സൗദിയിലേക്ക് നേരിട്ട് വരാം: വിശദാംശങ്ങളറിയാൻ ആകാംക്ഷയിൽ പ്രവാസികൾ
text_fieldsദമ്മാം: 18 മാസത്തിലധികം പിന്നിടുന്ന കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ പ്രവാസികളുടെ മനസിലെ ആധിയെ തണുപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നിലവിൽ യാത്രാവിലക്കുള്ള സ്വദേശങ്ങളിലേക്ക് പോയവർക്ക് നേരിട്ട് തിരിച്ചെത്താമെന്ന സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ വിജ്ഞാപനം പ്രവാസികളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.
ചൊവ്വാഴ്ച ഉച്ചയോടെ പുറത്തുവന്ന വിവരം ഉടൻ മലയാളമടക്കം മുഴുവൻ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. അതോടെ വാർത്തയുടെ വിശ്വാസ്യത ബോധ്യപ്പെടാതെ മാധ്യമസ്ഥാപനങ്ങളിലേക്ക് ഫോൺ വിളികളുെട പ്രവാഹമായിരുന്നു. അൽപ സമയത്തിനകം ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഫെയ്സ് ബുക് പേജിലും ട്വിറ്ററിലും സ്ഥിരീകരണം വന്നതോടെ എല്ലാവർക്കും ആശ്വാസമായി.
കോവിഡിെൻറ തുടക്കകാലം മുതൽക്കെ ചിട്ടയായ, ദീർഘവീക്ഷണത്തോടെയുള്ള കരുതൽ പ്രവർത്തനങ്ങളിലൂടെ സൗദി അറേബ്യ തീർത്ത പ്രതിരോധ സംവിധാനം തന്നെയാണ് ഏറെ ആശ്വാസകരമായ വാർത്ത പ്രവാസികൾക്ക് ലഭിക്കാൻ സഹായകമായത്. വാക്സിനേഷൻ പ്രക്രിയ ഏറെ കൃത്യതയോടെ നടപ്പാക്കിയ സൗദിക്ക് 12 വയസുള്ള കുട്ടികൾ മുതൽ മുകളിലേക്കുള്ള മുഴുവൻ വിഭാഗം ആളുകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകാനായി. രോഗ വ്യാപനം തടയാനുള്ള സംവിധാനങ്ങളും പഴുത് നൽകാതെ പ്രവർത്തിച്ചതോടെ പ്രതിദിന കോവിഡ് വ്യാപന കണക്കിലും കുറവ് വന്നു. ഏറ്റവും ഒടുവിൽ പുതിയ രോഗികളുടെ എണ്ണം 353 ആയി കുറഞ്ഞു. ഖത്തറും ഒമാനും വാക്സിൻ സ്വീകരിച്ചവർക്ക് തിരികെയെത്താൻ വാതിൽ തുറന്നപ്പോഴും 10 ദിവസത്തിലധികം അവിടെ ഹോട്ടൽ ക്വാറൻറീൻ വേണ്ടി വരുന്നതും ഭീമമായ ചെലവും തിരിച്ചു വരാനുള്ള ശ്രമത്തിൽ നിന്ന് സാധാരണ പ്രവാസികളെ പിന്തിരിപ്പിച്ചിരുന്നു.
സൗദിയുടെ പുതിയ പ്രഖ്യാപനം ആഹ്ലാദാതിരേകത്തോടെയാണ് പ്രവാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്. തിരിച്ചു വരാനുള്ള വഴിയില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന, നിലവിൽ സൗദിയിലുള്ള പ്രവാസികൾക്കും ഇനി ആശ്വസിക്കാം. അച്ഛനും അമ്മയും മരിച്ചതറിഞ്ഞ് അവരുടെ സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ പോകാനൊരുങ്ങൂന്ന പന്തളം സ്വദേശി സൈമൺ ഏറെ ധൈര്യത്തോടെയാണ് വ്യാഴാഴ്ച നാട്ടിലേക്ക് വിമാനം കയറുന്നത്. സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനുമെടുത്തിരിക്കുന്നതിനാൽ ചടങ്ങുകളെല്ലാം കഴിഞ്ഞ് നേരിട്ട് തിരിച്ചുവരാമല്ലോ എന്ന ധൈര്യത്തിലാണ്, പുതിയ വാർത്തയുടെ വെളിച്ചത്തിൽ അദ്ദേഹം. കഴിഞ്ഞ ദിവസമാണ് നാട്ടിൽ അച്ഛനും അമ്മയും മരിച്ചത്. ഇരുവരുടെയും വിയോഗമറിഞ്ഞ് നെഞ്ചകം വിങ്ങിപ്പൊട്ടുേമ്പാഴും നാട്ടിൽ പോയി വരാൻ എന്താ വഴി എന്ന ആലോചനയിലായിരുന്നു സൈമൺ. അപ്പോഴാണ് പുതിയ വാർത്ത അറിയുന്നത്. ഉടൻ 'ഗൾഫ് മാധ്യമം' ഓഫിസിൽ വിളിച്ച് വാർത്ത സ്ഥിരീകരിച്ചതിന് ശേഷം നാട്ടിൽ പോകാൻ തീരുമാനമെടുത്തു.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നാട്ടിൽ പോയി നേരിട്ട് മടങ്ങാം എന്ന് അറിയുേമ്പാഴും അത് എന്ന് മുതൽ പ്രാബല്യത്തിലാകും എന്നറിയാത്തതിനാൽ അവ്യക്തത തുടരുകയാണ്. വിശദാംശങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രവാസികൾ. സൗദിയിൽ നിന്ന് രണ്ട് വാക്സിൻ എടുത്ത ആയിരക്കണക്കിന് ആളുകൾ ഇപ്പോൾ നാട്ടിലുണ്ട്. അവർക്ക് ഈ വാർത്ത ആശ്വാസം പകരും.
അതേ സമയം സ്വദേശങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവരുടെ കാര്യത്തിൽ എന്താവും തീരുമാനം എന്ന് വ്യക്തമല്ല. സൗദിയിൽ നിന്ന് ഒരു ഡോസ് മാത്രം സ്വീകരിച്ച് നാട്ടിൽ പോയവരും ഏറെയുണ്ട് അവരുടെ കാര്യത്തിലും എന്താണ് തീരുമാനം എന്ന് വ്യക്തമല്ല. വരും ദിവസങ്ങളിൽ കൂടുതൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.