സൗദി എയർലൈൻസ് കരിപ്പൂർ സർവിസ് പുനരാരംഭിക്കുന്നത് ആഹ്ലാദകരം -സൗദി കെ.എം.സി.സി
text_fieldsറിയാദ്: ഡിസംബർ ആദ്യവാരത്തിൽ സൗദി എയർലൈൻസ് (സൗദിയ) വീണ്ടും കോഴിക്കോട്ടെത്തുന്നുവെന്ന വാർത്ത സൗദിയിലെ പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്നതാണെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി.
പ്രവാസികളുടെ യാത്രാദുരിതം മനസിലാക്കിയ കോഴിക്കോട് എയർ പോർട്ട് അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ശ്രമം അഭിനന്ദനീയമാണെന്ന് നാഷനൽ കമ്മിറ്റി നേതാക്കളായ കെ.പി. മുഹമ്മദ്‌കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പറഞ്ഞു.
കെ.എം.സി.സിയുടെ ഏറെക്കാലമായുള്ള ആവശ്യം കൂടിയായിരുന്നു സൗദിയയുടെ തിരിച്ചുവരവ്. എയർ ഇന്ത്യ എക്സ്പ്രസിെൻറ വിമാന ദുരന്തത്തെ തുടർന്ന് 2020 ആഗസ്റ്റിലാണ് സൗദിയ ഉൾപ്പടെയുള്ള വൈഡ് ബോഡി വിമാനങ്ങൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയത്.
വിമാന ദുരന്തത്തിന് കാരണം വിമാനത്താവളത്തിെൻറ അപര്യാപ്തതയോ റൺവേയുടെ നീളക്കുറവോ അല്ലെന്ന് അന്ന് തന്നെ അന്വേഷണത്തിലൂടെ തെളിഞ്ഞെങ്കിലും വൈഡ് ബോഡി വിമാനങ്ങൾക്ക് അനുമതി നൽകാൻ വ്യോമയാനമന്ത്രാലയം തയാറായിരുന്നില്ല.
നിലവിൽ കോഴിക്കോട് നിന്ന് റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്, ഫ്ലൈ നാസ്, ഇൻഡിഗോ തുടങ്ങിയ വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഈ സെക്ടറുകളിൽ ടിക്കറ്റ് ലഭിക്കാറില്ല.
വൻതോതിലുള്ള വികസനപ്രവർത്തനങ്ങൾ നടക്കുന്ന സൗദി തലസ്ഥാന നഗരമായ റിയാദിലേക്ക് മിക്ക ദിവസങ്ങളിലും സീറ്റുകൾ ലഭ്യമല്ല. സൗദിയ വരുന്നതോടെ ഉംറ യാത്രക്കാരുൾപ്പടെയുള്ളവർക്ക് ഏറെക്കുറെ യാത്രാദുരിതത്തിന് അറുതിയാകുമെന്ന് കെ.എം.സി.സി നേതാക്കൾ പറഞ്ഞു.
നേരിട്ടുള്ള വിമാന സർവിസ് ലഭിക്കാത്തത് മൂലം ഉംറ തീർഥാടകർ പലപ്പോഴും കണക്ഷൻ വിമാനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. ഏതായാലും പ്രവാസികളുടെ മനസ്സറിഞ്ഞു പ്രവർത്തിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്കും അനുകൂലമായി പ്രതികരിച്ച സൗദി എയർലൈൻസ് അധികൃതർക്കും കെ.എം.സി.സി നാഷനൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.