ആശുപത്രി ബില്ലടച്ചില്ലെന്ന പേരിൽ മൃതദേഹം പിടിച്ചുവെക്കരുത്
text_fieldsജിദ്ദ: ആശുപത്രി ബില്ലടച്ചില്ലെന്ന പേരിൽ മൃതദേഹം പിടിച്ചുെവക്കുന്നതിനെതിരെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പണം നൽകാനുണ്ടെന്ന കാരണം പറഞ്ഞ് മൃതദേഹങ്ങൾ തടഞ്ഞുവെക്കുന്നതും രോഗികൾക്ക് വിടുതൽ നൽകാതിരിക്കലും തിരിച്ചറിയൽ രേഖകൾ വിട്ടുകൊടുക്കാതിരിക്കലും നിരോധിക്കപ്പെട്ടതാണെന്നും ഗുരുതര നിയമലംഘനമാണെന്നും മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു.
സ്വകാര്യ ആരോഗ്യ നിയമത്തിലെ ആർട്ടിക്കിൾ 30 അനുസരിച്ച് മൃതദേഹങ്ങളുടെ കൈമാറ്റം, രോഗികളുടെയോ നവജാതശിശുക്കളുടെയോ ഡിസ്ചാർജ് എന്നിവ വ്യക്തിക്കോ അയാളുടെ രക്ഷിതാവിനോ മരണപ്പെട്ടയാളുടെ ബന്ധുക്കൾക്കോ ഉള്ള അവകാശമാണ്. അതിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നടപടിക്രമങ്ങൾ ഉപാധിയാക്കിയിട്ടില്ല. പണത്തിന് പകരമായി സാമ്പത്തിക ബോണ്ടുകളിൽ ഒപ്പിടാൻ നിർബന്ധിക്കാനും ആശുപത്രികൾക്ക് അധികാരമില്ല.
സാമ്പത്തിക കുടിശ്ശികയുള്ളതിനാൽ മൃതദേഹം കൈമാറാതിരിക്കുക, നവജാതശിശുക്കളെയും രോഗികളെയും പോകാൻ അനുവദിക്കാതെ തടഞ്ഞുവെക്കുക എന്നിവ നിയമലംഘനമായി കണക്കാക്കും. ആരോഗ്യ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തുമെന്നും നിയമലംഘനങ്ങൾ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് റഫർ ചെയ്യുമെന്നും കുടിശ്ശിക പിരിച്ചെടുക്കാൻ ആരോഗ്യ സ്ഥാപനത്തിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.