ദറഇയ സീസൺ ഉത്സവത്തിന് 20ന് കൊടിയേറ്റ്
text_fieldsറിയാദ്: സൗദി അറേബ്യയുടെ ചരിത്രനഗരമായ ദറഇയ വേദിയാകുന്ന 'ദറഇയ സീസൺ' ഉത്സവം രണ്ടാം പതിപ്പ് ഒക്ടോബർ 20ന് ആരംഭിക്കും. കലാകായിക സാംസ്കാരിക പരിപാടികളുടെ വൈവിധ്യവും വൈപുല്യവുമായാണ് സീസണ് തുടക്കമാവുകയെന്ന് സംഘാടകർ അറിയിച്ചു. നാലുമാസം നീളുന്ന ഉത്സവം ഫെബ്രുവരി 22ന് അവസാനിക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള കലാകാരന്മാരും കായികതാരങ്ങളും വിവിധ രംഗങ്ങളിലെ പ്രതിഭകളും പങ്കെടുക്കുന്ന പരിപാടി ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ സൗദിയിലെത്തും.
യൂനസ്കോയുടെ ലോക പൈതൃക നഗര പട്ടികയിൽ ഇടംപിടിച്ച ദറഇയ സൗദി അറേബ്യയുടെ ചരിത്ര പൈതൃകം ആഴത്തിൽ വേരൂന്നിയ ഭൂമികയാണ്. ചരിത്രഭൂമിയിൽതന്നെ സീസൺ രണ്ട് ആരംഭിക്കാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ഫോർമുല ഇ-റേസുകളും ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പും ഉൾപ്പെട്ട ഉത്സവത്തിന് 2019ൽ ലഭിച്ച പൊതുജന സ്വീകാര്യത വീണ്ടും പരിപാടികൾ സംഘടിപ്പിക്കാൻ പ്രോചോദിപ്പിച്ചതായും ദറഇയ സീസൺ കമ്മിറ്റി ചെയർമാൻ അമീർസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ പറഞ്ഞു.
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽനിന്നും രാജ്യത്തിന് പുറത്തുനിന്നുമുള്ള എല്ലാ ആസ്വാദകരെയും സീസണിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികവും അന്തർദേശീയവുമായ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമായ സ്ഥലമാണ് ഈ പുരാതന നഗരമെന്നും ദറഇയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ജെറി ഇൻസെറില്ലോ പറഞ്ഞു.
പുതിയ സീസണിൽ ലോകമെമ്പാടുമുള്ള ധാരാളം സന്ദർശകരെ കാണുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള വിനോദ അനുഭവങ്ങൾ സന്ദർശകർക്കുണ്ടാവും. അവരുടെ അഭിനിവേശം തൃപ്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഥമ ദറഇയ സീസണിൽ 63 രാജ്യങ്ങളിൽനിന്നായി മൂന്ന് ലക്ഷത്തിലധികം സന്ദർശകരുണ്ടായിരുന്നു. 196 ദേശീയ അന്തർദേശീയ അത്ലറ്റുകളും നാല് ആഗോള കായിക പരിപാടികളും 16 ലൈവ് മ്യൂസിക് പെർഫോമർമാരും പങ്കെടുത്ത പരിപാടി ലോക ശ്രദ്ധ നേടിയിരുന്നു.
15,000ത്തിലധികം സൗദികൾക്ക് തൊഴിൽ നൽകാനും കഴിഞ്ഞ സീസണ് സാധിച്ചു. ഇത്തവണയും ധാരാളം സ്വദേശികൾക്ക് തൊഴിലവസരങ്ങളുണ്ടാകുന്ന ഉത്സവം കൂടിയാവും ഈ സീസൺ.
രാജ്യത്തെ ഏറ്റവും വലിയ വിനോദോത്സവമായ റിയാദ് സീസണും ഈ മാസം അവസാനത്തോടെ ആരംഭിക്കും. എല്ലാ വേദികളിലേക്കും ആസ്വാദകരെത്താൻ കാലാവസ്ഥ പ്രധാന ഘടകമാണ്. കാലാവസ്ഥമാറ്റം സംഭവിച്ചതോടെ കടുത്ത ചൂടിൽനിന്ന് മുക്തിയായി സൗദി അറേബ്യൻ അന്തരീക്ഷം തണുപ്പിലേക്ക് നീങ്ങുകയാണ്. ഇനി രാത്രികാലങ്ങളിൽ നഗരവും തെരുവുകളും സജീവമാകും. റമദാൻ വരെ ഉത്സവകാലമാണ് ഇനി സൗദിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.