ഫറസാൻ ദ്വീപിലെ 'ദേശാടന' മീനുകൾ
text_fieldsജീസാൻ: ദേശാടന മീനുകൾ കരയാറില്ല, ഭൂഖണ്ഡങ്ങൾ താണ്ടി ചെങ്കടലിലെ ഫറസാൻ പവിഴപ്പുറ്റ് മേഖലയിൽ എത്തും വരെ. അവിടെ, ഏപ്രിൽ മാസത്തിലെ പൗർണമി രാവിൽ ആഘോഷമാണ്. ദ്വീപുകാർ സംഘം ചേർന്ന് 'ഹരീത്'മത്സ്യങ്ങളെ പിടിക്കുന്ന 'ഹരീത് ഉത്സവം'.
കോവിഡ് മഹാമാരിയിൽ കഴിഞ്ഞ രണ്ടുവർഷവും മുടങ്ങിയ ഉത്സവം ഇത്തവണ കെങ്കേമമാക്കി. റമദാനായതിനാൽ രാത്രിയിലായിരുന്നു അത്. ഫറസാൻ ദ്വീപിലെ അൽഹസീസ് ബീച്ചിൽ താൽകാലികമായി തയാറാക്കിയ സ്ഥലത്ത്.
ഹരീദ് എന്ന പേരിലുള്ള ദേശാടന മത്സ്യങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് തുടങ്ങുന്ന യാത്ര ഏപ്രിൽ മാസത്തിലെ പൗർണമി രാവിൽ ജീസാനോട് ചേർന്നുള്ള ചെങ്കടൽ തീരത്ത് എത്തും. ഇവിടെ മീനുകളെയെല്ലാം സംരക്ഷിച്ചുനിർത്തി ഉത്സവദിവസം ഇവയെ പിടിക്കാൻ ദ്വീപ് നിവാസികൾ മത്സരിക്കുന്നതാണ് ആഘോഷം. ഏറ്റവും കൂടുതൽ എണ്ണത്തെ പിടിക്കുന്നവർക്ക് ജീസാൻ അമീർ സമ്മാനം നൽകും. ഇത്തവണയും ഈ രീതിയിലായിരുന്നു ഉത്സവം.
നിലാവിന്റെ വെളിച്ചത്തിൽ നിരവധി വർണരാജികളോടെ ആയിരങ്ങളെ സാക്ഷിനിർത്തി ജീസാൻ ഗവർണർ അമീർ മുഹമ്മദ് ബിൻ നാസർ മേള ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് പങ്കെടുത്തു. നിശ്ചിത സമയത്ത് ഏറ്റവും കൂടുതൽ മീൻ പിടിച്ച 10 പേർക്ക് അമീർ സമ്മാനം വിതരണം ചെയ്തു.
ഫാർസാനിലെ സാമൂഹിക സാംസ്കാരികരംഗത്തെ പ്രധാന പരിപാടിയാണ് ഹരീത് ഫെസ്റ്റിവൽ. മേഖലയിലെ കുടുംബങ്ങളുടെ ഒത്തുചേരലും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു.
ഈ മഹോത്സവവുമായി ബന്ധപ്പെട്ട വിവിധ കഥകൾ ദ്വീപ് നിവാസികൾ പങ്കുവെക്കുന്നു. പണ്ട് ഹജ്ജ് ചെയ്യാൻ പുറപ്പെട്ട സംഘത്തിന്റെ കപ്പൽ ഫറസാൻ തീരത്ത് തകർന്നടിഞ്ഞു. ഭക്ഷണംകിട്ടാതെ വലഞ്ഞ യാത്രികർക്കായി ദൈവം ഹരീത് മത്സ്യങ്ങളെ എത്തിച്ചു എന്നതാണ് പ്രധാനം.
ജീസാൻ മേഖലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഫറസാൻ ദ്വീപുകൾ. ജീസാനിൽനിന്ന് ഏകദേശം 64 നോട്ടിക്കൽ മൈൽ ദൂരത്ത് ചെങ്കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിലേക്ക് ദിവസവും 400 പേർക്ക് സഞ്ചരിക്കാവുന്ന സൗജന്യ കപ്പൽ സർവിസുണ്ട്. രാവിലെയും വൈകീട്ടും ജീസാൻ തീരത്ത് നിന്ന് ഫറസാനിലേക്കും തിരിച്ചും സർവിസ് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.