മരിച്ചത് മറ്റൊരാളുടെ പേരിലുള്ള മുറിയിൽ
text_fieldsറിയാദ്: മറ്റൊരാളുടെ പേരിൽ വാടകക്കെടുത്ത മുറിയിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നിയമപ്രശ്നത്തിൽ കുടുങ്ങി അഞ്ചുമാസമായി റിയാദിലെ മോർച്ചറിയിൽ. രേഖകൾ കൃത്യമല്ലാത്തതിനാൽ ആന്ധ്രപ്രദേശ് സ്വദേശി ഹനീഫിന്റെ (30) മൃതദേഹമാണ് ശുമൈസി ആശുപത്രി മോർച്ചറിയിൽ കുടുങ്ങിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ഹനീഫിന്റെ മൊബൈൽ ഫോൺ വഴി ബന്ധുക്കളെ തിരിച്ചറിഞ്ഞിരിക്കുകയാണിപ്പോൾ.
കഴിഞ്ഞവർഷം ഡിസംബർ 22നാണ് നസീം പോലീസ് സ്റ്റേഷനിൽനിന്ന് ഒരു ഇന്ത്യക്കാരന്റെ മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള വിവരം സിദ്ദീഖിനെ അറിയിച്ചത്. ഇന്ത്യക്കാരനായ ശക്കീബ് എന്നയാളുടെ മൃതദേഹമാണിതെന്നാണ് പൊലീസ് രേഖയിലുണ്ടായിരുന്നത്. ഹനീഫ മരിച്ച താമസസ്ഥലം വാടകക്കെടുത്തിരുന്നത് ശക്കീബിന്റെ ഇഖാമയിലായിരുന്നു. മരിച്ചയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ റൂം എടുത്ത വ്യക്തിയുടെ പേരിലാണ് പൊലീസ് മരണം രജിസ്റ്റർ ചെയ്തത്. മരണം റിപ്പോർട്ട് ചെയ്ത വ്യക്തിയുടെ നമ്പർ ഉണ്ടായിരുന്നില്ല. തുടർന്ന് ശക്കീബിന്റെ സ്പോൺസറുടെ മൊബൈൽ നമ്പർ തരപ്പെടുത്തി. അദ്ദേഹത്തെ വിളിച്ചപ്പോൾ തന്റെ തൊഴിലാളി മരണപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. ശക്കീബിന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നുറപ്പ് വരുത്തി.
മരിച്ചയാളെ കുറിച്ച് വിവരങ്ങളറിയാൻ വിരലടയാളമുൾപ്പെടെ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്ന് പൊലീസിനോട് അപേക്ഷിച്ചു. വിവരങ്ങൾ ലഭിച്ചെങ്കിലും പാസ്പോർട്ട് നമ്പറിൽ ഒരക്കം കൂടിയത് അഡ്രസ് ലഭിക്കുന്നതിന് തടസ്സമായി. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചാൽ വിവരങ്ങൾ ലഭിക്കുമെന്ന് പൊലീസിനെ അറിയിച്ചു. ഇന്ത്യൻ എംബസി ചുമതലപ്പെടുത്തിയത് പ്രകാരം സ്റ്റേഷനിലെത്തി മൊബൈൽ ഫോൺ കൈപ്പറ്റി.
മൊബൈൽ ലോക്കായതിനാൽ വിവരങ്ങൾ ലഭിക്കില്ലെന്നായി. റീചാർജ് ചെയ്ത് മൊബെൽ ഓപ്പൺ ചെയ്യാനുള്ള പാറ്റേൺ അടയാളം സ്ക്രീനിൽ നോക്കി മൊബൈൽ ഓണാക്കി. പല നമ്പറുകളിലും വിളിച്ചെങ്കിലും വീട്ടുകാരെ അറിയില്ലെന്നായി. ശേഷം ഇന്ത്യയിലെ നമ്പറുകളിൽ വിളിച്ച് സഹോദരനുമായി സംസാരിച്ചു. മരണവിവരം അപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. തുടർന്ന് പാസ്പോർട്ട് കോപ്പി ലഭിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി ഹനീഫിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്. അഞ്ച് മാസത്തോളം ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കാതിരുന്നിട്ടും പലരോടും വിവരങ്ങൾ അന്വേഷിച്ചിരുന്നു എന്നല്ലാതെ കുടുംബം എവിടെയും പരാതി നൽകിയിരുന്നില്ല.
ആത്മഹത്യ ചെയ്യാനൊരുങ്ങുന്നതിന്റെ വിഡിയോ, തായ്ലൻഡ് ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെ വിഡിയോകളും ഫോട്ടോകളും മൊബൈലിലുണ്ട്. ചതിയിൽപെട്ട് ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു.
ഇഖാമ കാലാവധി തീരുകയും ഹുറൂബാകുകയും ചെയ്തത് കൊണ്ട് ശക്കീബിന്റെ ഇഖാമയിലാണ് റൂം വാടകക്കെടുത്തിരുന്നത്. അദ്ദേഹത്തിന്റെ പേരിലാണ് പൊലീസ് മരണം രജിസ്റ്റർ ചെയ്തിരുന്നതും.
തിരിച്ചറിഞ്ഞതോടെ ശക്കീബിന്റെയും ഹനീഫിന്റെയും രേഖകൾ ശരിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.