ജിദ്ദയിൽ വൻ വികസനപദ്ധതി; 1,200 കോടി റിയാലിന്റെ കരാർ ഒപ്പിട്ടു
text_fieldsജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിൽ മൂന്ന് സുപ്രധാന ലാൻഡ്മാർക്കുകൾക്കുൾപ്പെടെ 1,200 റിയാലിന്റെ നാല് നിർമാണ കരാറുകൾ ഒപ്പുവെച്ചു. സ്പോർട്സ് സ്റ്റേഡിയം, ഓപറ ഹൗസ്, ഓഷ്യൻ ബേസിനുകൾ എന്നിവയും സെൻട്രൽ ജിദ്ദ വികസന പദ്ധതിക്കായി അടിസ്ഥാന സൗകര്യ വികസനം എന്നിവക്കായാണ് സെൻട്രൽ ജിദ്ദ ഡെവലപ്മെന്റ് കമ്പനി വിവിധ നിർമാണ കമ്പനികളുമായി കരാർ ഒപ്പുവെച്ചത്. കമ്പനി സി.ഇ.ഒ എൻജി. അഹമ്മദ് അൽ സലിം ആണ് കരാറിൽ ഒപ്പുവെച്ചത്. സെൻട്രൽ ജിദ്ദ ഡെസ്റ്റിനേഷനിൽ ആദ്യ ഘട്ടത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള കരാർ ചൈന ഹാർബർ എൻജിനീയറിങ് അറേബ്യ ലിമിറ്റഡിനാണ് ലഭിച്ചിരിക്കുന്നത്.
ജിദ്ദ നഗരത്തിന്റെ പൈതൃകത്തെ പുനരുജ്ജീവിപ്പിച്ചും സമകാലിക സംസ്കാരം ആഘോഷിച്ചും ആഗോള ഭൂപടത്തിൽ ജിദ്ദ നഗരത്തിന് സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്പോർട്സ് സ്റ്റേഡിയം നിർമാണത്തിനുള്ള കരാർ ചൈനീസ് സൗദി റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും സമാ കൺസ്ട്രക്ഷൻ കോൺട്രാക്ടിങ് കമ്പനിയും ചേർന്ന സഖ്യത്തിനാണ്. അന്താരാഷ്ട്ര നിലവാരത്തിൽ അതുല്യമായ വാസ്തുവിദ്യയിൽ ഫിഫ ലോകകപ്പ് നടത്താൻ തക്ക സവിശേഷതകളോടെയായിരിക്കും ഈ സ്റ്റേഡിയം. സ്റ്റേഡിയത്തിനകത്ത് പൂർണമായും കൂളിങ് സംവിധാനങ്ങൾ ഒരുക്കും. 45,000 കാണികളെ ഉൾക്കൊള്ളാനും പ്രാദേശിക, അന്തർദേശീയ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാനും ശേഷിയുള്ളതാവും സ്റ്റേഡിയം.
ഓഷ്യൻ ബേസിൻസ് പദ്ധതിയുടെ നിർമാണ കരാർ ലീഡേഴ്സ് ഓഫ് മോഡേൺ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. ചെങ്കടലിന്റെ ആഴത്തിലുള്ള സമുദ്രജീവികളുടെ വിശദാംശങ്ങളിലേക്കുള്ള ഒരു ജാലകമായി ഇത് കണക്കാക്കപ്പെടും. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിൽ പ്രാദേശികവും ആഗോളവുമായ അറിയപ്പെട്ട സ്ഥലമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം കൂടുതൽ ഉയർത്തിക്കൊണ്ടുവരികയും സന്ദർശകർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓപറ ഹൗസ് സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് ‘മോഡേൺ കൺസ്ട്രക്ഷൻ ലീഡേഴ്സ്’ കമ്പനിക്കാണ് ലഭിച്ചത്. ഇത് സർഗാത്മകതക്കും പ്രചോദനത്തിനുമുള്ള വേദിയാകും. സംസ്കാരങ്ങളെ മൂന്ന് തിയറ്ററുകളുമായി ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ ജിദ്ദയുടെ പങ്ക് ഇത് വർധിപ്പിക്കും.
ആദ്യ ഘട്ടത്തിലെ പ്രധാന വാസ്തുവിദ്യ ലാൻഡ്മാർക്കുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കുമെന്ന് സെൻട്രൽ ജിദ്ദ ഡെവലപ്മെന്റ് കമ്പനി സി.ഇ.ഒ എൻജി. അഹമ്മദ് അബ്ദുൽ അസീസ് അൽസലിം വിശദീകരിച്ചു. മികച്ച അന്താരാഷ്ട്ര നിലവാരങ്ങൾക്ക് അനുസൃതമായിരിക്കും ഈ പദ്ധതികൾ നടപ്പാക്കുക. ഡൗൺ ടൗൺ ജിദ്ദ ഡെസ്റ്റിനേഷൻ 2027 അവസാനത്തോടെ വിദേശ വിനോദസഞ്ചാരികളെ സ്വീകരിക്കാൻ അതിന്റെ വാതിലുകൾ തുറക്കും. വൈവിധ്യമാർന്ന വാസ്തുവിദ്യ ലാൻഡ്മാർക്കുകൾ, ഓപറ ഹൗസ്, സ്പോർട്സ് സ്റ്റേഡിയം, ചുറ്റും കുളങ്ങൾ, നിരവധി സ്ഥാപനങ്ങൾ എന്നിവക്ക് പുറമെ മണൽ കടൽത്തീരം, കടൽത്തീരം, കടൽ പ്രൊമെനേഡ്, മറീന എന്നിവ പദ്ധതിയിലുൾപ്പെടുമെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.