മീഖാത്ത് ദുൽ ഹുലൈഫ പള്ളിയിൽ വികസനം പൂർത്തിയായി
text_fieldsമദീന: മദീന ഭാഗത്തുനിന്ന് ഹജ്ജിനെത്തുന്ന തീർഥാടകർ ‘ഇഹ്റാം’ ചെയ്യുന്ന സ്ഥലമായ (മീഖാത്ത്) ദുൽ ഹുലൈഫയിലെ പള്ളിയിൽ വികസന പദ്ധതികൾ പൂർത്തിയാക്കി. ഹജ്ജ്, ഉംറ തീർഥാടകർക്ക് വിവിധ സേവനങ്ങൾ നൽകാൻ ആവശ്യമായ സംവിധാനങ്ങൾ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്. 2024ൽ ഒരു കോടിയിലധികം സന്ദർശകരാണ് ദുൽ ഹുലൈഫ പള്ളിയിലെത്തിയത്. മദീനയിലേക്ക് 13 കിലോമീറ്ററും മക്കയിലേക്ക് 400 കിലോമീറ്ററും ദൂരമാണ് ദുൽ ഹുലൈഫയിൽനിന്നുള്ളത്.
മക്കയിൽനിന്ന് ഏറ്റവും കൂടുതൽ അകലെയുള്ള മീഖാത്തും ഇതാണ്. ഹജ്ജ്, ഉംറ തീർഥാടനത്തിന്റെ പ്രധാന കർമങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് പുരുഷന്മാർ വെള്ള വസ്ത്രം ധരിച്ച് ഒരുങ്ങുന്ന പ്രഥമ കർമമാണ് ‘ഇഹ്റാം’. ഇതിനായി ഓരോ രാജ്യത്തുനിന്ന് വരുന്നവർക്ക് പ്രത്യേകം പ്രദേശങ്ങൾ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഉംറയും ഹജ്ജും നിർവഹിക്കാൻ വരുന്ന തീർഥാടകർ ഇഹ്റാം ചെയ്യാൻ നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളിൽനിന്ന് ഇഹ്റാം ചെയ്താണ് മക്കയിലേക്ക് വരുന്നത്.
ഹജ്ജിന്റെ വസ്ത്രം ധരിച്ച് തീർഥാടകർ തൽബിയ്യത്ത് മന്ത്രങ്ങൾ ഉരുവിട്ട് തുടങ്ങുന്നത് ഇഹ്റാമിൽ പ്രവേശിച്ച ശേഷമാണ്. ‘അബിയാൻ അലി’ എന്ന പേരിൽ അറിയപ്പെടുന്ന ദുൽ ഹുലൈഫയിലെ മീഖാത്ത് പള്ളിയിൽ തീർഥാടകരുടെയും ഉംറ നിർവഹിക്കുന്നവരുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. ശീതീകരിച്ച കുടിവെള്ളത്തിനായി 96 ജലസേചന യൂനിറ്റുകൾ ഇവിടെ ഈയിടെ പൂർത്തിയാക്കി.
എയർ കണ്ടീഷനിങ്ങിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 50ലധികം ആധുനിക എയർ കണ്ടീഷനിങ് യൂനിറ്റുകൾ സ്ഥാപിച്ചു. 2,000 മീറ്ററിലധികം നീളമുള്ള ഉയർന്ന നിലവാരമുള്ള മേൽതരം പരവതാനിയും ഇപ്പോൾ പള്ളിയുടെ അകത്ത് മാറ്റി വിരിച്ചിട്ടുണ്ട്. കുളിമുറികൾ, ശൗചാലയങ്ങൾ എന്നിവ വിശാലമായ രീതിയിൽ തന്നെ ഇവിടെ സംവിധാനിച്ചിട്ടുണ്ട്. ഒരേസമയം പ്രാർഥനക്ക് 6,000 വിശ്വാസികളെ ഉൾക്കൊള്ളാൻ വിശാലമായ അകത്തളമുള്ള പള്ളിയാണിത്.
7,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഹരിത പ്രദേശങ്ങളും പള്ളിയുടെ പരിസര പ്രദേശങ്ങളിൽ വികസിപ്പിച്ചിട്ടുണ്ട്. 600 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന വിധം മീഖാത്തിന് ചുറ്റും പാർക്കിങ് ഏരിയയും വിശാലമാക്കി. സൗദിയുടെ സമ്പൂർണ വികസനപദ്ധതിയായ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലെ തീർഥാടക കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായാണ് മീഖാത്ത് ദുൽ ഹുലൈഫ പള്ളി പ്രദേശവും അധികൃതർ വികസിപ്പിച്ചത്. മുഹമ്മദ് നബി ഹജ്ജിന് ഇഹ്റാം ചെയ്തത് ദുൽ ഹുലൈഫയിൽ വെച്ചായിരുന്നുവെന്ന് ചരിത്രരേഖയിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.