സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇനി മുതൽ ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റാം
text_fieldsജിദ്ദ: സൗദിയിൽ ഇനിമുതൽ ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റാം. സ്‌പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകുക. ഹൗസ് ഡ്രൈവർമാരുൾപ്പെടെ നിരവധി വിദേശികൾക്ക് പുതിയ ക്രമീകരണം ആശ്വാസമാകും.
ഇക്കഴിഞ്ഞ മാർച്ച് മുതൽ ഖിവ ഓൺലൈൻ പോർട്ടൽ വഴി സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിനുള്ള നടപടിക്രമങ്ങൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ലളിതമാക്കിയിരുന്നു. എന്നാൽ ഈ ആനുകൂല്യം ഗാർഹിക തൊഴിലാളികൾക്ക് അനുവദിച്ചിരുന്നില്ല. ഖിവ പോർട്ടലിന് സമാനമായ രീതിയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിനാണ് ഇപ്പോൾ മന്ത്രാലയം അവസരമൊരുക്കിയത്.
ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ തുടങ്ങിയ വിസകളിൽ ജോലി ചെയ്യുന്നവരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം ഇനിമുതൽ അബ്ഷിർ വ്യക്തിഗത പോർട്ടൽ വഴി സാധ്യമാണെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലുടമകളുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
നിലവിലെ തൊഴിലുടമ തൊഴിലാളിയെ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പുതിയ തൊഴിലുടമക്ക് അബ്ഷിർ വഴി അപേക്ഷ അയക്കണം. തൊഴിലാളി തെൻറ അബ്ഷീർ അക്കൗണ്ട് വഴി അപേക്ഷ അംഗീകരിക്കുകയും ശേഷം പുതിയ തൊഴിലുടമ തെൻറ അബ്ഷിർ അക്കൗണ്ട് വഴി അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നതോടെ സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകും. എന്നാൽ ഒരേ സ്പോൺസർക്ക് കീഴിൽ ഒന്നിലധികം ഹൗസ് ഡ്രൈവർമാരോ, ഒരേ പ്രൊഫഷനിലുള്ള കൂടുതൽ തൊഴിലാളികളോ ഉണ്ടെങ്കിൽ അബ്ഷിർ വഴിയുള്ള സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമല്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.