ലാഭത്തിൽ ഇരട്ടി നേട്ടം; ഐ.പി.ഒക്ക് പിന്നാലെ കുതിച്ച് ലുലു റീട്ടെയിൽ
text_fieldsഅബൂദബി: ഐ.പി.ഒയിൽ റെക്കോഡ് നേട്ടത്തോടെ ഓഹരിവിപണിയിൽ വരവറിയിച്ച ലുലു റീട്ടെയിലിന്റെ വരുമാനത്തിലും വൻ കുതിപ്പ്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 186 കോടി ഡോളറാണ് (15,720 കോടി രൂപ) ലുലു റീട്ടെയ്ലിന്റെ വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെ നേട്ടമാണ് രേഖപ്പെടുത്തിയത്.
യു.എ.ഇക്ക് പുറമേ സൗദി അറേബ്യ, കുവൈത്ത് എന്നിവയുൾപ്പെടെയുള്ള പ്രധാന വിപണികളിലെ വളർച്ചയാണ് വരുമാന വർധനവിന് പിൻബലമേകിയതെന്ന് ലുലു ഗ്രൂപ് അധികൃതർ അറിയിച്ചു. ഭക്ഷ്യ വസ്തുക്കളുടെയും ഇലക്ട്രിക്കൽ സാധനങ്ങളുടെയും വിൽപനയിലാണ് വൻ കുതിപ്പ് പ്രകടമായത്.
മൂന്നു മാസത്തിനിടെ ലാഭം 126 ശതമാനം വർധിച്ച് 3.51 കോടി ഡോളറായി ഉയർന്നിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കമ്പനിയുടെ അറ്റ ലാഭം 73.3 ശതമാനം വർധിച്ച് 15.15 കോടി ഡോളറിലെത്തി. നവംബർ 14ന് അബൂദബി സെക്യൂരിറ്റി എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ലുലു റീട്ടെയ്ലിന്റെ ഓഹരികൾക്ക് വൻ ഡിമാന്റ് ലഭിച്ചിരുന്നു.
തുടക്കത്തിൽ 25 ശതമാനം ഓഹരികളായിരുന്നു ഐ.പി.ഒയിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും നിക്ഷേപകരിൽ നിന്ന് വൻ പ്രതികരണം കണക്കിലെടുത്ത് അഞ്ച് ശതമാനം കൂടി വർധിപ്പിച്ച് 30 ശതമാനമാക്കേണ്ടി വന്നു. ഇതു വഴി മൂന്നു ലക്ഷം കോടി രൂപ സമാഹരിക്കാനും ലുലുവിന് സാധിച്ചു.
ഐ.പി.ഒ പ്രഖ്യാപനത്തിന് പിന്നാലെ ഈ വർഷം 100 സ്റ്റോറുകൾ കൂടി തുറക്കുമെന്നും ലുലു റീട്ടെയ്ൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 12 പുതിയ സ്റ്റോറുകളാണ് യു.എ.ഇയിലുടനീളം തുറന്നത്. ഇതിൽ മൂന്നാം പാദ വർഷത്തിൽ മാത്രം മൂന്ന് പുതിയ സ്റ്റോറുകൾ തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.