ദഹ്റാൻ - അൽ ഉഖൈർ - സൽവ റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsദമ്മാം: ദമ്മാമിലെ ദഹ്റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കിഴക്കൻ സൗദിയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായി മാറുന്ന ഇതിന് 66 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഓരോ ദിശയിലേക്കും ഇരട്ട പാതകളോടുകൂടിയ റോഡ് ആകെ 19.9 കോടി റിയാൽ ചെലവിലാണ് ജനറൽ അതോറിറ്റി നിർമിച്ചത്.
റോഡുകൾ നിർമിക്കുന്നതിലും ഗതാഗത മാർഗങ്ങൾ വർധിപ്പിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും ഭരണകൂടത്തിന്റെ ശ്രമങ്ങളെ ഗവർണർ പ്രശംസിച്ചു. ഗതാഗതം സുഗമമാക്കുന്നതിന് സഹായകമാകുന്ന പദ്ധതി നടപ്പാക്കുന്നതിൽ റോഡ് അതോറിറ്റി നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. ഭരണകൂടം പൗരന്മാർക്കും താമസക്കാർക്കും ആശ്വാസം നൽകുന്ന എല്ലാ കാര്യങ്ങളും കണക്കിലെടുത്ത് നടപ്പാക്കുന്നു. രാജ്യത്തിലെ പ്രധാന, ബ്രാഞ്ച് റോഡ് ശൃംഖലകളുടെ നിർമാണം അതിലുൾപ്പെടുന്നുവെന്നും ഗവർണർ പറഞ്ഞു.
ജുബൈൽ ഗവർണറേറ്റിലെ വ്യവസായിക നഗരവും മറ്റു നിരവധി വ്യവസായിക നഗരങ്ങളും അതിർത്തി ക്രോസിങ്ങുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് പുതിയ റോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസിർ അൽജാസിർ പറഞ്ഞു.
ഖത്തർ, യു.എ.ഇ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മണിക്കൂർ യാത്രാസമയം കുറയ്ക്കും. ട്രാൻസിറ്റ് ട്രക്കുകളുടെ പോക്ക് നഗരപ്രദേശത്തിന് പുറത്തുള്ള രാജ്യത്തിന്റെ അതിർത്തി ക്രോസിങുകളിലേക്കും പ്രദേശങ്ങളിലേക്കും എളുപ്പമാക്കും.
വ്യവസായിക നഗരങ്ങളും അതിർത്തി ക്രോസിങ്ങുകളും തമ്മിലുള്ള യാത്രാസമയം കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രിക്ക് പുറമെ ജനറൽ റോഡ്സ് അതോറിറ്റിയുടെ ആക്ടിങ് സി.ഇ.ഒ എൻജി. ബദർ ബിൻ അബ്ദുല്ല അൽദലാമിയും ഗതാഗത രംഗത്തെ മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.