സൗദിയിൽ ഇനി ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകില്ല
text_fieldsഅൽ ഖോബാർ: മൊബൈൽ ആപ്പുകൾ വഴിയുള്ള ഓർഡറുകൾ ഡെലിവറി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് നൽകുന്നത് സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) നിർത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്.
ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ ഡെലിവറി സേവനം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് നേരത്തെ മോട്ടോർ ബൈക്ക് ലൈസൻസ് അനുവദിച്ചിരുന്നു. അത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. ആ ഘട്ടം ഇപ്പോൾ അവസാനിച്ചതായി അൽ-സുവൈദ് വ്യക്തമാക്കി. വർക്ക് പെർമിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്സിനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. കോവിഡ് മഹാമാരികാലത്താണ് ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഡെലിവറി സേവന മേഖല സൗദിയിൽ വൻതോതിൽ പുരോഗതി പ്രാപിച്ചത്.
അഭിവൃദ്ധി പ്രാപിക്കുന്ന ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമെ നിക്ഷേപങ്ങൾ നടത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും വിപുലമായ അവസരങ്ങളാണ് കമ്പനികൾക്ക് ലഭിച്ചത്. അതിന് അനൂകാലമായ സൗകര്യം സർക്കാരും ഒരുക്കി.
സൗദി അറേബ്യയിലെ ചെറുകിട ചരക്ക് ഗതാഗത പ്രവർത്തനത്തിന്റെ വളർച്ചക്കൊപ്പം ഡെലിവറി സേവനങ്ങൾ നൽകുന്ന മോട്ടോർസൈക്കിളുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. കഴിഞ്ഞ വർഷത്തെക്കാൾ ഈ വർഷം 38 ശതമാനമാണ് വർധനവാണുണ്ടായത്. ഭാരം കുറഞ്ഞ ചരക്ക് ഗതാഗത പ്രവർത്തനത്തിന് ഇതുവരെ അനുവദിച്ചത് 300 ലൈസൻസുകളാണ്. നിലവിൽ സൗദിയിൽ 80 കമ്പനികൾ ഡെലിവറി ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഈ വർഷം ആദ്യ പാദത്തിന്റെ അവസാനത്തിൽ നിലവിലുള്ള വാണിജ്യ രജിസ്ട്രേഷനുകളുടെ എണ്ണം 61 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2900 ആയിരുന്നത് 4700ൽ എത്തി. ഈ വർഷം ആദ്യ പാദത്തിന്റെ അവസാനത്തിൽ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ 45 ശതമാനം വളർച്ച കൈവരിച്ച് 11,423 വാണിജ്യ രജിസ്ട്രേഷനിൽ എത്തിയതായും അൽസുവൈദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.