സ്ത്രീ വിദ്യാഭ്യാസ നിഷേധം: അഫ്ഗാനിസ്താനിലേക്ക് പണ്ഡിത സംഘത്തെ അയക്കും -ഒ.ഐ.സി
text_fieldsജിദ്ദ: അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന വിഷയത്തിൽ അധികാരികളുമായി ചർച്ച തുടരാൻ പണ്ഡിതന്മാരുടെ രണ്ടാമതൊരു സംഘത്തെ അയക്കുമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു. അഫ്ഗാനിസ്താനിലെ സംഭവ വികാസങ്ങളും മാനുഷിക സാഹചര്യവും ചർച്ച ചെയ്യുന്നതിനായി ജിദ്ദയിലെ ഒ.െഎ.സി ആസ്ഥാനത്ത് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അടിയന്തരയോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടികളുടെ സ്കൂളുകളും സർവകലാശാലകളും അടച്ചുപൂട്ടാനും ദേശീയ അന്തർദേശീയ സർക്കാരിതര സംഘടനകളിലെ വനിതകളുടെ ജോലി അവസാനിപ്പിക്കാനും അഫ്ഗാൻ ഭരണകൂടം എടുത്ത നടപടികളുടെ പശ്ചാത്തലത്തിലാണ് ഒ.െഎ.സി അടിയന്തര യോഗം ചേർന്നത്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികനീതി എന്നിവക്കുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ അഫ്ഗാൻ സർക്കാരിലെ പ്രമുഖരുമായി സംഭാഷണം തുടരാൻ അന്താരാഷ്ട്ര ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുമായി സഹകരിച്ചാണ് പണ്ഡിതസംഘത്തെ അയക്കുന്നത്. ആ രാജ്യത്തെ ദൗർഭാഗ്യകരമായ സംഭവവികാസങ്ങളെ ഒ.െഎ.സി വലിയ ആശങ്കയോടെയാണ് കാണുന്നത്. പ്രത്യേക ദൂതൻ മുഖേന ഞങ്ങൾ അഫ്ഗാൻ അധികാരികൾക്ക് ഈ വിഷയത്തിലുള്ള സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. ഇസ്ലാം മതത്തിലെ ഉറച്ചതും വ്യക്തവുമായ അടിത്തറയുടെ വെളിച്ചത്തിൽ പെൺകുട്ടികൾക്കായി സ്‌കൂളുകൾ തുറക്കുമെന്ന സർക്കാറിെൻറ മുൻവാഗ്ദാനങ്ങൾ നിറവേറ്റുന്നതിെൻറ പ്രാധാന്യം സന്ദേശത്തിൽ പ്രത്യേകമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതോടെ അഫ്ഗാൻ ഗവൺമെൻറും ഒ.െഎ.സി അംഗരാജ്യങ്ങളും തമ്മിൽ കൂടുതൽ ക്രിയാത്മകമായ സഹകരണത്തിനും ലോകത്തോട് തുറന്നുപറയാനുമുള്ള വാതിൽ തുറക്കുമെന്നും സെക്രട്ടറി ജനറൽ സൂചിപ്പിച്ചു.
എൻ.ജി.ഒകളിലെ വനിതാ ജീവനക്കാരുടെ ജോലി താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം സർക്കാരിതര സംഘടനകൾ നടത്തുന്ന വിപുലമായ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കും. അത് ജനതയുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകും. സ്ത്രീകളെ സാമൂഹികമായി ഉൾപ്പെടുത്തുന്നതിനും അഫ്ഗാനിസ്താനിലെ ഇൻറർനാഷനൽ ഹ്യൂമൺ സെക്യൂരിറ്റി നെറ്റ്വർക്കിെൻറ ദൗത്യങ്ങളുടെ തടസ്സമില്ലാത്ത തുടർച്ചക്കും വേണ്ടി നിലവിലെ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഫ്ഗാൻ ഗവൺമെൻറിനോട് സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഒ.െഎ.സി അംഗരാജ്യങ്ങൾ, ഇൻറർനാഷനൽ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി, വിമൻസ് ഡെവലപ്‌മെൻറ് ഓർഗനൈസേഷൻ, മനുഷ്യാവകാശങ്ങൾക്കായുള്ള സ്ഥിരം കമീഷൻ, അൽ അസ്ഹർ, സൗദി അറേബ്യയിലെ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ, മുസ്ലിം വേൾഡ് ലീഗ് എന്നിവ പുറത്തിറക്കിയ പ്രസ്താവനകളെ സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. അത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിെൻറയും ജോലിയുടെയും ആവശ്യകതയെയും പൊതുജീവിതത്തിലെ അവരുടെ പങ്കാളിത്തത്തെയും കുറിച്ചുള്ള ഇസ്ലാമിക നിയമത്തിെൻറ നിലപാടിന് ഊന്നൽ നൽകുന്നതാണെന്നും അഫ്ഗാനിസ്ഥാനിലെ ഗവൺമെൻറുമായി ക്രിയാത്മകമായ സംഭാഷണം തുടരുന്നതിന് ഒ.െഎ.സി പ്രതിജ്ഞാബദ്ധമാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.