പ്രവാസി പുനരധിവാസം പ്രഖ്യാപനങ്ങളിലൊതുങ്ങരുത് –കെ.ഡി.എം.എഫ് റിയാദ്
text_fieldsറിയാദ്: ‘പ്രവാസികളെ ആര് പുനരധിവസിപ്പിക്കും’ എന്ന വിഷയത്തില്‍ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ.ഡി.എം.എഫ് റിയാദ്) ചർച്ചസംഗമം സംഘടിപ്പിച്ചു. പ്രവാസി പുനരധിവാസം സംബന്ധിച്ച പദ്ധതികള്‍ പ്രഖ്യാപനങ്ങളിലൊതുങ്ങരുതെന്നും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ പ്രവാസികളെ പുനരധിവസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രവാസി സംഘടനകള്‍ക്ക് ഈ വിഷയത്തിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രവാസികള്‍ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.
കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. അവര്‍ തിരിച്ചുവരുമ്പോള്‍ ആവശ്യമായ പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടത് സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ്.
വിദേശ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ നൈപുണ്യം നേടിയ പ്രവാസികളുടെ മനുഷ്യസമ്പത്ത് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും പദ്ധതികള്‍ വെറും ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുതെന്നും ചര്‍ച്ചസംഗമം ആവശ്യപ്പെട്ടു.
ഇത്തരം പദ്ധതികള്‍ നടപ്പില്‍വരുത്താന്‍ സര്‍ക്കാറില്‍ സമ്മർദം ചെലുത്താന്‍ കഴിയുന്ന സമ്മർദകക്ഷികളായി പ്രവാസി സംഘടനകളും ലോക കേരളസഭയും വളരണമെന്നും പ്രവാസി മലയാളികള്‍ക്കിടയില്‍ ഇത്തരം ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അവര്‍ക്ക് സാധിക്കണമെന്നും പ്രവാസികള്‍ക്ക് ആവശ്യമായ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും അവരുടെ സാമ്പത്തിക ഭദ്രതയോടൊപ്പംതന്നെ മാനസിക, ശാരീരിക, ആരോഗ്യ മേഖലകളില്‍ ആവശ്യമായ ബോധവത്കരണം നടത്താനും പ്രവാസി സംഘടനകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ചര്ച്ചസംഗമത്തിൽ അഭിപ്രായമുയർന്നു.
സാമ്പത്തികമായ അച്ചടക്കമില്ലായ്മ പ്രവാസികള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രവാസികളെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്നും ചര്‍ച്ച ഓർമപ്പെടുത്തി. പ്രവാസികള്‍ക്കിടയില്‍ വർധിച്ചുവരുന്ന മരണങ്ങളെയും അതില്‍ കൂടുതലും ഹൃദയാഘാതം മൂലമുള്ളതാണെന്നതിനെയും കുറിച്ച് ചര്‍ച്ചയില്‍ ആശങ്കപ്പെട്ടു.
സ്വയം പുനരധിവസിക്കാനും പ്രവാസികള്‍ തന്നെ വേണ്ട തയാറെടുപ്പുകള്‍ നടത്തണമെന്നും ഈ വിഷയത്തില്‍ കാര്യമായ ബോധവത്കരണം നടക്കണമെന്നും ചര്‍ച്ചസംഗമം ഉണർത്തി.
സംഘടന നടത്തിവന്ന ‘ഇന്‍സിജാം’ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ലോക കേരളസഭ അംഗം ഇബ്രാഹിം സുബ്ഹാന്, ഷാഫി തുവ്വൂർ, മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി, മുഹമ്മദ് ഷമീജ് പതിമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു. ഓർഗനൈസിങ് സെക്രട്ടറി ശറഫുദ്ദീൻ ഹസനി ചർച്ച നിയന്ത്രിച്ചു. അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി ഉപസംഹാരം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.