ഇന്ന് ലോക നാടകദിനം : ഇനിയും തിരിച്ചുവരുമോ ആ നാടക സന്ധ്യകൾ?
text_fieldsറിയാദ്: റിയാദിെൻറ സാംസ്കാരിക ഭൂമികയിൽ വസന്തത്തിെൻറ വരവറിയിച്ച നാടകസന്ധ്യകൾ ഇനിയും തിരിച്ചുവരുമോ? കഴിഞ്ഞ ഒരു ദശകം സജീവമായിരുന്ന നാടക്കക്കളരികൾക്ക് തിരശ്ശീല വീണിരിക്കുന്നു.
സാംസ്കാരിക പ്രവർത്തകരുടെയും നാടകക്കമ്പക്കാരുടെയും മനസ്സിൽ നൊമ്പരമുണർത്തുന്നതാണ് ആ ഓർമകൾ. കുഞ്ഞാലിമരക്കാർ മുതൽ ആയിരത്തിയൊന്നു രാവുകൾ വരെ ഇരുപതോളം പ്രഫഷനൽ നാടകങ്ങളാണ് വിവിധ സംഘങ്ങൾ അരങ്ങിലെത്തിച്ചത്. വീട്ടമ്മമാരും കൊച്ചുകുട്ടികളും മുതൽ പ്രഫഷനൽ കലാകാരന്മാർ വരെ അണിനിരന്നു ആ വേദിയിൽ.
നിനച്ചിരിക്കാതെ കോവിഡ് വന്നപ്പോൾ ഒരു ഷേക്സ്പിയർ നാടകത്തിെൻറ ദുരന്തപര്യവസാനം പോലെ പ്രവാസം കീഴ്മേൽ മറിയുകയായിരുന്നു. പലർക്കും തൊഴിൽ നഷ്ടമായി. കലാകാരികളിൽ അധികപേരും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് ചേക്കേറി. ബിസിനസ് രംഗത്തെ മാന്ദ്യം പ്രായോജകരെ നഷ്ടപ്പെടുത്തി.
അവശേഷിക്കുന്ന നാടക പ്രവർത്തകരാകട്ടെ, അനിശ്ചിതത്വങ്ങൾ നിറഞ്ഞ പ്രവാസത്തിെൻറ നിശ്ശബ്ദതയിൽ ലയിച്ചു. ജോലിയും ഭാവിയും സംബന്ധിച്ച കണക്കുകൂട്ടലുകൾക്കിടയിൽ നാടക സന്ധ്യകൾ തിരിച്ചുവരുമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. പാതിരാത്രികൾ പിന്നിടുന്ന റിഹേഴ്സൽ ക്യാമ്പുകളും അവിടെ പൂവിട്ട സൗഹൃദങ്ങളും ഓർക്കുമ്പോൾ അവരുടെ കണ്ണുകളിൽ ആവേശത്തിെൻറ തിരയിളക്കമാണ്; ഒപ്പം കാലത്തിെൻറ നിശ്ചലതയിൽ വേദനയും. നിതാഖാത്തും കോവിഡും വലിയ പ്രഹരമാണ് ഏൽപിച്ചതെന്ന് നടനും സഹൃദയനുമായ സലീം തലനാട് പറഞ്ഞു.
ഇനിയും ആ കാലം തിരിച്ചുവരാനുള്ള സാധ്യത വിദൂരമാണ്. എന്നാൽ, മനുഷ്യെൻറ വ്യഥകളും നോവുകളും തീവ്രമാവുന്ന സാഹചര്യത്തിൽ നാടകം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് താനെന്ന് നടനും ഫോട്ടോഗ്രാഫറുമായ നൗഷാദ് കിളിമാനൂർ പറഞ്ഞു. പ്രവാസലോകത്തെ നാടകപ്രവർത്തനങ്ങൾ നിരവധി കുടുംബങ്ങളുടെയും സുമനസ്സുകളുടെയും കൂടെയുള്ള സ്നേഹത്തിെൻറയും സഹവർത്തിത്വത്തിെൻറയും പ്രയാണമായിരുന്നുവെന്നു നടനും സാംസ്കാരിക പ്രവർത്തകനുമായ സായ്നാഥ് ഓർമിക്കുന്നു.
സൗദി അറേബ്യൻ സൊസൈറ്റി ഫോർ കൾച്ചർആൻഡ് ആർട്സ് തലവൻ നാടകം കാണാനെത്തിയതും ഗ്രൂപ്പിനെ ഒന്നടങ്കം ദമ്മാമിലേക്കു കൊണ്ടുപോയി അറബികളടങ്ങുന്ന പ്രേക്ഷകർക്ക് മുന്നിൽ നാടകം അവതരിപ്പിക്കാൻ അവസരം നൽകിയതും മറക്കാനാവാത്ത അനുഭവമാണെന്ന് നാടകപ്രവർത്തകനായ പ്രമോദ് തട്ടകം പറഞ്ഞു.
നാലു ചുമരുകൾക്കിടയിൽ കഴിഞ്ഞിരുന്ന തങ്ങൾക്ക് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അരങ്ങിലെത്തിക്കാനായെന്ന് റാണി ടീച്ചറും സാബിറാ ലബീബും പങ്കുവെക്കുന്നു.
റിയാദിലെ നാടക പ്രവർത്തനങ്ങളിപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് രംഗഭൂമിയെ ഉഴുതുമറിച്ച പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയൻ തിരുമന പറഞ്ഞു. എന്നാൽ, നാലഞ്ചു വർഷമായി നാട്ടിലെ കലാകാരന്മാർ കടുത്ത ദാരിദ്ര്യത്തിലും മുഴുപട്ടിണിയിലുമാണ്. രണ്ടു പ്രളയങ്ങൾ, കോവിഡ് മഹാമാരി തുടങ്ങിയ ദുരന്തങ്ങൾ വലിയൊരു പ്രതിസന്ധിയിലാണ് അകപ്പെടുത്തിയത്. കുറെപേർ കലാവേദികൾ വിട്ട് മറ്റു ജീവിതമാർഗം തേടിപ്പോയി, ഗൾഫ് സ്വപ്നങ്ങളും ഇരുളിലാണ്ടു. സർക്കാർ, സാംസ്കാരിക വകുപ്പ്, അക്കാദമി എന്നിവയുടെ ഒരു സാന്ത്വനംപോലും ലഭിച്ചില്ല. കലാകാരന്മാർ ആത്മഹത്യാ മുനമ്പിലാണെന്നും സമൂഹത്തിെൻറ സത്വരശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.