാവലംബിയായി ഇന്ത്യയിലേക്ക് പുറപ്പെട്ട രോഗി ഡൽഹിയിൽ കുടുങ്ങി. നാലുവർഷമായി റിയാദിൽ നിർമാണ തൊഴിലാളിയായി ജോലിചെയ്തിരുന്ന കശ്മീർ സ്വദേശി സർഫറാസ് ഹുസൈനെയാണ് ദുർവിധി വിടാതെ പിന്തുടരുന്നത്.
വിവാദ പൗരത്വ നിയമ ഭേദഗതി പാസാക്കിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത ബഹുജന പ്രക്ഷോഭത്തെ തുടർന്ന് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതുമൂലം കശ്മീരിൽനിന്ന് ബന്ധുക്കൾക്ക് ഡൽഹി വിമാനത്താവളത്തിൽ എത്താൻ കഴിയാതെപോയതിനാലാണ് ഇയാൾക്ക് ഈ ദുരവസ്ഥയുണ്ടായത്. കശ്മീരിൽ നിന്ന് ബന്ധുക്കളെത്തി ഡൽഹി വിമാനത്താവളത്തിൽനിന്ന് ഏറ്റെടുക്കാനായിരുന്നു തീരുമാനം. കശ്മീരിൽനിന്ന് ബന്ധുക്കൾ പുറപ്പെെട്ടങ്കിലും ഡൽഹിയിൽ എത്താൻ കഴിഞ്ഞിട്ടില്ല.
രണ്ടര മാസം മുമ്പ് ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണായിരുന്നു അപകടം. കാലിനും നെട്ടല്ലിനുമെല്ലാം ഗുരുതര പരിക്കേറ്റ് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ രണ്ടര മാസം ചികിത്സയിലായിരുന്നു. റിയാദിന് സമീപം താദിഖിൽ തൊഴിലാളിയായ അമ്മാവൻ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ആശുപത്രിയിലെ ബിൽ ലക്ഷങ്ങൾ കടക്കുകയും ഇന്ത്യയിലെത്തിച്ച് വിദഗ്ധ ചികിത്സ നടത്തേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തതോടെ നാട്ടിൽ കൊണ്ടുപോകാൻ സഹായം തേടി അമ്മാവൻ എയർ ഇന്ത്യയുടെ റിയാദ് ഒാഫിസിനെ സമീപിച്ചു.
അവർ വഴി കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ സഹായിക്കാൻ മുന്നോട്ടുവരുകയായിരുന്നു. ചെയർമാൻ സിദ്ദീഖ് തുവ്വൂർ ആശുപത്രിയിലെത്തി സന്ദർശിച്ചപ്പോഴാണ് ചികിത്സയിൽ കഴിയുന്ന സർഫറാസിെൻറ യഥാർഥ അവസ്ഥ മനസ്സിലാകുന്നത്. തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഇന്ത്യൻ എംബസി സിദ്ദീഖിെന ചുമതലപ്പെടുത്തി. വിമാനത്തിൽ സ്ട്രെച്ചർ സൗകര്യമൊരുക്കി കൊണ്ടുപോകുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കാൻ എംബസി തയാറാവുകയും ചെയ്തു. ജോലിക്കിടയിലുണ്ടായ അപകടമായതിനാൽ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ (ഗോസി) ഇടപെടലിൽ പൂർണമായും സൗജന്യ ചികിത്സയും നഷ്ടപരിഹാരവും കിട്ടുമായിരുന്നു.
എന്നാൽ അപകടം യഥാസമയം ഗോസിയിൽ രജിസ്റ്റർ ചെയ്യാഞ്ഞത് തിരിച്ചടിയായി. സ്പോൺസറുടെ അശ്രദ്ധയാണ് ഇതിന് കാരണമായത്. ഒടുവിൽ കെ.എം.സി.സിയുടെ ഇടപെടലിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയായി. വ്യാഴാഴ്ച റിയാദിൽനിന്ന് പുറപ്പെട്ട എയർഇന്ത്യ വിമാനത്തിലാണ് സ്ട്രെച്ചർ സൗകര്യത്തിൽ കൊണ്ടുപോയത്. സർഫറാസ് ഡൽഹിയിലെത്തി എന്നതല്ലാതെ മറ്റൊരു വിവരവും അറിയാനായിട്ടില്ലെന്നും അതുമൂലം ആശങ്കയിലാണെന്നും സിദ്ദീഖ് തുവ്വൂർ പറഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ സയ്യിദ്, ഷറഫ്, ഡോ. സാമിർ പോളിക്ലിനിക് എം.ഡി സി.പി മുസ്തഫ, ആംബുലൻസ് ഡ്രൈവർ രതീഷ്, എയർഇന്ത്യ ഉദ്യോഗസ്ഥരായ മനോജ്, കരീം, സിറാജ്, മാരിയപ്പൻ എന്നിവരും സർഫറാസിനെ നാട്ടിലയക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.