അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ സൗദി പ്രതിനിധിയായി ഡോ. ജയചന്ദ്രൻ
text_fieldsറിയാദ്: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സൗദി അറേബ്യയിൽനിന്നുള്ള പ്രതിനിധിയായി പ്രവാസി മലയാളി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പിന്തുണയോടെ തിരുവനന്തപുരത്തെ ഡിഫറന്റ് ആർട് സെന്ററും ന്യൂയോർക്കിലെ അഡെൽഫി യൂനിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തിലാണ് 20 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളിലൊരാളായി റിയാദിലെ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കെ.ആർ. ജയചന്ദ്രൻ പങ്കെടുക്കുന്നത്.
ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരത്തെ കിൻഫ്ര പാർക്കിലെ ഡിഫറന്റ് ആർട് സെന്ററിലാണ് സമ്മേളന പരിപാടി. ഇന്റർനാഷനൽ കോൺഫറൻസ് ഓൺ കോംപ്രഹെൻസീവ് എജുക്കേഷൻ ഫോർ ചിൽഡ്രൻ വിത്ത് സ്പെഷൽ നീഡ്സ് (ഐ.സി.സി.ഇ) എന്ന സമ്മേളനം ‘മുതിർന്നവരുടെ ലോകത്തേക്ക് കുട്ടികളുടെ പരിവർത്തനം’ എന്ന വിഷയത്തിലാണ് സംഘടിപ്പിക്കുന്നത്.
റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ)യുടെ അംഗീകാരത്തോടെയാണ് ത്രിദിന സമ്മേളനം. അമേരിക്ക, ഫ്രാൻസ്, ഇന്ത്യ, ജപ്പാൻ, യു.എ.ഇ, സൗദി അറേബ്യ, ബ്രിട്ടൻ, ഇറ്റലി, ബംഗ്ലാദേശ്, അസർബൈജാൻ, യുക്രെയ്ൻ, നേപ്പാൾ, റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് ഓരോ പ്രഭാഷകർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അക്കൂട്ടത്തിലാണ് സൗദിയെ പ്രതിനിധാനംചെയ്ത് ഡോ. കെ.ആർ. ജയചന്ദ്രൻ സമ്മേളനത്തിന്റെ ആദ്യദിവസമായ ഈ മാസം അഞ്ചിന് ഉച്ച 1.30 മുതൽ 2.45വരെ ഭിന്നശേഷിക്കാരായ കുട്ടികളുടെ നൈപുണ്യ വികസനത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ ഡോ. കെ.ആർ. ജയചന്ദ്രൻ 2003 മുതൽ റിയാദിൽ പ്രവാസിയാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസ വിദഗ്ധൻ, എഴുത്തുകാരൻ, പ്രഭാഷകൻ, കൗൺസിലർ, പരിശീലകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം ന്യൂഡൽഹിയിൽ എൻ.സി.ഇ.ആർ.ടിയിൽ മാസ്റ്റർ ട്രെയിനറായാണ് തുടക്കം. ശേഷം സൗദിയിലെത്തി ഇന്ത്യൻ എംബസിക്ക് കീഴിൽ ഇന്റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെ പ്രത്യേക വിദ്യാഭ്യാസ കേന്ദ്രം തലവനായി പ്രവർത്തിച്ചു. ഈ കാലയളവിൽ സൗദിയിലെ സി.ബി.എസ്.ഇ കൗൺസലർ പദവിയും വഹിച്ചു.
ശേഷം 2012 മുതൽ 2022 വരെ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ സ്പെഷൽ എജുക്കേഷൻ പ്രോഗ്രാമിൽ സീനിയർ കൺസൽട്ടന്റായി സേവനം അനുഷ്ഠിച്ചു. നിലവിൽ റിയാദ് കേന്ദ്രീകരിച്ച് മാനേജ്മെന്റ് കൺസൾട്ടിങ് രംഗത്ത് സീനിയർ കൺസൽട്ടന്റായി പ്രവർത്തിക്കുന്നു. വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളിൽ ഏഴോളം പുസ്തകങ്ങളുടെ കർത്താവാണ്. സൗത്ത് ഗുജറാത്ത് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം അന്താരാഷ്ട്ര യൂനിവേഴ്സിറ്റികളുടേതടക്കം ഫെലോഷിപ്പുകൾക്ക് അർഹനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.