ആഭ്യന്തര വിമാന സർവിസ്: സെപ്റ്റംബർ മുതൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
text_fieldsജിദ്ദ: സെപ്റ്റംബർ മുതൽ സൗദിയിലെ ആഭ്യന്തര വിമാന സർവിസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗികളിൽ വന്ന ഗണ്യമായ കുറവ് പരിഗണിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷെൻറ അനുവാദത്തെ തുടർന്നാണ് തീരുമാനം. ഇതോടെ ഓരോ വിമാനത്തിലും 52 ശതമാനം സീറ്റുകൾ വർധിക്കും.
സാമൂഹിക അകലം പാലിച്ചുകൊണ്ട് നിലവിൽ സൗദി എയർലൈൻസ് സർവിസ് നടത്തുന്ന ഒരാഴ്ചത്തെ ആഭ്യന്തര സീറ്റ് കപ്പാസിറ്റി 2,45,000 സീറ്റുകളാണ്. വിമാനത്തിലെ മുഴുവൻ സീറ്റുകളും ഉപയോഗിക്കുന്നതോടെ ഇത് 3,72,000 ആകും. പുതിയ സാഹചര്യങ്ങളെ നിരീക്ഷിക്കാൻ ഒരു ടീമിനെ നിശ്ചയിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ എല്ലാ റൂട്ടുകളിലും കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്നും സൗദി എയർലൈൻസ് അറിയിച്ചു.
ആഭ്യന്തര വിമാനയാത്രക്ക് യാത്രക്കാർ വാക്സിൻ രണ്ടു ഡോസുകൾ എടുത്തിരിക്കണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ മുതൽ ഇങ്ങനെയുള്ള യാത്രക്കാർക്ക് മാത്രമായിരിക്കും യാത്രക്ക് അനുമതി ഉണ്ടാവുക.
എന്നാൽ, 12 വയസ്സിന് താഴെ പ്രായമുള്ളവർ, പ്രത്യേക രോഗങ്ങൾ കാരണം വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽ നിന്നും ഇളവ് നൽകിയവർ എന്നിവരെ വാക്സിൻ എടുക്കണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർ മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കണമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.