മദീന റൗദ സന്ദർശനത്തിന് ഡിജിറ്റൽ സംവിധാനം
text_fieldsമദീന: മസ്ജിദുന്നബവിയിലെ റൗദ സന്ദർശിക്കുന്നതിന് ഡിജിറ്റൽ സംവിധാനം. സന്ദർശനാനുമദിക്കായി നുസ്ക് സ്മാർട്ട് ആപ്പിൽ ബുക്ക് ചെയ്യണം. വിവിധ ഭാഷകളിൽ ആവശ്യമായ മാർഗനിർദേശങ്ങൾ ഈ ആപ്പിൽനിന്ന് ലഭിക്കും. ബുക്ക് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സന്ദർശനാനുമതി സ്ഥിരീകരിക്കുന്ന സന്ദേശം അപേക്ഷകന് ലഭിക്കും. 24 മണിക്കൂർ മുമ്പ് സന്ദർശകനെ ബുക്കിങ് സംബന്ധിച്ച് ഓർമിപ്പിക്കുകയും അത് സ്ഥിരീകരിക്കാനോ റദ്ദാക്കാനോ ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ ലഭിച്ച ബാർകോഡ് നിശ്ചിത സമയത്തിന് മുമ്പ് സന്ദർശകന് ഉപയോഗിക്കാൻ കഴിയില്ല.
ബുക്കിങ് ലഭിച്ചയാൾ മസ്ജിദുന്നബവി മുറ്റത്ത് എത്തിക്കഴിഞ്ഞാൽ ഗൈഡൻസ് സ്ക്രീനുകൾ വഴി പ്രവേശന കവാടങ്ങളിലേക്ക് നയിക്കും. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വരവേൽക്കുകയും റൗദയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. റൗദയിൽ എത്തുന്നതിന് മുമ്പുള്ള നിശ്ചിത സ്ഥലത്തുള്ള സംവിധാനത്തിൽ ആപ്പിലെ ബാർകോഡ് സ്കാൻ ചെയ്യണം.
എന്നാൽ മാത്രമേ അകത്തേക്ക് പ്രവേശനം സാധ്യമാകൂ. പിന്നീട് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് നയിക്കുക. അവിടുന്ന് സംഘമായി റൗദയിലേക്കും പോകാനാകും. ഈ സമയത്ത് പെർമിറ്റ് പ്രാബല്യത്തിലല്ലെങ്കിൽ നിശ്ചിത വഴിയിലൂടെ സന്ദർശകനെ തിരിച്ചയക്കും.
പരിചരണം ആവശ്യമുള്ളവർക്ക് പ്രത്യേക പാതകൾ മസ്ജിദുന്നബവി കാര്യാലയം ഒരുക്കിയിട്ടുണ്ട്. സന്ദർശന മര്യാദകളെ കുറിച്ച് സന്ദർശകരെ ബോധവത്കരിക്കുന്നതിനായി നിരവധി ഭാഷകളിൽ സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകരുടെ സൗകര്യത്തിനായി കാത്തിരിപ്പ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അവിടം പ്രവേശിച്ചാൽ സമയമാകുേമ്പാൾ സംഘടിതവും ഏകീകൃതവുമായ പാതകളിലൂടെ റൗദയുടെ പ്രവേശന കവാടത്തിലേക്ക് സന്ദർശകൻ നയിക്കപ്പെടും. പ്രാർഥനാസ്ഥലത്തേക്ക് എത്തും.
സന്ദർശന സമയം കഴിഞ്ഞാൽ നിശ്ചിത എക്സിറ്റുകളിലേക്ക് നയിക്കും. ഒരോ സന്ദർശകന്റെയും റൗദാ സന്ദർശനം സുഗമമാക്കാൻ സ്മാർട്ട് കാമറകളിലൂടെയും സെൻസറുകളിലൂടെയും പ്രവർത്തിക്കുന്ന ഡിജിറ്റൽ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇവ നിയന്ത്രിക്കുന്നത് പബ്ലിക്ക് കൺട്രോൾ റൂമിലൂടെയാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്. സന്ദർശകരുടെ തിരക്ക് ഉണ്ടാകുമ്പോൾ വേഗത്തിൽ പരിഹാരങ്ങൾ കാണുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. സേവനം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന് ഇടക്കിടെ റിപ്പോർട്ടുകൾ പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.