സൗദിയിൽ കുരങ്ങുശല്യം തടയാൻ ദേശീയ വന്യജീവി കേന്ദ്രം
text_fieldsഅനീസുദ്ദീൻ ചെറുകുളമ്പ്
യാംബു: സൗദിയിലെ വിനോദ സഞ്ചാര മേഖലകളിലും ജനവാസകേന്ദ്രങ്ങളിലും ഹൈവേ വശങ്ങളിലും രൂക്ഷമായ ബാബൂൺ കുരങ്ങുകളുടെ ശല്യം കാരണം അവയെ നിരീക്ഷിക്കാനും വ്യാപനം ഇല്ലാതാക്കാനും നടപടികളുമായി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം. മക്ക, മദീന, അൽബാഹ, അസീർ, ജീസാൻ, നജ്റാൻ എന്നിവിടങ്ങളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പരിഹാര മാർഗങ്ങൾ ആരാഞ്ഞ് ശിൽപശാല സംഘടിപ്പിച്ചിരുന്നു. നാല് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന പ്രശ്നമാണ് കുരങ്ങുശല്യമെന്നും അതിന് ശാശ്വതമായ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്നും ദേശീയ വന്യ ജീവി സംരക്ഷണ കേന്ദ്രം സി.ഇ.ഒ മുഹമ്മദ് അലി കുർബാൻ പറഞ്ഞു. പരിഹാരങ്ങൾ കണ്ടെത്തുന്നതിന് കേന്ദ്രം മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാബൂണുകളുടെ എണ്ണം വർധിക്കുന്നതിനാൽ രോഗം പടരുന്നതും മറ്റ് മൃഗങ്ങൾക്ക് അപകടം വരുന്നതും പരിസ്ഥിതിക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടാക്കുന്നതും റിപ്പോർട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. 41,000ലധികം ബാബൂണുകളുള്ള 500 ലധികം ഹോട്ട്സ്പോട്ടുകൾ കണ്ടെത്താൻ കേന്ദ്രം ഡ്രോണുകളും ഭൂമിശാസ്ത്ര വിവര സംവിധാനങ്ങളും ഉപയോഗിച്ചതായി അദ്ദേഹം വ്യക്തമാക്കി. 2023 മേയിൽ ആരംഭിച്ച് 2026 ഡിസംബർ വരെ നീളുന്ന രണ്ടാംഘട്ട നിരീക്ഷണ പഠനത്തിൽ പ്രധാന നഗരങ്ങൾ, ഗ്രാമങ്ങൾ, കാർഷിക മേഖലകൾ, പൊതുപാതകൾ എന്നിവിടങ്ങളിൽ ബാബൂണുകളുടെ സാന്നിധ്യം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇതുവരെ ഏകദേശം 30,000 ബാബൂണുകളുള്ള 400 ലധികം ഹോട്ട്സ്പോട്ടുകൾ കണ്ടെത്താൻ 159 നിരീക്ഷണ കാമറകൾ ഉൾപ്പെടയുള്ള സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. 2030ൽ അവസാനിക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടത്തോടെ കുരങ്ങുകളുടെ പ്രശ്നത്തിന് ദീർഘകാലവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. ബാബൂണുകളുടെ ആവാസ വ്യവസ്ഥയെ താറുമാറാക്കുന്ന തെറ്റായ ചില നടപടികളാണ് അവ നാട്ടിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്.
കുരങ്ങുകളുടെ ആവാസവ്യവസ്ഥക്ക് പ്രകൃതിദത്തമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് അധികൃതർ ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. വഴിയാത്രക്കാർ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതും കുമിഞ്ഞുകൂടുന്ന ഭക്ഷണ അവശിഷ്ടങ്ങൾ മാലിന്യകൊട്ടയിൽ നിന്നും മറ്റും അവക്ക് ലഭിക്കുന്നതുമാണ് ഇവയുടെ എണ്ണം മനുഷ്യവാസ കേന്ദ്രങ്ങളിൽ ക്രമാതീതമായി കൂടാൻ കാരണമായതെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ കുരങ്ങുകൾക്ക് തെരുവിൽ നിന്ന് ഭക്ഷണം നൽകുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. വനാന്തരങ്ങളിൽ അവരുടെ ആവാസവ്യവസ്ഥയും ഭക്ഷണ ലഭ്യതയും പ്രകൃതിയൊരുക്കിയിട്ടുണ്ടെന്നും അവയെ കാടുകളിലേക്ക് തന്നെ തിരിച്ചെത്തിക്കേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.