ജിദ്ദയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ: താമസസ്ഥലം നഷ്ടപ്പെടുന്നവർക്ക് സർക്കാർ ചെലവിൽ സൗകര്യം
text_fieldsജിദ്ദ: ചേരികൾ ഒഴിവാക്കുന്നതിന്‍റെയും നഗരവികസനത്തിന്‍റെയും ഭാഗമായി ജിദ്ദ നഗരസഭയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയതോടെ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് സർക്കാർ ചെലവിൽ താമസസൗകര്യം ഉൾപ്പെടെയുള്ള വിവിധ ഭവന സേവനങ്ങൾ നൽകുമെന്ന് മക്ക മേഖല എമിറേറ്റ് പ്രഖ്യാപിച്ചു. കെട്ടിടങ്ങൾ നീക്കം ചെയ്ത പ്രദേശങ്ങളിലെ താമസക്കാർക്ക് 68,000 ലധികം സേവനം നൽകും. ഇതിൽ പ്രധാനമാണ് ഭാവനരഹിതരായവർക്ക് വീടുകൾ സജ്ജീകരിക്കുന്നത്. ഈ വർഷാവസാനത്തോടെ വിവിധ ഭവന യൂനിറ്റുകൾ ഒരുക്കുമെന്നും വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അവ നൽകുമെന്നും മക്ക മേഖല എമിറേറ്റ് വിശദീകരിച്ചു. താമസ സൗകര്യം നഷ്ടപ്പെടുന്ന മൂന്ന് വിഭാഗങ്ങളുടെ കാര്യമാണ് ഇത്തരത്തിൽ പരിഗണിക്കുന്നത്. ചേരികളിൽ താമസിച്ചിരുന്ന സുരക്ഷാ കുടുംബങ്ങൾ ആണ് ആദ്യ വിഭാഗം. വീടുകൾ തകർന്ന 550 ലധികം കുടുംബങ്ങളെ ഇതുവരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
4,781 ഭവന യൂനിറ്റുകൾ ഈ വർഷാവസാനത്തോടെ പൂർണമായും തയാറാകും. രണ്ടാമത്തെ വിഭാഗം പൊളിച്ചുമാറ്റിയ ചേരികളിൽ താമസിക്കുന്ന രേഖകളുള്ള വീട്ടുടമസ്ഥർ ആണ്. ഇവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതുവരെ സർക്കാർ ചെലവിൽ വാടക താമസസ്ഥലം ഒരുക്കും. ഇൻഷുറൻസിന്‍റെ ഗുണഭോക്താക്കളല്ലാത്ത, രേഖകൾ ഇല്ലാത്ത ചേരികളിൽ താമസിക്കുന്ന പൗരന്മാർ ആണ് മൂന്നാമത്തെ വിഭാഗം. ഇവരുടെ കേസ് പഠിക്കുകയും ചാരിറ്റികളുടെ സഹകരണത്തോടെ ഇവരെ മാറ്റി പാർപ്പിക്കുകയും ചെയ്യും. 138 പ്രദേശങ്ങളിലായി 50,000 ത്തോളം കെട്ടിടങ്ങൾ ആണ് നഗരവികസനത്തിന്‍റെ ഭാഗമായി പൊളിച്ചുനീക്കുന്നത്. ഇവയിൽ 13 പ്രദേശങ്ങളിലായി 11,000 കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുനീക്കിയതായി അധികൃതർ അറിയിച്ചിരുന്നു.
വിവിധ പ്രദേശങ്ങളിൽ കെട്ടിടങ്ങൾ വ്യാപകമായി പൊളിച്ച് നീക്കാൻ തുടങ്ങിയതോടെ മലയാളികളുൾപ്പെടെ നിരവധി പേരാണ് താമസസ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ട് സുരക്ഷിതമായ ഇടങ്ങൾ അന്വേഷിച്ചു അലയുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടിയപ്പോൾ പലർക്കും റൂമുകൾ കിട്ടുന്നില്ല. ഉള്ള കെട്ടിടങ്ങളാവട്ടെ അവസരങ്ങൾ മുതലാക്കി ഉടമകൾ വാടക വർധിപ്പിച്ചതും ഇത്തരക്കാർക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.