മനോവിഭ്രാന്തിയുടെ പേരിൽ യാത്ര നിഷേധിക്കപ്പെട്ടു; യു.പി സ്വദേശിക്ക് മലയാളികൾ തുണയായി
text_fieldsറിയാദ്: മനോവിഭ്രാന്തിയുടെ പേരിൽ വിമാനത്തിൽനിന്ന് പുറത്തായ യു.പി സ്വദേശിക്ക് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. ഗോരഖ്പുർകാരനായ ഇംതിയാസ് അഹ്മദ് സിദ്ദീഖിയാണ് (38) ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമങ്ങളുടെ ഫലമായി നാടണഞ്ഞത്.
ഒരു മാസം മുമ്പ് ഹൗസ് ഡ്രൈവറായി റിയാദിലെത്തിയതായിരുന്നു ഇദ്ദേഹം. എന്നാൽ, ജോലിയിൽ പ്രവേശിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് സ്പോൺസർ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോവാൻ വിമാനത്താവളത്തിലെത്തിച്ചതായിരുന്നു.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ സമയം ഇദ്ദേഹം വീണ്ടും മാനസികവിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് വിമാനാധികൃതർ യാത്രാനുമതി നിഷേധിച്ചു. എയർപോർട്ട് മാനേജർ അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ റിയാദിലെ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, നിഹ്മത്തുല്ല എന്നിവരെ ചുമതലപ്പെടുത്തി. അവർ എയർപോർട്ടിലെത്തി ഇംതിയാസിനെ ഏറ്റെടുത്തു.
എക്സിറ്റ് വിസയിൽ എമിഗ്രേഷൻ പൂർത്തിയാക്കിയതിനാൽ സങ്കീർണമായ നടപടികൾക്കൊടുവിൽ എമിഗ്രേഷൻ റദ്ദ് ചെയ്ത് എയർപോർട്ടിന് പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ ലഭ്യമാക്കുകയും എംബസിയുടെ സഹായത്തോടെ ബത്ഹയിലെ ഹോട്ടലിൽ താമസസൗകര്യം ഒരുക്കുകയും ചെയ്തു.
ഒരാഴ്ചയാണ് ഹോട്ടലിൽ കഴിഞ്ഞത്. കൂട്ടുനിന്നതും പരിചരിച്ചതും ജീവകാരുണ്യ പ്രവർത്തകരായ ഷരീഖ് തൈക്കണ്ടി, കബീർ പട്ടാമ്പി, മുജീബ് കായംകുളം, നാസർ കൊല്ലം, ശംസു പാലക്കാട് എന്നിവരായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലത്തെ സൗദി എയർലൈൻസ് വിമാനത്തിൽ ശിഹാബ് കൊട്ടുകാടിന്റെ കൂടെ ഡൽഹിയിലെത്തിക്കു
കയായിരുന്നു. യു.പിയിലെ ഇംതിയാസിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അനുകൂല പ്രതികരണമില്ലാതായപ്പോൾ ഡൽഹിയിലെ സാമൂഹിക പ്രവർത്തക അഡ്വ. ദീപ മുഖാന്തരമാണ് ഇയാളെ കുടുംബത്തിന്ന് കൈമാറിയത്.
ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസലർ മൊയിൻ അക്തറും ലേബർ അറ്റാഷെ ഭഗവാൻ മീനയും ബത്ഹയിലെ ഹോട്ടലിലെത്തി ഇംതിയാസിനെ സന്ദർശിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. യാത്രാചെലവുകൾ വഹിച്ചതും ഇന്ത്യൻ എംബസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.