ആതുരശുശ്രൂഷക്കിടയിലും ചിത്രരചനയുമായി ഡോ. റുബീന ഷമീൽ
text_fieldsദമ്മാം: ആതുരശുശ്രൂഷയുടെ തിരക്കിനിടയിലും ചിത്രരചനയിൽ കൈമുദ്ര പതിപ്പിക്കുകയാണ് ഡോ. റുബീന ഷമീൽ. കോവിഡ് കാലത്തിെൻറ വിരസദിനങ്ങളിൽ ചിത്രരചന ഗൗരവത്തിലെടുത്ത് പുതിയ മാനങ്ങൾ തീർക്കുകയാണ് അവർ. നാട്ടിൽ ദന്തരോഗവിദഗ്ധയായിരുന്ന ഡോ. റുബീന ദമ്മാമിലുള്ള ഭർത്താവിനൊപ്പം രണ്ടു മാസം താമസിക്കാൻ രണ്ടു വർഷം മുമ്പ് എത്തിയതാണ്.
കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങി പ്രവാസം നീണ്ടുപോയപ്പോഴാണ് ചിത്രരചനയിലുള്ള കഴിവ് പൊടിതട്ടിയെടുത്തത്. വരച്ചുതീർത്തത് നൂറുകണക്കിന് ചിത്രങ്ങൾ. കാൻവാസിൽ പകർത്തിയിരിക്കുന്ന ഓരോ ചിത്രവും ഒന്നിനൊന്ന് മികച്ചതാണെന്ന് കണ്ടവരുടെ അനുഭവസാക്ഷ്യം. ദുർഗ്രാഹ്യതയില്ലാത്ത നേർക്കുനേരുള്ള റിയലിസ്റ്റിക് രചനാ സങ്കേതമാണ് റുബീന പിന്തുടരുന്നത്.
സ്കൂൾ, കോളജ് പഠനകാലത്തുതന്നെ ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. കൂടാതെ കോളജ് തലത്തിൽ കായികരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. ടെന്നിസ്, വോളിബാൾ, ബാഡ്മിൻറൺ കളികളിൽ മികവ് പുലർത്തിയിരുന്നു. 1994 ബാച്ചിലെ കാലിക്കറ്റ് യൂനിവേഴ്സിറ്റി താരവും ബാൾ ബാഡ്മിൻറണിൽ ദേശീയ താരവുമായിരുന്നു.
ദമ്മാമിലെ സൗദി ഇലക്ട്രോണിക് യൂനിവേഴ്സിറ്റി പബ്ലിക് ഹെൽത്ത് വിഭാഗത്തിൽ െലക്ചററായ ഡോ. ഷമീൽ ആണ് ഭർത്താവ്. 12ാം ക്ലാസ് കഴിഞ്ഞ നേഹ നെഹാനും 11ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അർഷാനും മക്കളാണ്. തൃശൂർ ചാവക്കാട് സ്വദേശിനിയാണ് ഡോ. റുബീന. ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത് മൂവാറ്റുപുഴയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.