മാനേജറുമായി തർക്കം: ക്രിമിനൽ കേസിൽ കുടുങ്ങിയ യു.പി സ്വദേശി നാടണഞ്ഞു
text_fieldsദമ്മാം: ജോലി ചെയ്തിരുന്ന കമ്പനിയിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ക്രിമിനൽ കേസിൽ അകപ്പെട്ട ഉത്തർപ്രദേശുകാരനായ തൊഴിലാളി നവയുഗം സാംസ്കാരിക വേദി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. പ്രമുഖ ഫുഡ് ചെയിൻ കമ്പനിയുടെ കടയിൽ രണ്ടു വർഷമായി ജോലി നോക്കിവരുകയായിരുന്ന യു.പി ബറേലി സ്വദേശിയ ജാവേദ് അഹമ്മദാണ് നാടണഞ്ഞത്.
ബ്രാഞ്ച് മാനേജറായ ഈജിപ്ഷ്യൻ പൗരനുമായി ജോലി സംബന്ധമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്നങ്ങളുെട തുടക്കം. മാനേജറോടുള്ള ദേഷ്യത്താൽ, ആ കടയിൽ കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപന്നങ്ങൾ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യാൻ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് വിഡിയോ ഉണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന സ്ഥാപനത്തിനെതിരെ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന തെറ്റാണ് ഇതുവഴി സംഭവിച്ചത്.
വ്യാജ വിഡിയോ പ്രചരിച്ച വിവരം മനസ്സിലാക്കിയ മാനേജർ ജാവേദിനെ താമസസ്ഥലത്തെത്തി മർദിച്ചു. മർദനത്തെ തുടർന്ന് ജാവേദ് പൊലീസിനെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ക്രിമിനൽ കേസിൽ അകപ്പെട്ട ജാവേദ്, നിയമ നടപടികളുമായി പ്രതിസന്ധിയിലായി. ഒടുവിൽ കേസ് അൽഖോബാർ ലേബർ കോടതിയിലെത്തി.
റിയാദിലെ ഇന്ത്യൻ എംബസിയാണ് നവയുഗം ജീവകാരുണ്യ പ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടനെ കേസിെൻറ ചുമതല ഏൽപിച്ചത്.
തുടർന്ന് മണിക്കുട്ടൻ നവയുഗം ജീവകാരുണ്യ പ്രവർത്തകരോടൊപ്പം ജാവേദിെൻറ കമ്പനിയെ ബന്ധപ്പെടുകയും ഒത്തുതീർപ്പ് ചർച്ച നടത്തുകയും ചെയ്തു. അതിനിടെ മർദിച്ച മാനേജരെ കമ്പനി സ്ഥലം മാറ്റിയിരുന്നു. പുതുതായി വന്ന മാനേജറോട് ജാവേദിെൻറ ദയനീയാവസ്ഥ വിവരിച്ചു നടത്തിയ അഭ്യർഥനക്ക് മുന്നിൽ കമ്പനി അയഞ്ഞു. ഇരുകൂട്ടരും കേസുകൾ പിൻവലിക്കാൻ തയാറായതോടെ നിയമക്കുരുക്കുകൾ അഴിഞ്ഞു. കമ്പനി ജാവേദിന് എക്സിറ്റും വിമാനടിക്കറ്റും നൽകിയതോടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.