ദറഇയ സൂഖ് വണ്ടേഴ്സ്; പൗരാണികതയുടെ ലാവണ്യത്തിൽ വിസ്മയക്കാഴ്ചകൾ
text_fieldsദറഇയ സൂഖ് വണ്ടേഴ്സിലെ സൗദി പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നവർ. ചിത്രങ്ങൾ-സലീം മാഹി
റിയാദ്: കലയുടെയും സർഗാത്മകതയുടെയും ഊർജ്ജസ്വലമായ അന്തരീക്ഷംകൊണ്ട് സവിശേഷമായ ‘സൂഖ് വണ്ടേഴ്സ്’ ദറഇയ സീസൺ 24-25 സന്ദർശകർക്ക് ഹൃദ്യമായ അനുഭവങ്ങളും വിസ്മക്കാഴ്ച്ചകളും സമ്മാനിക്കുന്നു. നടനകലകൾ കൊണ്ടും തത്സമയ പ്രകടനങ്ങളാലും അനുവാചകർക്ക് ആഴത്തിലുള്ള ചിന്തയും ഒപ്പം വിനോദവും പ്രദാനം ചെയ്യുന്ന രീതിയിലാണ് പരിപാടികൾ സജീകരിച്ചിരിക്കുന്നത്. പൗരാണികതയുടെ ഗന്ധവും രാവിന്റെ ലാവണ്യവും തുടിച്ചുനിൽക്കുന്ന ‘മായദീൻ’ എന്ന ഇൻഡോർ വേദി കലാവിഷ്കാരങ്ങളുടെ അതിരുകൾ ഭേദിക്കുന്ന രൂപകൽപനയാണ്.
ശബ്ദവും വെളിച്ചവും സൂക്ഷ്മവും കൃത്യവുമായി നിയന്ത്രിതമായ വേദിയിൽ നടക്കുന്ന പ്രകടനങ്ങൾ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ വിസ്മയ പരിപാടികളിലൊന്നായി സ്വയം വിളംബരം ചെയ്യുന്നതാണ്. ദറഇയ സീസണിൽ ആദ്യമായി പങ്കെടുക്കുന്ന തത്സമയ വിനോദത്തിന്റെ ലോകപ്രശസ്ത ബ്രാൻഡായ ഡ്രാഗണുമായി സഹകരിച്ചാണ് ഇവിടുത്തെ കലാപ്രകടനങ്ങൾ. 120 മിനിറ്റ് നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ഷോകൾ ദിവസവും 2 തവണ വീതം അവതരിപ്പിക്കപ്പെടുന്നു. വൈകുന്നേരം 7.45-നും 10-45-നുമാണവ.
സംഗീത ശിൽപത്തിൽ നിന്നുള്ള രംഗം
സംഗീതവും തത്സമയ പ്രകടനങ്ങളും നിറഞ്ഞ പശ്ചാത്തലത്തിൽ അത്ഭുതകരമായ പ്രദർശനങ്ങൾ, മാജിക് ഷോകൾ, ട്രാംപോളിൻ ഡിസ്പ്ലേകൾ, ടൈറ്റ് റോപ് വാക്കിംഗ് കൂടാതെ സൗദി ഫോക് നൃത്തപ്രകടനങ്ങളും കാണികളെ ഉദ്വേഗഭരിതമാക്കുന്നു. ലോകത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കലാകാരന്മാർ നമ്മെ വിസ്മയിപ്പിക്കുമ്പോൾ മനസ്സിൽ ഓർമചിത്രങ്ങൾ പലതും പുനരാവിഷ്കരിക്കുന്ന പ്രതീതിയായിരിക്കും.
റോപ് വാക്കിങ്, ട്രിപ്പീസ് കളി
സമ്പന്നമായ സൗദിയുടെ സാംസ്കാരിക തനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ആതിഥേയർ സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
നിറവൈവിധ്യങ്ങളും സംഗീതവുംകൊണ്ട് അലങ്കരിച്ചിരിക്കുന്ന വർണശബളമായ വേദി, സവിശേഷമായ ആതിഥ്യമര്യാദ അനുഭവം പ്രദാനം ചെയ്യുന്ന പ്രത്യേക വി.ഐ.പി ലോഞ്ചുകളാൽ പൂരകമാണ്. ഈ യാത്രയിൽ പാചക ലോകം കൂടി പങ്കുചേരുന്നതോടെ അതിഥികൾക്ക് പ്രാദേശികവും അന്തർദേശീയവുമായ വിഭവങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കുന്നു. ദറഇയ സൂഖ് വണ്ടേഴ്സ് റമദാൻ വരെയാണ് നീണ്ടുനിൽക്കുകയെന്ന് പി.ആർ.ഒ സാരി അൽ സഹ്റാനി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.