ഡോ. മുഹമ്മദ് നജീബ് പ്രവാസത്തോട് വിടപറയുന്നു
text_fieldsറിയാദ്: ഒരു ദശാബ്ദത്തിലേറെ നീണ്ട സൗദി പ്രവാസത്തിൽ അധ്യാപനത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും സജീവ സാന്നിധ്യമറിയിച്ച ഡോ. മുഹമ്മദ് നജീബ് നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് ജില്ലയിലെ കായക്കൊടി സ്വദേശിയാണ് അദ്ദേഹം. ശഖ്റ യൂനിവേഴ്‌സിറ്റിയിൽ ഹെൽത്ത് റീഹാബിലിറ്റേഷൻ കോളജ് ഓഫ് അപ്ലൈഡ് മെഡിക്കൽ സയൻസിൽ ന്യൂറോ ഫിസിയോതെറപ്പി ലെക്ചററായി സേവനമനുഷ്ഠിക്കുകയായിരുന്നു.
മംഗലാപുരം യൂനിവേഴ്‌സിറ്റിയിൽനിന്ന് ഫിസിയോതെറപ്പിയിൽ ബിരുദവും എം.ജി യൂനിവേഴ്‌സിറ്റിയിൽനിന്ന് ന്യൂറോ ഫിസിയോതെറപ്പിയിൽ ബിരുദാന്തര ബിരുദവും നേടി. സൗദി കേരളീയ സമൂഹത്തിൽ നേതൃത്വപരിശീലനം, കൗൺസലിങ്, വിദ്യാഭ്യാസം, സാംസ്കാരികം തുടങ്ങി നിരവധി മേഖലകളിൽ മെന്ററും മാർഗദർശിയുമായി അദ്ദേഹം നിറഞ്ഞുനിന്നു.
വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, വിദ്യാർഥികൾ, വ്യക്തികൾ എല്ലാവരുംതന്നെ അദ്ദേഹത്തിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തി. പ്രവാസത്തിനുമുമ്പ് കോഴിക്കോട്ടെ ജെ.ഡി.ടി ഇസ്‌ലാം (ഇഖ്റ ആശുപത്രി) കോളജ് ഓഫ് ഫിസിയോതെറപ്പിയിൽ പ്രിൻസിപ്പൽ, എ.ഡബ്ല്യു.എച്ച് സ്‌പെഷൽ കോളജിൽ വകുപ്പ് മേധാവി, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിൽ ഫിസിയോതെറപ്പി ബോർഡ് ഓഫ് സ്റ്റഡീസ് മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എഴുത്ത്, പ്രഭാഷണം, താരതമ്യ പഠനം, സംവാദം എന്നീ മേഖലകളിൽ സജീവമാണ്.
യൂ ട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ സോഷ്യൽ മീഡിയ രംഗത്ത് ഇടപെടുന്നു. സൗദിയിൽ തനിമ കലാസാംസ്കാരിക വേദി കേന്ദ്ര സമിതിയംഗം, റിയാദ് പ്രൊവിൻസ് പ്രസിഡന്റ്, അൽഖസീം സോണൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. മാധ്യമപ്രവർത്തകൻകൂടിയായ അദ്ദേഹം ഗൾഫ് മാധ്യമം ശഖ്റ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സമൂല പരിവർത്തന ഘട്ടത്തിലൂടെയാണ് സൗദി അറേബ്യ ഇപ്പോൾ കടന്നുപോകുന്നതെന്നും ദേശസാത്കരണം സജീവമാണെങ്കിലും കഴിവ് തെളിയിച്ച വിദേശ ഗവേഷകർക്കും അധ്യാപകർക്കും മെഡിക്കൽ രംഗത്ത് ഇപ്പോഴും ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഭാര്യ: ഫബീന. വിദ്യാർഥികളായ യഹ്‌യ നജീബ്, ഫാത്തിമ ഹയ, ആയിശ ഹന എന്നിവർ മക്കളാണ്. കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.