സാങ്കേതികവിദ്യയുടെ നേട്ടങ്ങളും അപകടങ്ങളും നേരിടാൻ ഡിജിറ്റൽ ഉച്ചകോടി ‘ഇത്റ’യിൽ
text_fieldsഅൽഖോബാർ: സാങ്കേതികവിദ്യയുടെ അപകടങ്ങളും നേട്ടങ്ങളും നേരിടാൻ ഡിജിറ്റൽ ക്ഷേമ ഉച്ചകോടി ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ സെന്റർ(ഇത്റ)യിൽ. രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന രണ്ടാമത്തെ ‘ഡിജിറ്റൽ വെൽബീയിങ് ഉച്ചകോടി 2024’ മേയ് 22, 23 തീയതികളിലാണ് അരങ്ങേറുന്നത്. ലോകത്തെ വിവിധ 20 രാജ്യങ്ങളിൽ നിന്നുള്ള 110 ഡിജിറ്റൽ വിദഗ്ധരും 70 പ്രഭാഷകരും പങ്കെടുക്കും.2024 സമന്വയ ഉച്ചകോടി വെറുമൊരു സമ്മേളനം മാത്രമല്ല മികച്ച ഡിജിറ്റൽ ഭാവിക്കായുള്ള അർഥവത്തായ ചർച്ചകൾ, വിമർശനാത്മക ചിന്തകൾ, കൂട്ടായ പ്രവർത്തനങ്ങൾ എന്നിവക്കുള്ള ഒരു വേദികൂടിയാണെന്ന് ഡിജിറ്റൽ വെൽബീയിങ് മേധാവി വാധ അൽ-നഫ്ജാൻ പറഞ്ഞു. ഡിജിറ്റൽ യുഗത്തിലേക്ക് നാവിഗേറ്റ് ചെയ്യുമ്പോൾ, നമ്മൾ ജീവിക്കാൻ ആഗ്രഹിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ഉത്തരവാദിത്തം തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
അൽഗോരിഥമിക് ഹോമോജനൈസേഷനും ഐഡന്റിറ്റി നഷ്ടവും ഉൾപ്പെടെയുള്ള വിഷയങ്ങൾ, ക്രിയേറ്റിവ് വ്യവസായങ്ങളിൽ നിർമിത ബുദ്ധിയുടെ സ്വാധീനം, തെറ്റായ വിവരങ്ങൾ എന്നിവ സമ്മേളനം കൈകാര്യം ചെയ്യും. ഇത്റയിൽ നടക്കുന്ന ഉച്ചകോടി തത്സമയ സ്ട്രീമിൽ ലഭ്യമാണ്.ആദ്യ ദിനം ‘ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളി’ എന്ന തീമിനെ ചുറ്റിപ്പറ്റി സംഘടിപ്പിച്ച ആദ്യ ദിനത്തിൽ ഏഴു പാനലുകളും രണ്ട് ഫയർസൈഡ് ചാറ്റുകളും രണ്ട് പ്രധാന സംഭാഷണങ്ങളും നടക്കും. രണ്ടാം ദിവസം, ‘ഒരു ഡിജിറ്റൽ നവോത്ഥാനം: മികച്ച ഭാവിക്കായി ഡിജിറ്റലുമായുള്ള നമ്മുടെ ബന്ധം രൂപപ്പെടുത്തുക’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് എട്ട് പാനലുകളും മൂന്ന് കീനോട്ടുകളും ഉണ്ടാകും. കൂടാതെ, ഇതിന് സ്പോട്ട്ലൈറ്റ് സീരീസ് ഫൈനൽ ഉണ്ടായിരിക്കും. അതിനായി ക്രിയേറ്റിവ് ഇൻഫ്ലുവൻസർ ഒമർ ഫാറൂഖ് തന്റെ പുതിയ ഡോക്യുമെന്ററി ‘ദ ഡാർക്ക് സൈഡ് ഓഫ് ജപ്പാൻ’ പ്രദർശിപ്പിക്കും.
കഴിഞ്ഞ വർഷം ഇത്റയിൽ ഉച്ചകോടി നടന്നിരുന്നില്ല. അതേസമയം സംഘം ആഗോളതലത്തിൽ വിപുലമായ ഗവേഷണം നടത്തുകയുണ്ടായി. അത് ചില ശ്രദ്ധേയമായ കണ്ടെത്തലുകളിലേക്ക് നയിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 81 ശതമാനം പേരും അവരുടെ സ്വകാര്യ വിവരങ്ങളുടെ ശേഖരണത്തെക്കുറിച്ച് ആശങ്കാകുലരാണ്. 53 ശതമാനം പേർ അവരുടെ ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ നിലനിർത്താൻ പാടുപെടുന്നു. അതേസമയം 66 ശതമാനം പേർ ഇന്റർനെറ്റിന് കൂടുതൽ നിയന്ത്രണം ആവശ്യമാണെന്ന് വിശ്വസിക്കുന്നു.
പങ്കെടുക്കുന്നവരിൽ 73 ശതമാനം പേരും സോഷ്യൽ മീഡിയ രൂപകൽപന ചെയ്തിരിക്കുന്നത് ആസക്തി ഉളവാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് കരുതുന്നു. കൂടാതെ 2021-നെ അപേക്ഷിച്ച് പ്രതിദിനം ഓൺലൈനിൽ ചെലവഴിക്കുന്ന ശരാശരി സമയം കുറഞ്ഞു. ഏകദേശം 68 ശതമാനം പേർ എ.ഐ മനസ്സിലാകുന്നുവെന്ന് അവകാശപ്പെടുന്നു. 87 ശതമാനം ആളുകൾ സാങ്കേതികവിദ്യ ആളുകളെ കൂടുതൽ അയവോടെ ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്നു, 91 ശതമാനം പേർ പുസ്തകങ്ങളും ഉൾപ്പെടെയുള്ള ഉറവിടങ്ങൾ ലഭിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെന്നും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.