ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ വനിതാ തൊഴിലാളികളെ നാട്ടിലയച്ചു
text_fieldsറിയാദ്: കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ മൂന്നു മലയാളി വനിതകളെ ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ നാട്ടിലേക്കെത്തിച്ചു. ആറു മാസം മുമ്പാണ് റിയാദിലെ കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള മൂന്നു പേർക്ക് ജോലി നഷ്ടമായത്. ഇവരും നേപ്പാൾ, ശ്രീലങ്ക, പാകിസ്താന് എന്നിവിടങ്ങളിൽ നിന്നുള്ളവരുമടക്കം 45ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടു.
നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന കമ്പനിയിൽനിന്ന് കുറച്ച് പേരെ മറ്റൊരു കമ്പനിയിലേക്ക് മാറ്റിയതോടെയാണ് പ്രതിസന്ധിയുണ്ടാകുന്നത്. നിലവിലെ മുഴുവൻ ശമ്പള കുടിശ്ശികയും കൈപ്പറ്റിയിട്ടുണ്ടെന്നും നൽകിയതിന്ന് തെളിവുണ്ടെന്നും പറഞ്ഞ് കമ്പനിയധികൃതർ രംഗത്ത് വന്നതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.
ആയിടക്ക് കൂട്ടത്തിലെ മിക്കയാളുകളുടെയും ഇഖാമയുടെ കാലാവധി കഴിയുകയും പുറത്തിറങ്ങാൻ പറ്റാത്ത അസ്ഥയിലുമായി. മുൻ മാസങ്ങളിലെ ശമ്പളം കൂടി കിട്ടാതായപ്പോൾ നിത്യച്ചെലവിന് പോലും വകയില്ലാതെ കഴിയുമ്പോഴാണ് റിയാദിലെ സാമൂഹിക പ്രവർത്തകരുമായി ഇവർ ബന്ധപ്പെടുന്നത്.
നിസാം കായംകുളം, സിറാജുദ്ദീൻ കൊല്ലം എന്നിവരുടെ നേതൃത്വത്തില് ആവശ്യമായ പച്ചക്കറികളും ഭക്ഷണസാധനങ്ങളും ക്യാമ്പിൽ ഇവർക്ക് എത്തിച്ച് നൽകി.
തുടർന്ന് ഇവരുടെ നിലവിലെ കമ്പനിയുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകി. ഇവരുടെ യാത്രാസംബന്ധമായ രേഖകളും നിയമനടപടികളും സംബന്ധിച്ച് ഇന്ത്യൻ എംബസിയുമായി നടത്തിയ പ്രവർത്തനങ്ങൾക്ക് അസ്ലം പാലത്ത്, നിഹ്മത്തുല്ല തുടങ്ങിയവർ നേതൃത്വം നൽകി.
എംബസി ഉദ്യോഗസ്ഥൻ ഷറഫുദ്ദീന്റെ ഇടപെടലുകൾ എംബസിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി. കഴിഞ്ഞ ദിവസം എംബസിയിൽ നിന്നുള്ള ഔട്ട്പാസ് കിട്ടി മൂവരും നാട്ടിലേക്ക് യാത്ര തിരിച്ചു.
മൂന്നുപേർക്കുമുള്ള വിമാന ടിക്കറ്റുകൾ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് സൗജന്യമായി നൽകി. സലീം വാലില്ലാപ്പുഴ, നമിഷ അസ്ലം, ഫൗസിയ നിസാം തുടങ്ങിയവർ യാത്രാനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.