ജിദ്ദയിൽ ഡൽഹി ജാമിഅ ഹംദർദ് യൂനിവേഴ്‌സിറ്റി ഓഫ് കാമ്പസ് വരുമോ?; വി.സിയുടേത് അനുകൂല പ്രതികരണമെന്ന് ഹാരിസ് ബീരാൻ എം.പി
text_fieldsജിദ്ദ: സൗദിയിലെ ഇന്ത്യൻ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ് പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനായി സൗദിയിൽ ഇന്ത്യൻ യൂനിവേഴ്‌സിറ്റിയുടെ ഓഫ് കാമ്പസ് വരണമെന്നത്. ഈ ആവശ്യവുമായി പ്രവാസി സംഘടനകൾ വിവിധ നേതാക്കൾക്കും മറ്റും നിവേദനവും പലപ്പോഴായി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഒരാഴ്ച മുമ്പ് അഡ്വ. ഹാരിസ് ബീരാൻ എം.പി ജിദ്ദയിൽ ഹ്രസ്വസന്ദർശനം നടത്തുന്നത്. സന്ദർശനത്തിനിടയിൽ അദ്ദേഹം ജിദ്ദയിലെ വിവിധ പ്രവാസി സംഘടന നേതാക്കളുമായി മുഖാമുഖം പരിപാടി നടത്തിയിരുന്നു. ഈ പരിപാടിയിലും പ്രധാനമായും ഉയർന്നുവന്ന ഒരാവശ്യമായിരുന്നു സൗദിയിൽ ഉന്നതപഠനത്തിന് സൗകര്യം ഉണ്ടാവണം എന്നത്.
സംഘടനാ നേതാക്കളുടെ മുഖാമുഖം പരിപാടിക്ക് ശേഷം എം.പി ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ ആവശ്യം ഉന്നയിക്കുകയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അതിനുള്ള ശ്രമങ്ങൾ നടത്താമെന്ന് ഉറപ്പു കിട്ടുകയും ചെയ്തിരുന്നു.
ഡൽഹിയിലെത്തിയ അഡ്വ. ഹാരിസ് ബീരാൻ എം.പി ഈ ആവശ്യവുമായി ഡൽഹിയിലെ ജാമിഅ ഹംദർദ് ഡീംഡ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രഫ. മുഹമ്മദ് അഫ്ഷർ ആലമുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് യു.ജി.സിയുടെയും കേന്ദ്ര സർക്കാരിന്റെയും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓഫ് കാമ്പസ് ആരംഭിക്കുന്നതിനുള്ള അനുകൂല പ്രതികരണം വി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി എം.പി സമൂഹ മാധ്യമത്തിലൂടെ പങ്കുവെക്കുകയായിരുന്നു. വൈസ് ചാൻസലർക്ക് പുറമെ യൂനിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. എം.എ സിക്കന്ദർ, എക്‌സാമിനേഷൻ കൺട്രോളർ സയിദ് സൗദ് അക്തർ, സ്‌കൂൾ ഓഫ് ലോ ഡീൻ പ്രഫ. സലീന കെ. ബഷീർ, അസി. രജിസ്ട്രാർ എം.ജി വിനോദ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തതായി അഡ്വ. ഹാരിസ് ബീരാൻ എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.