രക്തദാനം സപര്യയാക്കി ബ്ലഡ് ഡോണേഴ്സ് പാർക്ക്
text_fieldsജിദ്ദ: രക്തദാനം ജീവദാനമെന്ന ആപ്തവാക്യം പ്രവൃത്തി പഥത്തിലാക്കി ബ്ലഡ് ഡോണേഴ്സ് പാർക്ക്. 2018 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ജിദ്ദയിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രൂപംകൊണ്ട വേദിയാണ് ബ്ലഡ് ഡോണേഴ്സ് പാർക്ക്. നിലവിൽ 157 ദാതാക്കളാണ് ഇതിൽ അംഗങ്ങൾ. അതിൽ 37 പേർ സ്ഥിരം ദാതാക്കളാണ്. ഓരോ മൂന്നുമാസം കൂടുമ്പോഴും ജിദ്ദയിലും സമീപത്തുമുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ആശ്വാസമായി രക്തം ദാനം ചെയ്യാൻ സന്നദ്ധരാണിവർ. പ്രവാസ ലോകത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ബ്ലഡ് ഡോണേഴ്സ് പാർക്കിലെ മെമ്പർമാർ. ഇവരിൽ ഡോക്ടർമാർ മുതൽ സമൂഹത്തിെൻറ വിവിധ രംഗങ്ങളിൽ വർത്തിക്കുന്ന വ്യക്തികളുണ്ട്. പ്രവാസത്തിൽ പരിമിതമായ സാഹചര്യങ്ങളിൽ നിൽക്കുമ്പോഴും സഹജീവികൾക്ക് വേണ്ടി ജീവദാനത്തിനായി അവശ്യഘട്ടങ്ങളിൽ സന്നദ്ധരായിരുന്നവരെ ഒന്നിച്ചു ചേർത്താണ് ബ്ലഡ് ഡോണേഴ്സ് പാർക്ക് എന്ന സംവിധാനത്തിന് രൂപം നൽകിയത്. 2018 അവസാനത്തോടെ രൂപവത്കരണസമയം മുതൽ വ്യവസ്ഥാപിതമായ രീതിയിൽ രക്തം ദാനം ചെയ്തുവരുന്നതായി കോഓഡിനേറ്റർ എൻജി. അൽ അമാൻ അഹ്മദ് നാഗർകോവിൽ റിപ്പോർട്ട് പ്രകാരം വിശദീകരിച്ചു.
2019ൽ 62 രോഗികൾക്കാണ് ഈ സംവിധാനത്തിലൂടെ രക്തം ദാനം ചെയ്യാൻ സാധിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ 2020ൽ 147 പേർക്ക് രക്തം ദാനം ചെയ്യാൻ സാധിച്ചു. ഈ വർഷവും സഹജീവികളുടെ ആവശ്യകത മനസ്സിലാക്കി വിവിധ ആശുപത്രികളിൽ അംഗങ്ങൾ രക്തദാനം തുടർന്ന് വരുന്നുണ്ട്. സൗദി അറേബ്യയുടെ 91ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ഈ വർഷം ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിലാണ് ബ്ലഡ് ഡോണേഴ്സ് പാർക്ക് ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ കീഴിൽ രക്തദാനം നടത്തിയത്. രക്തദാന രംഗത്തെ സേവനം മുൻനിർത്തി ബ്ലഡ് ഡോണേഴ്സ് പാർക്കിന് ഗ്ലോബൽ യൂത്ത് ക്ലബിെൻറ പ്രശംസാ പത്രം കോഓഡിനേറ്റർ അൽ അമാൻ അഹ്മദ് കഴിഞ്ഞ ജൂൺ 14ന് ഏറ്റുവാങ്ങിയിരുന്നു. സ്ഥിരം ദാതാക്കളെ ദേശീയ ദിനാഘോഷ ഭാഗമായി ഉപഹാരവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
സ്ഥിരം ദാതാക്കളായ ഡോ. അഹമ്മദ് ബാഷ (തൃശ്ശിനാപ്പള്ളി), ഗ്ലെൻ ഗോമസ് (തമിഴ്നാട്), മുഹമ്മദ് ഷാഹിദ് (കർണാടക), മുസ്തഫ കമാൽ (കർണാടക) എന്നിവർക്ക് കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ നടന്ന ചടങ്ങിൽ യൂനിവേഴ്സിറ്റി ആശുപത്രി ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. മാഹാ അൽ ബദവി, ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ പ്രസിഡൻറ് അഷ്റഫ് മൊറയൂർ, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ മുൻ പ്രഫസർ ഡോ. ഹുസ്സൈൻ മണിയാർ എന്നിവർ ഉപഹാരങ്ങൾ കൈമാറി. ഷറഫിയ്യയിൽ നടന്ന ചടങ്ങിലാണ് ബ്ലഡ് ഡോണേഴ്സ് പാർക്കിലെ മറ്റു ദാതാക്കളെ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.