ദ്രാവിഡ ചിത്രരചനാ രീതിയിലുള്ള ചുമർ ചിത്രങ്ങളുമായി സിന്ധു ശ്രദ്ധേയയാകുന്നു
text_fieldsഅൽഖോബാർ: പാരമ്പര്യമോ ചിത്രരചനാ വൈഭവമോ തെല്ലുമില്ലാതെ കൊറോണക്കാലത്തൊരുനാൾ സമയം ചെലവഴിക്കാൻ വരച്ചു തുടങ്ങിയതാണ് സിന്ധു. വരകളിൽ നിറങ്ങൾ ചാലിച്ചു ചേർത്തപ്പോൾ അതിശയകരമായിരുന്നു മാറ്റം. പിന്നീട് അതൊരു സപര്യയായി. ഇന്ന് ഏതു ചിത്രവും കാൻവാസിൽ പകർത്താനും അവയിൽ ആകർഷമായ വർണങ്ങൾ മെഴുകി ചേർക്കാനും സിന്ധുവിനാകും. ഇതിനകം തന്നെ തെളിവാർന്ന അനേകം ചിത്രങ്ങൾ വരച്ച് തന്നിലെ ചിത്രകാരിയെ ശക്തിപ്പെടുത്തിക്കഴിഞ്ഞു ഈ വീട്ടമ്മ. എം.കോം ബിരുദ ധാരിയായ സിന്ധു 2007ലാണ് സൗദി ഖോബാറിലെ റാക്കയിൽ ഭർത്താവ് അരുണിനൊപ്പമെത്തിയത്. കൊറോണക്കാലത്ത് വീടിനു പുറത്തുപോകാൻ പറ്റാതെ വന്നപ്പോഴാണ് ചിത്രം വരക്കാൻ തീരുമാനിച്ചത്. കാലിഗ്രഫിയും മറ്റു പാരമ്പര്യ ചിത്ര രചനാ രീതികളും ധാരാളമായി കണ്ടുവരുന്ന പ്രവാസ ലോകത്ത് വ്യത്യസ്തതക്ക് വേണ്ടികൂടിയാണ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വരകൾ പരീക്ഷിക്കാമെന്ന് വെച്ചത്.
ക്ഷേത്ര കലയുമായി ബന്ധമുള്ള ദ്രാവിഡ ചിത്രരചനാ രീതിയിലുള്ള ചുമർ ചിത്രങ്ങളിലാണ് ഈ കലാകാരി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൃത്യമായ വര, നിറങ്ങളുടെ സങ്കലനം, അലങ്കാരങ്ങൾ തുടങ്ങിയവ ഏകാഗ്രഥയോടെ അപഗ്രഥിക്കേണ്ട ഒരു ചിത്രരചനാ രൂപമാണ് ഇത്. മ്യൂറൽ പെയിന്റിങ്ങുകൾ എന്നറിയപ്പെടുന്ന ഈ ചുമർചിത്രങ്ങൾ പുരാണങ്ങളെ ചിത്രീകരിക്കുന്നതും പുരാതന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും അലങ്കരിക്കുന്നതുമായ ഒന്നാണ്. കേരളത്തിലെ പഴയ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളിലെയും ചുവർചിത്രങ്ങൾ ദ്രാവിഡചിത്രരചനാ രീതിയുടെ പിന്തുടർച്ചയാണ്. ആന്ധ്രയിലെയും തമിഴ്നാട്ടിലെയും ചുമർചിത്രങ്ങളുടെ പ്രതലവുമായി കേരളീയ ചുമർചിത്ര പ്രതലങ്ങൾക്ക് നല്ല സാദൃശ്യമുണ്ട്. രാധയും കൃഷ്ണനും, ഗണപതി, ശ്രീബുദ്ധൻ, ദേവി, അയ്യപ്പൻ, സൂര്യൻ തുടങ്ങിയ ചിത്രങ്ങളാണ് സിന്ധു വരച്ചവയിൽ ഭൂരിപക്ഷവും. ആരാധനമൂർത്തികളായ ദേവീദേവന്മാരുടെയും, അവരുടെ ജീവിത സന്ദർഭങ്ങളുമാണ് മിക്കവാറും ചിത്രങ്ങൾ പ്രമേയമാക്കിയത്. ആദ്യം മുഖമാണ് വരച്ചുതുടങ്ങിയത്. പിന്നീട് ദൈവങ്ങളുടെ പൂർണകായ ചിത്രങ്ങൾ തയാറാക്കാൻ തുടങ്ങി.
ചുമർച്ചിത്രങ്ങളുടെ അഖ്യാനത്തിലും ആലേഖനത്തിലും ഒരു പ്രത്യേക ശൈലി സിന്ധു ആവിഷ്കരിച്ചിട്ടുണ്ട്. അവയുടെ രചനാ സങ്കേതങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയനാവും. ഉപയോഗിക്കുന്ന നിറക്കൂട്ടുകളുടെ സവിശേഷതയും ഇതിനൊരു കാരണമാണെന്ന് സിന്ധു പറയുന്നു. ചെറുപ്പത്തിൽ പാട്ട്, നൃത്തം, സ്പോർട്സ് എന്നിവയിലായിരുന്നു താൽപര്യം. മിലിട്ടറി ക്യാപ്റ്റൻ ആയിരുന്ന പിതാവ് വിക്രമനും മാതാവ് രുഗ്മിണിയുമാണ് ഗുരുസ്ഥാനീയർ. അച്ഛൻ പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുമായിരുന്നു. അമ്മയാകട്ടെ നൂലുപയോഗിച്ചു കലാസൃഷ്ടികൾ രൂപപ്പെടുത്തിയിരുന്നു. ശ്രീബുദ്ധനെയാണ് സിന്ധു ആദ്യമായ് ക്യാൻവാസിൽ പകർത്തിയത് . പ്രസിദ്ധ ചിത്രകാരി 'മനസ മ്യൂറൽസി'ലെ മഞ്ജുഷയുമായി ബന്ധപ്പെടുകയും വരച്ച ചിത്രങ്ങൾ അവരെ കാണിക്കുകയും ചെയ്തു. അവരുടെ കൂടി ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചാണ് ഇപ്പോൾ ചിത്രങ്ങൾ പൂർത്തിയാക്കുന്നത്. ചിത്രരചനക്കും നിറങ്ങൾ ചേർക്കുന്നതിനും ഒരു അളവും കണക്കുമെണ്ടെന്നാണ് സിന്ധു പറയുന്നത്. ചിത്ര രചന അഭ്യസിച്ചവർ അത് തുടരുന്നു.
താനാവട്ടെ കാര്യങ്ങൾ കഴിയുന്നത്ര തെറ്റുകൾ വരാതെ പഠിച്ചു ചെയ്യുന്നു. ക്യാൻവാസിൽ അക്രലിക് നിറങ്ങൾ ചലിച്ചു ചേർത്താണ് വരകൾ പൂർത്തിയാക്കുന്നത്. നാട്ടിൽനിന്നും സൗദിയിൽ നിന്നും ഇപ്പോൾ ഓർഡറുകൾ ലഭിക്കുന്നുണ്ട്. ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കിയ അഭിജിത്തും, ഏഴാം തരം വിദ്യാർഥിയായ അഭിനവും മക്കളാണ്. മക്കൾ കീബോർഡിലും വയലിനിലും ചിത്രരചനയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. നാട്ടിൽ പോയി നേരിട്ട് മ്യൂറൽ ചിത്രരചന കൂടുതൽ പഠിക്കണമെന്നാണ് സിന്ധുവിന്റെ ആഗ്രഹം. ഭർത്താവ് അരുൺ മുകുന്ദൻ കിഴക്കൻ പ്രവിശ്യയിൽ ബിസിനസ് മാനേജറായി ജോലി ചെയ്യുന്നു. രാജേഷ്, ബിന്ദു, സീമ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.