ബോളിവാഡ് സിറ്റി; ഡിസ്നി കാസലിന് ചുറ്റും വൈവിധ്യമാർന്ന വിനോദ കൂടാരങ്ങൾ
text_fieldsറിയാദ്: പുതുവർഷ ദിനത്തിൽ ബോളിവാഡിൽ ആരംഭിച്ച ഡിസ്നി കാസിലിനു ചുറ്റും അസംഖ്യം വിനോദപരിപാടികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന ചെറുതും വലുതുമായ നിരവധി തമ്പുകളും കൂടാരങ്ങളും കാണാം. പ്ലേ സ്റ്റേഷനുകൾ, മത്സരങ്ങൾ, ആനിമേഷൻ കോർണറുകൾ, സംഗീത സാന്ദ്രമായ ഫുഡ് കോർട്ടുകളും കോഫി ഹൗസുകളുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഉത്സവ മേളയായാണെങ്ങും.
ഉഗാണ്ടയിൽനിന്നുള്ള ‘ദി ലയൺ കിങ്’ എന്ന ലോകോത്തര സംഗീത ബാൻഡിെൻറ പ്രകടനമാണ് ഏറെ കൗതുകകരമായിട്ടുള്ളത്. കാണികൾക്കുള്ള ഓരോ ഇരിപ്പിടത്തിലും താളം പിടിക്കാൻ എല്ലാവർക്കും ഓരോ ഡ്രം വീതം നൽകിയിട്ടുണ്ട്.
കലാകാരന്മാരുടെ പ്രകടനത്തിനൊപ്പം പ്രേക്ഷകരും തുകലുകൊട്ടി താളം പിടിക്കുമ്പോൾ ജനകീമായൊരു സംഗീതവും കലയും രൂപപ്പെടുന്നു. കാണികളെ കൂടി തങ്ങളുടെ പാരമ്പര്യ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഭാഗമാക്കുമ്പോൾ മനുഷ്യനിർമിതമായ അതിരുകളും വിഭജനങ്ങളുമാണ് കലയിലൂടെ മാഞ്ഞുപോകുന്നത്. അരമണിക്കൂർ നീളുന്ന ഈ സാംസ്കാരിക വിരുന്ന് സന്ദർശകർക്ക് വേറിട്ടൊരു അനുഭൂതി പകരുന്നതാണ്.
അറബിക്കഥയിലെ 1001 രാവുകളിലെ അലാവുദീനും എന്തും സാധ്യമാക്കുന്ന അത്ഭുത വിളക്കും പുനർജനിക്കുകയാണ് ബോളിവാഡ് സിറ്റിയിൽ.
സ്വർണവും വെള്ളിയും കറൻസികളും നിറഞ്ഞ സമ്പത്തിെൻറ കൂമ്പാരവും അത്ഭുത ദീപുമുള്ള ഗുഹാന്തർഭാഗത്ത് വിളക്കിൽനിന്ന് പുറത്തുവരുന്ന ഭൂതം പ്രേക്ഷകരുമായി സംവദിക്കുന്നു. ത്രീഡി ആനിമേഷൻ വിസ്മയക്കാഴ്ചയിൽ ഭൂതവും അവതാരകനും പിന്നെ കാണികളും തമ്മിലുള്ള സംഭാഷണം ഏറെ ആകർഷകവും രസകരവുമാണ്.
ഡിസ്നിയുടെ സ്വന്തം മിക്കിയും മൗസും തമ്മിലുള്ള ഗെയിം ലോകം മുഴുവൻ നെഞ്ചേറ്റിയ കഥാപാത്രങ്ങളാണല്ലോ, ആ കാർട്ടൂൺ കഥാപാത്രങ്ങൾ നമ്മോടൊപ്പം സഹവസിക്കുന്ന പ്രത്യേക ഷോയും ഈ ബോളിവാഡ് സിറ്റിയിലുണ്ട്. കുട്ടികളാണ് ഈ പരിപാടിയുടെ മുഖ്യ കാഴ്ചക്കാരും ആസ്വാദകരും.
മുഹമ്മദ് അബ്ദു തിയറ്ററിൽ വിദേശ കലാകാരന്മാർ നയിക്കുന്ന സംഗീത പരിപാടിയുടെ ലൈവ് ഷോ ബോളിവാഡിലെ കൂറ്റൻ സ്ക്രീനിൽ സൗജന്യമായി കാണാം. വർണവെളിച്ചം അലിഞ്ഞുചേർന്ന ജലധാരയുടെ മനോഹരമായ പശ്ചാത്തലത്തിൽ വിശാലമേറിയ സംവിധാനമാണ് കാഴ്ചക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു ഓപൺ തിയറ്ററിെൻറ ആസ്വാദന മികവും ദൃശ്യചാരുതയും ആർക്കും ആസ്വദിക്കാനാവും.
സൗദി കലാകാരന്മാർ പങ്കെടുക്കുന്ന പാരമ്പര്യ സംഗീത വിരുന്നാണ് ബോളിവാഡ് സിറ്റിയിൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന മറ്റൊരു ശ്രദ്ധാകേന്ദ്രം.
ഇവിടത്തെ പ്രശസ്തരായ മധ്യനിര ഗായകർ ആലപിക്കുന്ന കച്ചേരി കാണാനും ഇഷ്ടഗാനങ്ങൾ ശ്രവിക്കാനും സൗദി പൗരന്മാരുടെ വൻനിരയാണ് ഈ തുറന്ന വേദിക്ക് മുന്നിലെത്തുന്നത്. താളത്തിൽ കൈകൊട്ടിയും ചുവടുകൾവെച്ചും ആരവം മുഴക്കിയുമാണ് പുരുഷാരം സംഗീതത്തോട് പ്രതികരിക്കുന്നത്. ലൈവ് ടെലികാസ്റ്റുമായി യുട്യൂബർമാരും വ്ലോഗർമാരുമായി വനിതകളുടെ ഒരു പടതന്നെ നഗരിയിലുണ്ട്. കുടുംബങ്ങൾക്കും അല്ലാത്തവർക്കും സംഗീത വിനോദ ആസ്വാദനത്തിന് തെരഞ്ഞെടുക്കാൻ പറ്റിയ ഒരിടമാണ് ഊദിെൻറ ഗന്ധമുള്ള ബോളിവാഡ് സിറ്റി.
എല്ലാ പ്രവൃത്തിദിവസവും വൈകീട്ട് അഞ്ചുമുതൽ അർധരാത്രി വരെയും വാരാന്ത്യങ്ങളിൽ വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ 1.30 വരെയും സന്ദർശകർക്ക് പരിപാടികൾ ആസ്വദിക്കാം. ടിക്കറ്റുകൾ webook.com-ൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.