പഴയ തലസ്ഥാന നഗരത്തിന്റെ വികസനം; ദറഇയ അൽ ഖുറൈൻ മേഖലയുടെ വികസനത്തിന് തറക്കല്ലിട്ടു
text_fieldsറിയാദ്: 580 കോടി റിയാൽ ചെലവിൽ പഴയ തലസ്ഥാന നഗരമായ ഹിസ്റ്റോറിക്കൽ ദറഇയയുടെ വടക്കൻ ഭാഗമായ അൽഖുറൈൻ കൾചറൽ ഡിസ്ട്രിക്ടിന്റെ വികസനത്തിന് ദറഇയ കമ്പനി തറക്കല്ലിട്ടു. വിദ്യാഭ്യാസ, സാങ്കേതിക വിദ്യ പഠനങ്ങൾക്കുള്ള രണ്ട് ആഗോളകേന്ദ്രങ്ങളും ഈ പദ്ധതിക്കുള്ളിൽ നിർമിക്കും.
ഹിസ്റ്റോറിക്കൽ ദറഇയയുടെ വാർഷിക പരിപാടിയായ ‘ബഷായർ അൽ-ദറഇയ’യുടെ രണ്ടാം പതിപ്പിലാണ് പുതിയ വികസന പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനവും തറക്കല്ലിടലുമുണ്ടായത്.
ദറഇയ പദ്ധതിക്കുള്ളിലെ നിർമാണ-വികസന പ്രവർത്തനങ്ങളിലെ ദ്രുതഗതിയിലുള്ള വളർച്ചയുടെ വെളിച്ചത്തിലാണ് രണ്ട് പുതിയ മേഖലകളുടെ പ്രഖ്യാപനമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ നഗരവികസന പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ പദ്ധതി 14 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.
ഖുറൈൻ കൾചറൽ ഡിസ്ട്രിക്ട്കേന്ദ്രീകരിച്ച് കലക്കും സംസ്കാരത്തിനുമായി ഒരു ആഗോളകേന്ദ്രം സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.
നിരവധി സാംസ്കാരിക ശേഷിപ്പുകൾ അതിൽ ഉൾപ്പെടും. എഴുത്ത്, നജ്ദി വാസ്തുവിദ്യ, കളിമൺ നിർമാണം, പാചക കലകൾ, പ്രകടന കലകൾ എന്നിവ പഠിപ്പിക്കാനുള്ള കേന്ദ്രങ്ങളും അറബ് സംഗീത വിദ്യാലയം, സിനിമഹാൾ, മ്യൂസിയങ്ങളും പ്രത്യേക അക്കാദമികളും അതിലുൾപ്പെടുന്നു. ഖുറൈൻ കൾചറൽ ഡിസ്ട്രിക്ടിൽ രണ്ട് അന്താരാഷ്ട്ര ആഡംബര ഹോട്ടലുകളും നിരവധി ആഡംബര ബ്രാൻഡഡ് അപ്പാർട്മെൻറ് യൂനിറ്റുകളും ഉൾപ്പെടും.
റിറ്റ്സ്-കാൾട്ടൺ ദറഇയ ഹോട്ടൽ, ദറഇയ അഡ്രസ് ഹോട്ടൽ ഉൾപ്പെടെ പ്രദേശത്ത് വിവിധ ആവശ്യങ്ങൾക്കായുള്ള 19 കെട്ടിടങ്ങളുണ്ടാകും. ഉയർന്ന നിലവാരത്തിലുള്ള വസതികളുടെയും ഓഫിസുകളുടെയും വൈവിധ്യമാർന്ന ചോയ്സ്, ചില്ലറ വിൽപന, ഡൈനിങ് ഔട്ട്ലെറ്റുകളുടെ വിശാല ശ്രേണി എന്നിവയും പദ്ധതിയിലുണ്ട്. 580 കോടി സൗദി റിയാലിന്റെ കരാറിലൂടെയാണ് അൽ ഖുറൈൻ കൾചറൽ ഡിസ്ട്രിക്ട് വികസിപ്പിക്കുന്നത്.
ദറഇയയുടെ വടക്കൻ മേഖലയെ പണ്ഡിതന്മാരെയും വിദ്യാർഥികളെയും ദാർശനികരെയും സ്വാഗതം ചെയ്യുന്ന ഒരു ആഗോള പഠനകേന്ദ്രമാക്കി മാറ്റുമെന്നും ദറഇയ കമ്പനി അധികൃതർ സ്ഥിരീകരിച്ചു. ഈ പ്രദേശത്ത് കിങ് സൽമാൻ ഫൗണ്ടേഷൻ, മ്യൂസിയം, സർവകലാശാല, ലൈബ്രറി, കാപെല്ല ദറഇയ ഹോട്ടൽ എന്നിവയും ഉൾപ്പെടും. പശ്ചിമേഷ്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭങ്ങളായിരിക്കുമിത്.
134 മുറികൾ അടങ്ങുന്ന ‘ബാബ് സംഹാൻ’ എന്ന ദറഇയ പദ്ധതിയിലെ ആദ്യത്തെ ഹോട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ അവസാനം നടക്കും. ഹോട്ടലിലെ റൂം ബുക്കിങ്ങും അടുത്ത മാസം ആരംഭിക്കും.
300 വർഷം പഴക്കമുള്ള ആധികാരിക നജ്ദി വാസ്തുവിദ്യയിലാണ് ഖുറൈൻ മേഖല വികസിപ്പിക്കുന്നത്. 2030 ഓടെ പ്രതിവർഷം അഞ്ച് കോടി സന്ദർശകരെ ആകർഷിക്കുന്ന ഒരു അന്താരാഷ്ട്ര സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ദറഇയ ചരിത്ര മേഖലയുടെ ഹൃദയഭാഗത്ത് ഏഴ് ആഡംബര അന്താരാഷ്ട്ര ഹോട്ടലുകൾക്കാണ് തറക്കല്ലിട്ടത്.
ദറഇയ, വാദി സഫർ പദ്ധതിക്കുള്ളിൽ 6,500ലധികം മുറികളുള്ള 40ലധികം ആഡംബര ഹോട്ടലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.