ലോക കേരള സഭയിലെ ചർച്ചകൾ വിമർശനങ്ങൾക്കുള്ള മറുപടി -ഐ.എം.സി.സി
text_fieldsജിദ്ദ: മൂന്നാമത് ലോക കേരള സഭ സമ്മേളനത്തിൽ പ്രവാസ സമൂഹത്തിന്റെ ആകുലതകളും വെല്ലുവിളികളും ലോകത്തുള്ള മലയാളി സമൂഹം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നുവെന്നും എല്ലാം കൃത്യമായി സശ്രദ്ധം കേൾക്കാനും പരിഹാരങ്ങൾ കൈക്കൊള്ളാനുമുള്ള സന്നദ്ധതയോടെ മന്ത്രിസഭ അംഗങ്ങളുടെ മുഴുസമയ സാന്നിധ്യം മൂന്നാമത് ലോക കേരള സഭ സമ്മേളനം പ്രത്യാശ നൽകുന്നുവെന്നും ഐ.എം.സി.സി അഭിപ്രായപ്പെട്ടു. പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ഐ.എം.സി.സി ജി.സി.സി ചെയർമാനും സൗദി ഐ.എം.സി.സി പ്രസിഡന്റുമായ എ.എം. അബ്ദുല്ലക്കുട്ടി മേഖല സമ്മേളനത്തിൽ നേരിട്ടും പൊതുസഭയിൽ രേഖാമൂലവും അവതരിപ്പിച്ചു. പ്രവാസികളുടെ വിഷയങ്ങൾ പഠിച്ചു പരിഹാരങ്ങൾ കണ്ടെത്താൻ കൃത്യതയുള്ള പ്രവാസി ഡേറ്റ ഉണ്ടാക്കണം. 25 വര്ഷം പൂർത്തിയാക്കുന്ന നോർക്കയുടെ സംഭാവനകൾ വലുതാണെങ്കിലും പ്രവാസ ലോകത്ത് നോർക്കയുടെ പ്രവർത്തനം കുറെക്കൂടി കാര്യക്ഷമത ഉണ്ടാവേണ്ടതുണ്ട്.
കോവിഡ് കാലങ്ങളിൽ പ്രവാസലോകത്ത് മരിച്ചവരുടെ സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നിർധനരായ അത്തരം കുടുംബങ്ങളിൽ നിന്നുള്ള ഒരാൾക്ക് ജോലിയും നൽകണം. ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളെ സർക്കാർ നിയന്ത്രിക്കണം. പ്രവാസി പുനരധിവാസത്തിന് മാസ്റ്റർ പ്ലാന് തയാറാക്കണം. പുനരധിവാസ ചർച്ച പലപ്പോഴും കേന്ദ്ര സർക്കാറിന്റെ ബജറ്റിൽ ഫണ്ട് വിലയിരുത്തിയിട്ടില്ല എന്നതിൽ തട്ടി മുന്നോട്ടുപോകാത്ത സാഹചര്യമുണ്ട്. അത് ഒഴിവാക്കണം, ആവശ്യമായ സമ്മർദം കേന്ദ്ര സർക്കാറിൽ ചെലുത്തി പരിഹാരം കണ്ടെത്തണം. കേന്ദ്രം കനിയുന്നില്ലെങ്കിൽ കേരള സർക്കാർ ബദൽ സാധ്യതകൾ ആരായണം.
കോവിഡ് കാലത്തും കോവിഡാനന്തരവും തിരിച്ചെത്തിയ ലക്ഷക്കണക്കിന് പ്രവാസികളിൽ പലരും തിരിച്ചുവരാൻ ശ്രമിക്കുന്നവരാണ്. പ്രവാസികളിൽനിന്ന് വിവിധങ്ങളായ സേവനങ്ങൾ വഴി സ്വരൂപിച്ച് എംബസികളിൽ വിനിയോഗിക്കാതെ കിടക്കുന്ന വെൽഫെയർ ഫണ്ട് പ്രവാസികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയണം. പ്രവാസ ലോകത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമായി വരുന്നുണ്ട്.
പ്രവാസികൾക്കായുള്ള വെൽഫെയർ ഫണ്ടായി കോടികൾ വിനിയോഗിക്കാതെ എംബസികളിൽ ഉണ്ടെന്നിരിക്കെ അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികൾ തന്നെ ഇത്തരം ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കണം.
ഈ വിഷയം പാർലമെന്റ് അംഗങ്ങൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എ.എം. അബ്ദുല്ലക്കുട്ടി രേഖാമൂലം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.