ഒമാനിൽ നിന്ന് 'റുബ്ബുൽ ഖാലി'യെ കീറിമുറിച്ച് ദിൽഷാദ് ബൈക്കിൽ സൗദിയിലെത്തി
text_fieldsദമ്മാം: സദാസമയവും വീശിയടിക്കുന്ന മണൽക്കാറ്റും, മണൽചുഴികളും അവഗണിച്ച് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച, നൂറ് കണക്കിന് കിലോമീറ്റർ നീണ്ടുകിടക്കുന്ന സൗദിയിലെ മരുഭൂ ഇടം 'റുബ്ബുൽ ഖാലി' (ഒഴിഞ്ഞ മരുഭൂമി) പിന്നിട്ട് മലയാളിയായ സഞ്ചാരി ദിൽഷാദ് കഴിഞ്ഞ ദിവസം സൗദിയിലുമെത്തി. മലപ്പുറം ചേലാമ്പ്ര പീടിയേക്കൽ വീട്ടിൽ ദിൽഷാദിന് തന്‍റെ എൻഫീൾഡ് സ്റ്റാന്റേർഡ് 350 യിൽ സൗദിയിലെ മണ്ണിലെത്തിയപ്പോൾ ഉണ്ടായ ആനന്ദം വിവരണാതീതമാണ്.
വർഷങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവറായി ജോലിചെയ്ത സൗദിയിലേക്കാണ് ദിൽഷാദിപ്പോൾ സഞ്ചാരിയായി എത്തിയിരിക്കുന്നത്. ജനുവരി 29 ന് രാമനാട്ടുകരയിൽ നിന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്താണ് ദിൽഷാദിന്‍റെ യാത്ര ആരംഭിക്കുന്നത്. യൂറോപ്പ് ചുറ്റാനുള്ള ആഗ്രഹവുമായാണ് ദിൽഷാദ് തന്‍റെ പുതിയ യാത്രക്ക് തുടക്കം കുറിച്ചത്. രാമനാട്ടുകരയിൽ നിന്ന് മുംബെയിലെത്തിയ ദിൽഷാദ് കപ്പൽ മാർഗ്ഗമാണ് ദുബായിൽ എത്തിയത്. അവിടെ നിന്ന് ബൈക്കിൽ ഒമാനിലെത്തിയ ദിൽഷാദ് മാസങ്ങൾക്ക് മുമ്പ് തുറന്ന സൗദി ഒമാൻ പാത വഴിയാണ് കഴിഞ്ഞ ദിവസം ദമ്മാമിലേക്ക് വന്നത്. സാഹസിക സഞ്ചാരികൾക്ക് പോലും എന്നും പേടി സ്വപ്നമായിരുന്ന 'റുബ്ബുൽ ഖാലി' കീറിമുറിച്ചുള്ള 700 കിലോമീറ്റർ അധികം നീളമുള്ള പാത വർഷങ്ങൾ നീണ്ട ശ്രമഫലത്തിന് ശേഷമാണ് യാഥാർത്ഥ്യമായത്.
ഇപ്പോഴും മണൽക്കാറ്റുകൾ ചീറിയടിക്കുന്ന ഇതുവഴിയുള്ള യാത്ര ഏറെ ദുർഘടം പിടിച്ചതു തന്നെ. ഇത് കീറിമുറിച്ചെത്തുന്ന ചരിത്രത്തിലെ തന്നെ ആദ്യ ബൈക്ക് യാത്രികനായിരിക്കും ദിൽഷാദ്. ഒമാനിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 'ഇടയിലെങ്ങും തങ്ങാൻ അവസരമില്ല. വിശ്രമമില്ലാതെ 700 കിലോമീറ്റർ വണ്ടി ഓടിച്ചുപോയാലേ ജനവാസകേന്ദ്രം ലഭ്യമാവുകയുള്ളു'.വെല്ലുവിളി ഏറ്റെടുത്ത് 'റുബ്ബുൽഖാലി'യിലുടെ താൻ നടത്തിയ യാത്ര അവസ്മരണീയ അനുഭവമായിരുന്നുവെന്ന് ദിൽഷാദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. പലപ്പോഴും റോഡിൽ മണൽ മൂടിക്കിടന്നു. അതീവ ശ്രദ്ധയില്ലെങ്കിൽ മണൽകൂനകളിൽ കയറിയോ ശക്തമായ കാറ്റിൽ പെട്ടോ അപകടത്തിൽ പെടാം. തനിക്ക് തൊട്ടുമുന്നേ യാത്ര ചെയ്ത ടയോട്ട കാംറി കാർ മണൽകൂനയിൽ കയറി മറിയുന്നതിനും ദിൽഷാദ് സാക്ഷിയായി.
ഒറ്റ ദിവസം 900 കിലോമീറ്റർ വണ്ടിയോടിച്ചാണ് ദിൽഷാദ് സൗദി തീരത്തെത്തിയത്. നേരത്തെ ചെറിയ ചെറിയ യാത്രകൾ ചെയ്തിരുന്ന ദിൽഷാദ് 2019 ൽ തന്‍റെ എൻഫീൾഡ് സ്വന്തമാക്കിയതിന് ശേഷമാണ് ദീർഘയാത്രകൾ ആരംഭിച്ചത്. ആദ്യ യാത്ര കാശ്മീരിലേക്കായിരുന്നു. പിന്നീട് ഇന്ത്യ മുഴുവൻ ഗ്രാമഗ്രാമന്താരങ്ങളിലുടെ സഞ്ചരിച്ചു. ഇന്ത്യയിലെ ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമഭംഗി വിവരണാതീതമാണന്ന് ദിൽഷാദ് പറഞ്ഞു. ''ഇന്ത്യയെ അറിയുകയായിരുന്നു ഞാൻ. സ്നേഹം തന്ന മനുഷ്യരെ ഞാൻ കണ്ടു. അവർ എത്ര ഇഷ്ടത്തോടെയാണ് കേരളത്തിൽ നിന്നെത്തിയ എന്നെ ചേർത്ത് വെച്ചത്.
വൈവിധ്യങ്ങൾ കൂടിച്ചേർന്ന ഇന്ത്യ ഈ ലോകത്തിന്‍റെ ചെറിയ പതിപ്പാണ്''. ദിൽഷാദ് ആവേശത്തോടെ പറഞ്ഞു.'കാശ്മീർ' ദേശം പോലെ തന്നെ സുന്ദരമാണ് അവിടുത്തെ ജനങ്ങളും. ഇപ്പോഴുള്ള യാത്രയിലും ലോകത്തെ വിവിധ ആളുകളുടെ സഹായങ്ങൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. പാകിസ്ഥാനികൾ പോലും ഇന്ത്യൻ പതാകയുമായുള്ള എന്‍റെ യാത്രയെ ഒരുപാട് ഇഷ്ടത്തോടെയാണ് ചേർത്തുവെച്ചത്. ഭക്ഷണം വാങ്ങിത്തന്നും കൈവീശിക്കാണിച്ചും അവർ ഇഷ്ടം പ്രകടിപ്പിച്ചു. എവിടെ ചെന്നാലും ഒരു മലയാളിയെ എങ്കിലും കാണാൻ കഴിയുന്നു എന്നതാണ് ഏറെ സന്തോഷമെന്ന് ദിൽഷാദ് പറഞ്ഞു. ലോകത്തിന്‍റെ അതിരുകളില്ലാത്ത ഇടങ്ങളിലേക്ക് തന്‍റെ ബൈക്കോടിച്ച് ദിൽഷാദ് യാത്ര തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.