‘അനുഭവങ്ങൾ കഥ പറയുന്നു’; വേറിട്ട സംവാദ സദസ്സൊരുക്കി ഡയലോഗ്സ്
text_fieldsജിദ്ദ: നവീന ആശയങ്ങൾക്കും പ്രചോദനപരമായ ചർച്ചകൾക്കും മുൻഗണന നൽകുന്ന ‘ഡയലോഗ്സ്’ സീരിസിന്റെ ഭാഗമായി ജിദ്ദയിൽ സംഘടിപ്പിച്ച ‘അനുഭവങ്ങൾ കഥ പറയുന്നു’ സംവാദ സദസ്സ് ഏറെ ശ്രദ്ധേയമായി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആറു പേർ പങ്കെടുത്ത പരിപാടി അറിവിന്റെയും പ്രചോദനത്തിന്റെയും വേദിയായി മാറി. ഡോ. വിനീത പിള്ള, ഹംസ മദാരി, മുസ്തഫ മാസ്റ്റർ, മിർസ ഷരീഫ്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ബഷീർ വള്ളിക്കുന്ന് എന്നിവർ അവരുടെ മേഖലയിലെ വ്യക്തിപരമായ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
രോഗിയുടെ മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ ഡോക്ടർമാർ നേരിടുന്ന മാനസിക വെല്ലുവിളികൾ വൈകാരികമായി ഡോ. വിനീത പിള്ള പങ്കുവെച്ചപ്പോൾ സദസ്സ് കണ്ണീരണിഞ്ഞു. ഭാഷയുടെ പരിണാമം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഹംസ മദാരി വിശദീകരിച്ചു. മാനസികാരോഗ്യത്തിനുള്ള ലഘു വ്യായാമ മാർഗങ്ങളെക്കുറിച്ച് മെക് സെവൻ സൗദി കോഓഡിനേറ്റർ മുസ്തഫ മാസ്റ്റർ സംസാരിച്ചു.
തന്റെ സംഗീത ജീവിതത്തിൽ നിന്ന് ലഭിച്ച പാഠങ്ങൾ ഗായകൻ മിർസ ഷരീഫ് പങ്കുവെച്ചു. പ്രവാസത്തിലെ പ്രതിസന്ധികളെക്കുറിച്ചും അവ തരണം ചെയ്യാനുള്ള മാർഗങ്ങളെക്കുറിച്ചും മുഹമ്മദ് കുട്ടി പാണ്ടിക്കാടും സോഷ്യൽ മീഡിയയുടെ സുതാര്യമായ പ്രയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബഷീർ വള്ളിക്കുന്നും വിശദീകരിച്ചു. ഷാജു അത്താണിക്കൽ അധ്യക്ഷത വഹിച്ചു.
‘ഡയലോഗ്സി’ന്റെ ഭാവി പരിപാടികളെക്കുറിച്ചും ലക്ഷ്യങ്ങൾക്കായി സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും നാസർ തിരുനിലത്ത് വിശദീകരിച്ചു. ചോദ്യോത്തര വേളയിൽ അൻവർ വണ്ടൂർ, കബീർ കൊണ്ടോട്ടി, സാദിഖലി തുവ്വൂർ, റജിയ വീരാൻ, കൃപ കുരുങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു. സഹീർ കൊടുങ്ങല്ലൂർ സ്വാഗതവും അലി അരീക്കത്ത് നന്ദിയും പറഞ്ഞു. അസൈൻ ഇല്ലിക്കൽ, അദ്നാൻ, ഫെബിൻ, കൃപ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.