ഡോ. ഇസ്മായിൽ മരുതേരിക്കും മന്‍സൂര്‍ മാസ്റ്റര്‍ക്കും ജി.ജി.ഐ യാത്രയയപ്പ്
text_fieldsജിദ്ദ: പ്രവാസം മതിയാക്കി മടങ്ങുന്ന പ്രമുഖ വാഗ്മിയും എഴുത്തുകാരനും ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) പ്രസിഡന്റുമായ ഡോ. ഇസ്മായില്‍ മരുതേരിക്കും എക്‌സിക്യൂട്ടിവ് അംഗവും ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനുമായ സി.ടി. മന്‍സൂര്‍ മാസ്റ്റര്‍ക്കും ജി.ജി.ഐ യാത്രയയപ്പ് നല്‍കി. സാംസ്‌കാരിക, വൈജ്ഞാനിക, അധ്യാപന, സാമൂഹിക സേവന രംഗങ്ങളില്‍ തനതായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും നിസ്തുല സംഭാവനകൾ അര്‍പ്പിക്കുകയും ചെയ്തശേഷമാണ് ഇരുവരും ജിദ്ദയോട് വിടവാങ്ങുന്നതെന്ന് 'സ്‌നേഹാദരം' യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സംശയ നിവാരണത്തിന് താന്‍ മുഖ്യമായി അവലംബിച്ചിരുന്ന സ്രോതസ്സുകളില്‍ ഒന്നായിരുന്നു ഡോ. ഇസ്മായിൽ മരുതേരിയെന്ന് ജിദ്ദ നാഷനല്‍ ആശുപത്രി ചെയര്‍മാനും ജി.ജി.ഐ രക്ഷാധികാരിയുമായ വി.പി. മുഹമ്മദലി പറഞ്ഞു. ജിദ്ദയിലെ പൊതുമണ്ഡലത്തില്‍ കളം നിറഞ്ഞുനിന്ന അദ്ദേഹം ഹജ്ജ് സേവനരംഗത്തും സജീവ സാന്നിധ്യമായിരുന്നുവെന്ന് വി.പി. മുഹമ്മദലി ചൂണ്ടിക്കാട്ടി.
സമുദായ ഐക്യത്തിന്റെ കണ്ണികള്‍ ബലപ്പെടുത്താനും അറിവിന്റെയും സാമൂഹിക സേവനത്തിന്റെയും മാഹാത്മ്യം പ്രചരിപ്പിക്കാനും ഡോ. ഇസ്മായിൽ മരുതേരിയും മന്‍സൂര്‍ മാസ്റ്ററും അര്‍പ്പിച്ചുപോരുന്ന സംഭാവനകള്‍ ജി.ജി.ഐ ഉപരക്ഷാധികാരികളായ അബ്ബാസ് ചെമ്പനും സലീം മുല്ലവീട്ടിലും റഹീം പട്ടര്‍ക്കടവനും എടുത്തുപറഞ്ഞു.
ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജലീല്‍ കണ്ണമംഗലം, സാദിഖലി തുവ്വൂര്‍, എ.എം അബ്ദുല്ലക്കുട്ടി, നൗഫല്‍ പാലക്കോത്ത്, അബ്ദുറഹ്‌മാന്‍ കാളമ്പ്രാട്ടില്‍, അഷ്‌റഫ് പട്ടത്തില്‍, പി.എം. മുര്‍തദ, മന്‍സൂര്‍ വണ്ടൂര്‍, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, അരുവി മോങ്ങം, സഹല്‍ കാളമ്പ്രാട്ടില്‍, ജി.ജി.ഐ വനിത വിഭാഗം കണ്‍വീനര്‍ റഹ്‌മത്ത് ആലുങ്ങല്‍, റഹ്‌മത്ത് ടീച്ചര്‍, ശബ്‌ന കബീര്‍, നാസിറ സുല്‍ഫി, ഫാത്തിമ ജലീല്‍ എന്നിവര്‍ ഇരുവര്‍ക്കും യാത്രാമംഗളങ്ങൾ നേര്‍ന്നു. ഡോ. ഇസ്മായിൽ മരുതേരിയും മന്‍സൂര്‍ മാസ്റ്ററും സമീറാ ഇസ്മായിലും മറുപടി പ്രസംഗം നടത്തി.
കയ്പും മധുരവും നിറഞ്ഞ ജീവിതത്തില്‍, ആത്മസംഘര്‍ഷങ്ങളില്‍നിന്ന് കരകയറാനുള്ള മികച്ച മാര്‍ഗമാണ് ചുറ്റിലും സ്‌നേഹവും സൗഹാര്‍ദവും പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്നതും അശരണര്‍ക്കു കൈത്താങ്ങായി നിലകൊള്ളുന്നതുമെന്ന് ഡോ. ഇസ്മായിൽ മരുതേരി പറഞ്ഞു.
ഇന്തോ-അറബ് ബന്ധം സുദൃഢമാക്കുന്നതിനും കാതലായ പ്രവാസി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇളംതലമുറയുടെ ഉത്കര്‍ഷത്തിനും ഊന്നല്‍ നല്‍കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജി.ജി.ഐ, പരസ്പരം മാനിച്ചും ആദരിച്ചും പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ചുനില്‍ക്കുന്നതിലെ മഴവില്‍ സൗന്ദര്യം അന്വര്‍ഥമാക്കിയതായി ഡോ. ഇസ്മായിൽ മരുതേരി ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുമ്പോഴാണ് ജീവിത സംതൃപ്തി ലഭിക്കുക എന്നും അത് ജി.ജി.ഐയിലൂടെ സാധ്യമായെന്നും മന്‍സൂര്‍ അഭിപ്രായപ്പെട്ടു.
ട്രഷറര്‍ ഇബ്രാഹിം ശംനാട് 'ഖുര്‍ആനില്‍നിന്ന്' അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും സെക്രട്ടറി കബീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.