'കരുതൽ വിദ്യാഭ്യാസത്തിൽ' ശ്രദ്ധയൂന്നി ഡോ. ജയചന്ദ്രൻ
text_fieldsറിയാദ്: പുതിയ കാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്തകളിലും ഗവേഷണങ്ങളിലുമാണ് ഡോ. കെ.ആർ. ജയചന്ദ്രൻ. പ്രത്യേകിച്ചും ശാരീരിക-മാനസിക പഠന വൈകല്യങ്ങളുള്ള കുട്ടികളുടെ വിദ്യാഭ്യാസ മനഃശാസ്ത്ര മേഖലകളിൽ. രക്ഷിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും ഏറെ വെല്ലുവിളികൾ സൃഷ്ടിക്കുന്ന ഇത്തരക്കാരുടെ ജീവിതത്തെ ശാസ്ത്ര-സാങ്കേതികവിദ്യയുടെ വെളിച്ചത്തിൽ ലഘൂകരിക്കാനും കുരുക്കുകളഴിക്കാനുമുള്ള ശ്രമത്തിലാണ് അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് രണ്ടു പുസ്തകങ്ങൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. 'കുട്ടികളെ അറിയുക' (Know Your Child First) എന്ന ആദ്യ പുസ്തകം അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി, അവക്ക് പരിഹാരം കണ്ടെത്താനുള്ള നിർദേശങ്ങളടങ്ങിയതാണ്. കഴിഞ്ഞയാഴ്ച ഇന്ത്യൻ അംബാസഡർ പ്രകാശനം ചെയ്‌ത പുതിയ പുസ്തകം (Special Education: Theories to Practice) നമ്മുടെ ആശയങ്ങളും കാഴ്ചപ്പാടുകളും എങ്ങനെ മുഖ്യധാരാ വിദ്യാഭ്യാസ വികസനത്തിനായി പ്രയോഗവത്കരിക്കാമെന്ന് വിശദമായി ചർച്ചചെയ്യുന്നു.
രണ്ടു ഗ്രന്ഥങ്ങളും ന്യൂഡൽഹിയിലെ ബ്ലൂ റോസ് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ, സൗദി വിദ്യാഭാസ മന്ത്രാലയത്തിനു വേണ്ടി മൂന്നു ഗവേഷണ പ്രബന്ധങ്ങളും ഒരു ഓപറേഷനൽ മാനുവലും നിരവധി വിദ്യാഭ്യാസ മനഃശാസ്ത്ര ലേഖനങ്ങളും അദ്ദേഹത്തിന്‍റേതായുണ്ട്. രക്ഷിതാക്കൾ, അധ്യാപകർ, പ്രഫഷനലുകൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി എല്ലാവർക്കും ഏറെ പ്രയോജനപ്രദമാണ് ഈ കൃതികൾ. ഒരു ട്രെയിനിങ് കോളജിൽ ലെക്ചററായി അധ്യാപകവൃത്തിയാരംഭിച്ച ജയചന്ദ്രൻ, മനഃശാസ്ത്രം, പുനരധിവാസം എന്നീ മേഖലകളിലെ പഠനവും ഗവേഷണവും തന്‍റെ പ്രവാസത്തിലും തുടരുകയായിരുന്നു. ഇന്ത്യയിൽനിന്ന് ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റും അന്താരാഷ്ട്ര ഫെലോഷിപ് ലഭിച്ചതിനെ തുടർന്ന് ആസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസ നേതൃത്വ പരിശീലനവും ലഭിച്ചു. തിരിച്ചെത്തിയശേഷം എൻ.സി.ആർ.ടിയിൽ ഫെലോ ആയി വിവിധ മേഖലകളിൽ പ്രഫഷനലുകൾക്കായി 'ട്രെയിനേഴ്‌സ് ട്രെയിനിങ്' പരിപാടികൾ നടത്തി. തുടർന്ന് റിയാദിലെ ഇന്‍റർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിലേക്കും
പിന്നീട് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിലേക്കും പ്രവർത്തന മേഖലകൾ വ്യാപരിച്ചു. ഇപ്പോൾ വിഷൻ 2030ന്‍റെ ഭാഗമായ പ്രിൻസ് സുൽത്താൻ സെന്‍ററിലെ സീനിയർ റിസർച് കൺസൽട്ടന്‍റായി പ്രവർത്തിക്കുന്നു.
'പണ്ടുകാലങ്ങളിൽ വൈകല്യമുള്ള ഒരു കുട്ടി പിറന്നാൽ വിധിയെ പഴിക്കുന്ന കുടുംബങ്ങളായിരുന്നു അധികവും. ഇന്ന് കാലം മാറി, ആ കുട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ ഭൗതിക സാഹചര്യവും സമ്പത്തും ഉപയോഗിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. അവർക്ക് പ്രത്യേക പരിഗണന നൽകാൻ ശ്രമിക്കുക എന്നത് നിർണായകമാണ്. സാങ്കേതിക പരിജ്ഞാനവും ചികിത്സയും കൃത്യസമയത്ത് നൽകിയാൽ മികച്ച വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും സഹായകമാകുമെന്നും ഡോ. ജയചന്ദ്രൻ ചൂണ്ടിക്കാട്ടി.
'വൈകല്യങ്ങൾ ജന്മനായുള്ളതാണെങ്കിലും അപകടത്തിൽ സംഭവിക്കുന്നതാണെങ്കിലും അവർക്ക് മാനുഷിക പരിഗണനയും അവകാശങ്ങളും നൽകണമെന്നാണ് യു.എൻ ചട്ടം. ഇന്ത്യയിൽ 1995ലെ (disability act) നിയമവും പരിഷ്കരിച്ച 2016ലെ ഭേദഗതികളും അവർക്ക് മുന്തിയ പരിഗണന നൽകുന്നുണ്ട്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരെയും മുഖ്യധാരയിൽ ഉൾപ്പെടുത്താൻ വളരെ ശ്രമം ആവശ്യമാണ്. ഗുരുതരമായ അന്ധത, ബധിരത, ഹൈപർ ആക്ടിവിറ്റി, ഓട്ടിസം തുടങ്ങി കൂടുതൽ തീവ്രപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് സ്‌പെഷൽ സ്‌കൂൾതന്നെയാണ് ഇപ്പോഴും അഭികാമ്യം. എന്നാൽ, ചെറിയ പ്രശ്നങ്ങളുള്ളവർക്ക് അവരുടെ പഠനത്തിനും അഭിരുചികൾ വളർത്താനും പ്രതിസന്ധികളെ അതിജീവിക്കാനുമുള്ള ഊർജം മുഖ്യധാരാ വിദ്യാഭ്യാസത്തിൽനിന്നാണ് കൂടുതൽ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വൈകല്യങ്ങളും സഹോദരങ്ങളിലേക്ക് പകരണമെന്നില്ല. ചില ജനിതകമായ തകരാറുകൾ ഉണ്ടായേക്കാം. പ്രവാസികുടുംബങ്ങളിലും ഇത്തരം കുട്ടികളുടെ പഠന, പുനരധിവാസ പ്രശ്‌നങ്ങൾ വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ശ്രമകരമാണെങ്കിലും ഇത്തരം സമ്മർദങ്ങളെ അതിജീവിക്കുകയാണ് വേണ്ടതെ'ന്ന് ഡോ. ജയചന്ദ്രൻ പറഞ്ഞു.
മൊബൈൽ ഫോണിന്‍റെ ഉപയോഗം പ്രവാസി കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് കൗൺസലിങ്, കുട്ടികൾക്കുള്ള തെറപ്പി സേവനങ്ങൾ എന്നിവ നൽകാനും അദ്ദേഹം സമയം കണ്ടെത്തുന്നു.
തിരുവനന്തപുരം ജില്ലയിലെ അയിരൂപ്പാറ സ്വദേശിയാണ് ഡോ. ജയചന്ദ്രൻ. റിഹാബിലിറ്റേഷൻ സ്പെഷലിസ്റ്റായ സ്വപ്നയാണ് ജീവിതപങ്കാളി. മെഡിക്കൽ വിദ്യാർഥിയായ ആദിത്യ, സേവ ഇന്‍റർനാഷനൽ സ്‌കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയായ ഐശ്വര്യ എന്നിവർ മക്കളാണ്. തന്‍റെ പുതിയ പുസ്തകത്തിന്‍റെ രചനയിലാണ് ഇപ്പോൾ അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.